HomeNewsProtestഫീസ് പ്രശ്നം: കുറ്റിപ്പുറത്തെ കെ.എം.സി.ടി. പോളിടെക്‌നിക് അടിച്ചു തകർത്തു

ഫീസ് പ്രശ്നം: കുറ്റിപ്പുറത്തെ കെ.എം.സി.ടി. പോളിടെക്‌നിക് അടിച്ചു തകർത്തു

ഫീസ് പ്രശ്നം: കുറ്റിപ്പുറത്തെ കെ.എം.സി.ടി. പോളിടെക്‌നിക് അടിച്ചു തകർത്തു

കുറ്റിപ്പുറം: കെ.എം.സി.ടിയുടെ പോളിടെക്‌നിക് കോളേജിൽ എസ്.എഫ്.ഐ. നടത്തിയ സമരം അക്രമാസക്തമായി. കോളേജിലെ മൂന്ന് ബസുകളും പ്രിൻസിപ്പലിന്റെ കാറുമുൾപ്പെടെ അഞ്ച് വാഹനങ്ങൾ തകർത്തു. ജനൽച്ചില്ലുകളും വാതിലുകളും സി.സി.ടി.വി. കാമറകളും വിദ്യാർഥികൾ അടിച്ചുതകർത്തു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ഉച്ചയോടെയാണ് അക്രമാസക്തമായത്. കോളേജ് അധികൃതർ വിദ്യാർഥികളിൽനിന്ന് അമിതഫീസ് ഈടാക്കുന്നുവെന്നാരോപിച്ച് രാവിലെ ഒൻപതോടെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്.

കോളേജ് പ്രിൻസിപ്പലിന്റെ മുറിക്കുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ച വിദ്യാർഥികൾ പ്രിൻസിപ്പലിനെ പുറത്തുകടക്കാൻ അനുവദിച്ചില്ല. വളാഞ്ചേരി സി.ഐ കെ.എം. സുലൈമാന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും വിദ്യാർഥികളെ പിന്തിരിപ്പിക്കാനായില്ല. അമിതഫീസ് ഈടാക്കുന്നതായി ആരോപിച്ച് മാസങ്ങൾക്കുമുൻപ്‌ തുടങ്ങിയ സമരത്തിന്റെ തുടർച്ചയായിരുന്നു വെള്ളിയാഴ്ച നടന്നത്. പഠിപ്പുമുടക്കി സമരം തുടങ്ങിയ വിദ്യാർഥികൾ ഉച്ചയോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. പോലീസ് സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികൾ അക്രമം അഴിച്ചുവിട്ടത്.

ഇതിനിടെ സമീപത്തെ ആർട്‌സ് കോളേജിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അവിടത്തെ വിദ്യാർഥികളും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇതോടെ പോലീസ് ലാത്തിവീശി വിദ്യാർഥികളെ പിന്തിരിപ്പിച്ചാണ് രംഗം ശാന്തമാക്കിയത്. വിദ്യാർഥികളുടെ അക്രമസമരത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക്‌ അടച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!