HomeNewsFeaturedLong Termസുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു

സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു

pm-shameer-valanchery-subeera-farhath

സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു

വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പി.എം ഷമീറിൻ്റെ വികാരപരമായ പോസ്റ്റാണ് വായിച്ചവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതും. സുബീറ ഫർഹത്തിൻ്റെ കാണാതായതിന് 41 ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്വേഷണാവശ്യങ്ങൾക്കായി മകളുടെ സ്വകാര്യ വസ്തുക്കൾ അവശ്യപ്പെട്ട് ചെന്ന പോലീസുകാർക്ക് തൻ്റെ മകൾ മറ്റെവിടെയോ ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിൽ അവൾക്ക് വേണ്ടെതെല്ലാം കൊടുത്തുവിടുകയായിരുന്നുവത്രെ. ഏതൊരു മക്കളും വീട്ടിൽ നിന്ന് യാത്രപറഞ്ഞിറങ്ങിപോയതിനുശേഷം അവർ ഇനി ജീവനോടെ തിരിച്ചെത്തില്ല എന്ന് മാതാപിതാക്കൾ എങ്ങനെ ഉൾകൊള്ളുമെന്ന വേദനയും ആ വാക്കുകളിൽ കാണാം.
കുറിപ്പ് വായിക്കാം
*സുബീറ ഫർഹത്തിൻ്റെ തിരോധാനം* .
*ഒരു നൊമ്പരക്കാഴ്ച*
വളാഞ്ചേരി കഞ്ഞിപുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്. സുബീറ എന്ന പെൺകുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാൽപ്പതാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പോലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പോലീസുകാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത് തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കുവാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയിൽ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. തൻ്റെ മകൾ മണ്ണിൽ അലിഞ്ഞു ചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ വച്ചു പുലർത്താൻ പറ്റൂ..ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ😔


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!