HomeNewsPublic Issueസമയം നീട്ടിനല്‍കിയിട്ടും കടകള്‍ക്കടിയിലെ മാലിന്യം നീക്കിയില്ല

സമയം നീട്ടിനല്‍കിയിട്ടും കടകള്‍ക്കടിയിലെ മാലിന്യം നീക്കിയില്ല

സമയം നീട്ടിനല്‍കിയിട്ടും കടകള്‍ക്കടിയിലെ മാലിന്യം നീക്കിയില്ല

കുറ്റിപ്പുറം: കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിട്ടും കുറ്റിപ്പുറത്ത് ശുചിത്വം ഉറപ്പാക്കാന്‍ കാലതാമസം. അടിയന്തരമായി ശുചിത്വം ഉറപ്പുവരുത്തേണ്ട സാഹചര്യമുണ്ടായിട്ടും പ്രാദേശിക ഭരണകൂടം പ്രാധാന്യം നല്‍കുന്നത് കച്ചവടക്കാരുടെ താത്പര്യങ്ങള്‍ക്കാണെന്നാണ് ആക്ഷേപം.
മേഖലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും ശുചീകരണം പൂര്‍ണമായില്ല.
കോളറ ബാക്ടീരിയയുടെ സാന്നിധ്യംകണ്ടെത്തിയ ഓടകള്‍പോലും മുഴുവനായി ശുചീകരിച്ചിട്ടില്ല. ഓടകള്‍ക്കു മുകളില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണംകൊണ്ടുവരാനും അധികൃതര്‍ക്കായില്ല. കഴിഞ്ഞമാസം 23ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ കടകള്‍ക്കടിയിലെ മാലിന്യം നീക്കുന്നതിന് ഒരാഴ്ചകൂടി സമയം അനുവദിച്ചിരുന്നു.
നീട്ടിനല്‍കിയ സമയപരിധി കഴിഞ്ഞപ്പോഴും കടകള്‍ക്കടിയിലെ ഓടകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യത്തിന് ഇളക്കംസംഭവിച്ചില്ല. പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുമുമ്പ് ഒരു സമിതിയെ നിയോഗിച്ച് പരിശോധിക്കണമെന്ന് കഴിഞ്ഞ ഭരണസമിതിയോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അതിന് തയ്യാറാകാതെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് വക കെട്ടിടത്തില്‍ നിന്നുപോലും ശൗചാലയ മാലിന്യം ഓടകളിലേക്ക് ഒഴുക്കുന്നുണ്ടെന്ന് ആര്‍.ഡി.ഒ. നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ കണ്ടെത്തിയിരുന്നു. മാലിന്യങ്ങള്‍ ഓടകളിലേക്ക് ഒഴുക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമായിരുന്നെങ്കിലും പഞ്ചായത്തിന്റെ കെട്ടിടത്തില്‍നിന്നും മാലിന്യം ഓടകളിലേക്കുതന്നെയാണ് ഒഴുക്കുന്നത്.
ഓടകള്‍ക്കു മുകളിലെ സ്ലാബുകള്‍ മാറ്റിയപ്പോള്‍ മാലിന്യമൊഴുക്കുന്ന പൈപ്പുകള്‍ കണ്ടെങ്കിലും അവ അടയ്ക്കാന്‍പോലും തയ്യാറാകാതെ സ്ലാബുകള്‍ മൂടി. ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടാന്‍ അധികാരമുണ്ടെങ്കിലും അത്തരം നടപടികളിലേക്കൊന്നും പഞ്ചായത്തോ ആരോഗ്യവകുപ്പോ കടക്കുന്നില്ല. ഓടകള്‍ക്കു മുകളിലായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടും യാതൊന്നുമുണ്ടായില്ല.
പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ കടമുറികള്‍ വ്യാപകമായി പൊതുസ്ഥലം കൈയേറിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!