HomeNewsCrimeജില്ലാ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് 1.25 കോടി രൂപ തട്ടിയെടുത്ത സംഭവം; ക്രൈം ബ്രാഞ്ച് പരിശോധന ആരംഭിച്ചു

ജില്ലാ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് 1.25 കോടി രൂപ തട്ടിയെടുത്ത സംഭവം; ക്രൈം ബ്രാഞ്ച് പരിശോധന ആരംഭിച്ചു

crime-banner

ജില്ലാ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് 1.25 കോടി രൂപ തട്ടിയെടുത്ത സംഭവം; ക്രൈം ബ്രാഞ്ച് പരിശോധന ആരംഭിച്ചു

കുറ്റിപ്പുറം: ആറു കിലോയോളം മുക്കുപണ്ടം ബാങ്കിൽ പണയംവച്ച് 1.25 കോടി രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് പരിശോധന ആരംഭിച്ചു.

കേസ് അന്വേഷിക്കുന്ന മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു തട്ടിപ്പുനടന്ന എംഡിസി ബാങ്കിന്റെ കുറ്റിപ്പുറം ശാഖയിൽ പരിശോധന ആരംഭിച്ചത്.

തട്ടിപ്പിലെ പ്രധാന പ്രതി കുറ്റിപ്പുറം സ്വദേശി എടശ്ശേരി വിനോദ്‌കുമാർ (47) പലപ്പോഴായി എംഡിസി ബാങ്കിൽ പണയംവച്ചതിലെ ആറുകിലോയോളം മുക്കുപണ്ടങ്ങളാണു പരിശോധിക്കുന്നത്. പരിശോധന ഇന്നു പൂർത്തിയാകും. പണയംവച്ച ആഭരണങ്ങൾ വ്യാജമാണെന്ന് ഒരിക്കൽക്കൂടി പരിശോധിച്ച് ഉറപ്പുവരുത്തുകയും ഇവയുടെ കണക്കു രേഖപ്പെടുത്തുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.

പരിശോധനയ്ക്കുശേഷം മുഴുവൻ വ്യാജ ആഭരണങ്ങളും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുക്കും. മുക്കുപണ്ടങ്ങൾ പണയംവയ്ക്കാൻ ഉപയോഗിച്ച ബോണ്ടുകളും മറ്റു രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ആഭരണങ്ങളുടെ പരിശോധന പൂർത്തിയാക്കിയശേഷം അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്കു കടക്കും. കോയമ്പത്തൂരിലെ ആഭരണശാലയിൽ നിർമിച്ച, സ്വർണം പൂശി 916 മുദ്ര പതിപ്പിച്ച വ്യാജ ആഭരണങ്ങളാണു കൂട്ടുപ്രതികളുടെ സഹായത്തോടെ ബാങ്കുകളിൽ പണയംവച്ചിരുന്നത്.

2007 മുതൽ പണയംവച്ച ആഭരണങ്ങൾ തിരിച്ചെടുക്കാതെയാണു പ്രതി തുടർച്ചയായി എംഡിസി ബാങ്കിൽ തട്ടിപ്പുനടത്തിയത്. ബാങ്കിൽ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന കാരറ്റ് അനലൈസർ യന്ത്രത്തിനുപോലും തിരിച്ചറിയാൻ കഴിയാത്ത ആഭരണങ്ങളാണു തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. വിനോദ്‌കുമാറിനെയും ആഭരണങ്ങൾ നിർമിച്ചുനൽകിയ പാലക്കാട് സ്വദേശി ശശികുമാർ (41), വിനോദ്‌കുമാറിന്റെ കൂട്ടാളി പള്ളിപ്പുറം സ്വദേശി രാജേഷ് (40) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സംഭവം പുറത്തായതിനുശേഷം ബാങ്കിലെ മുൻ മാനേജരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മാനേജരുടെ മരണമടക്കം തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുള്ളത്. എംഡിസി ബാങ്കിന് പുറമേ കുറ്റിപ്പുറത്തെ ദേശസാൽകൃത ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നേരത്തേ കുറ്റിപ്പുറം പൊലീസ് അന്വേഷിച്ചിരുന്ന കേസ് നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണു ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ആഭ്യന്തര മന്ത്രിക്കു നിവേദനം നൽകിയിരുന്നു.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!