HomeNewsGeneralവെണ്ടല്ലൂരിലെ മണ്‍രൂപങ്ങള്‍ക്ക് അഞ്ഞൂറുവര്‍ഷത്തോളം പഴക്കം

വെണ്ടല്ലൂരിലെ മണ്‍രൂപങ്ങള്‍ക്ക് അഞ്ഞൂറുവര്‍ഷത്തോളം പഴക്കം

വെണ്ടല്ലൂരിലെ മണ്‍രൂപങ്ങള്‍ക്ക് അഞ്ഞൂറുവര്‍ഷത്തോളം പഴക്കം

തേഞ്ഞിപ്പലം: വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയം വെണ്ടല്ലൂരിലെ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തില്‍ കണ്ടെത്തിയ മണ്‍രൂപങ്ങള്‍ക്ക് 300 മുതല്‍ 500 വര്‍ഷംവരെ പഴക്കം. സ്ഥലത്ത് പരിശോധന നടത്തിയ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആബിദ് ഹുസൈന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് സംഘം പരിശോധന നടത്തിയത്. സ്ത്രീരൂപങ്ങളുടെ കേശാലങ്കാരം, ആഭരണങ്ങള്‍ എന്നിവ നാടുവാഴി കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്.
ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള മണ്‍രൂപങ്ങള്‍ പ്രദേശത്തുണ്ടായിരുന്ന ആന്തൂര്‍ നായര്‍ വിഭാഗമാണ് നിര്‍മിച്ചിരുന്നത്. ആണ്‍കുഞ്ഞുണ്ടാകാനായി ‘ കാളപ്പുറത്തേറിയ ഉണ്ണി ‘, പെണ്‍കുഞ്ഞുണ്ടാകാന്‍ ‘ ഏഴുകൂട്ടം ഉരി ‘ തുടങ്ങിയ രൂപങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി തെളിവുലഭിച്ചു. വിള നശിക്കാതിരിക്കാന്‍ കര്‍ഷകരും മണ്‍രൂപങ്ങള്‍ സമര്‍പ്പിച്ചിരിക്കാമെന്നാണ് നിഗമനം. പന്നി, കാള, പുലി തുടങ്ങിയ രൂപങ്ങളാണ് കൂടുതലായുള്ളത്.
യൂറോപ്യന്‍ അധിനിവേശത്തിനുമുമ്പ്, ബ്രാഹ്മണാധിപത്യം ഇല്ലാത്ത പ്രദേശമാകാം വെണ്ടല്ലൂരെന്നാണ് നിഗമനമെന്ന് ചരിത്രവിഭാഗം മേധാവി ഡോ. പി. ശിവദാസന്‍ പറഞ്ഞു. കൂടുതല്‍ രൂപങ്ങള്‍ കണ്ടെത്താനും വിശദമായ ചരിത്രപഠനം നടത്താനും സര്‍വകലാശാല ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!