HomeNewsPublic Issueസ്ഥലംകിട്ടാൻ ബുദ്ധിമുട്ട്; വളാഞ്ചേരിയിൽ റിങ് റോഡ് നിർമാണം എങ്ങുമെത്തിയില്ല

സ്ഥലംകിട്ടാൻ ബുദ്ധിമുട്ട്; വളാഞ്ചേരിയിൽ റിങ് റോഡ് നിർമാണം എങ്ങുമെത്തിയില്ല

valanchery-traffic

സ്ഥലംകിട്ടാൻ ബുദ്ധിമുട്ട്; വളാഞ്ചേരിയിൽ റിങ് റോഡ് നിർമാണം എങ്ങുമെത്തിയില്ല

വളാഞ്ചേരി: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു പരിഗണനയിലുള്ള റിങ് റോഡുകൾ, സ്ഥലം വിട്ടുകിട്ടാനുള്ള പ്രയാസംമൂലം മുടങ്ങുന്നു. സംസ്ഥാന സർക്കാർ റിങ് റോഡുകളുടെ വികസനത്തിന് ബജറ്റിൽ തുക വകയിരുത്തിയത് ലാപ്സാകാനും സാധ്യത. മൂച്ചിക്കൽ–കരിങ്കല്ലത്താണി, മീമ്പാറ–ഹൈസ്കൂൾ–വൈക്കത്തൂർ ബൈപാസുകളുടെ നവീകരണമാണ് പ്രശ്നത്തിലായത്. സംസ്ഥാന സർക്കാർ രണ്ടു വർഷം മുൻപ് ഈ റോഡുകളുടെ വികസനത്തിനു 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.

ദേശീയപാത മൂച്ചിക്കലിൽനിന്നു കരിങ്കല്ലത്താണിയിൽ ചേരുന്ന റോഡ് വീതികൂട്ടി, പട്ടാമ്പി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വളാഞ്ചേരി ടൗണിൽ എത്താതെ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റോഡ് വീതികൂട്ടാൻ തീരുമാനിച്ചത്. സ്ഥലം വിട്ടുകിട്ടുന്നതിനു പരിസരവാസികളുമായി നഗരസഭാധികൃതർ ചർച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.

കോഴിക്കോട് റോഡിൽ മീമ്പാറയിൽനിന്നു വളാഞ്ചേരി ഹൈസ്കൂൾ വഴി വൈക്കത്തൂരിലെത്തി പെരിന്തൽമണ്ണ റോഡിൽ എത്തുന്ന ബൈപാസ് റോഡും വീതി കൂട്ടേണ്ടതുണ്ട്. അവിടെയും സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച വിഫലമായതായി പറയുന്നു. പെരിന്തൽമണ്ണ ഭാഗത്തേക്കും കോഴിക്കോട്, തിരൂർ ഭാഗങ്ങളിലേക്കുള്ളവർക്കും നഗരത്തിലെത്താതെ യാത്ര തുടരാൻ ഈ ബൈപാസ് ഉപകാരപ്പെടും. വിട്ടുനൽകുന്ന സ്ഥലത്തിനു നിലവിലുള്ള വില നൽകണമെന്ന നിലപാടിലാണ് പ്രദേശത്തെ മിക്ക ഭൂഉടമകളുമെന്ന് വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന പറഞ്ഞു. വില നൽകിയാലും സ്ഥലം വിട്ടുനൽകില്ലെന്ന നിലപാടുള്ളവരുമുണ്ട്. അതേസമയം, സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിനാൽ റോഡ് വികസനം നീണ്ടുപോകാനാണ് സാധ്യത.

Content highlights: land acquisition valanchery ring road


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!