HomeGood Newsതീവണ്ടിയാത്രയ്ക്കിടെ നഷ്‌ടപ്പെട്ട സ്വർണവള ഉടമയ്ക്ക് കൈമാറി

തീവണ്ടിയാത്രയ്ക്കിടെ നഷ്‌ടപ്പെട്ട സ്വർണവള ഉടമയ്ക്ക് കൈമാറി

bangle-kuttippuram-railway

തീവണ്ടിയാത്രയ്ക്കിടെ നഷ്‌ടപ്പെട്ട സ്വർണവള ഉടമയ്ക്ക് കൈമാറി

കുറ്റിപ്പുറം : തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്കു തെറിച്ചുപോയ കുഞ്ഞു സ്വർണവള മൂന്നാംദിവസം ആ കുഞ്ഞു കൈകളിലേക്കുതന്നെ തിരികെയെത്തി. റെയിൽവേട്രാക്കിലെ കരിങ്കൽ കഷണങ്ങൾക്കിടയിൽനിന്ന്‌ ട്രാക്ക്മാൻ സുധീഷിനാണ് വള കിട്ടിയത്. അദ്ദേഹം അത് ഉദ്യോാഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി.
Ads
കോട്ടയം ക്രിക്കറ്റ് അക്കാദമിയിലെ പരിശീലക ജിനി ജോമോന്റെ മൂന്നുവയസ്സുള്ള മകൾ ഐലിൻ എൽസ ജോമോന്റെ വള ഡിസംബർ 31-നാണ് കോഴിക്കോട്ടുനിന്ന്‌ കോട്ടയത്തേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ജനൽക്കമ്പികൾക്കിടയിലൂടെ കൈ പുറത്തേക്കിട്ട് കളിക്കുമ്പോൾ കൈ വലിച്ചതിനിടയിലാണ് വള ഊരിത്തെറിച്ചുപോയത്. തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിൽവെച്ചാണ് വള നഷ്ടമായത്. വണ്ടി ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ ജിനി ജോമോൻ മകളുടെ വള നഷ്ടപ്പെട്ട വിവരം അവിടെയുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചു. ആർ.പി.എഫിന് പരാതിയും നൽകി. ആർ.പി.എഫ്. ഉടൻ വിവരം കുറ്റിപ്പുറം, തിരൂർ സ്റ്റേഷനുകളിലെ ട്രാക്ക്മാൻമാരെ അറിയിച്ചു. ജനുവരി ഒന്നിന് ട്രാക്ക്മാൻമാർ ട്രാക്കിന്റെ പരിസരങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും വള കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് രാവിലെ എട്ടിന് കുറ്റിപ്പുറത്തിനും ചെമ്പിക്കലിനും ഇടയിൽ ട്രാക്ക് പരിശോധന നടത്തുന്നതിനിടെയാണ് ട്രാക്ക്‌മാൻ സുധീഷ് സൂര്യപ്രകാശത്തിൽ സ്വർണവള തിളങ്ങുന്നതു കണ്ടത്. വള കിട്ടിയ വിവരം ഉടനെ ആർ.പി.എഫ്. ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ ജിനി ജോമോനെ വിവരമറിയിച്ചു.
bangle-kuttippuram-railway
ചൊവ്വാഴ്‌ച കുറ്റിപ്പുറം പോലീസ്‌സ്റ്റേഷനിൽവെച്ച് സുധീഷ് എസ്.ഐ. നിഖിലിന്റെ സാന്നിധ്യത്തിൽ ജിനി ജോമോന് വള കൈമാറുകയുംചെയ്തു. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ 14 വർഷമായി ട്രാക്ക്‌മാനായി ജോലിചെയ്തുവരുന്ന സുധീഷിന്റെ വീട് കുറ്റിപ്പുറം പോലീസ്‌സ്റ്റേഷനു സമീപത്താണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!