HomeNewsGeneralപുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്ത മാസം

പുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്ത മാസം

ration-card

പുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്ത മാസം

മലപ്പുറം: മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ കൈയില്‍ കിട്ടും.

ജൂണ്‍ ഒന്നുമുതല്‍ കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ പുതിയ കാര്‍ഡുകളുടെ വിതരണം ആരംഭിക്കും. കൊല്ലത്ത് തിങ്കളാഴ്ച മുതല്‍ നല്‍കും. റേഷന്‍ കടകള്‍ വഴിയാണ് ഇവയുടെ വിതരണം. ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. അടുത്ത ദിവസംമുതല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക പ്രകാരമാകും റേഷന്‍ വിതരണം.

25 പ്രവൃത്തി ദിവസങ്ങളിലായി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും. വിതരണ തീയതിയും സമയവും റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും.

പുതിയ കാര്‍ഡുകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ജൂലൈ ഒന്നുമുതല്‍ താലൂക്ക് സപ്ളൈ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. മുന്‍ഗണനാ വിഭാഗത്തിന് 50ഉം പൊതുവിഭാഗത്തിന് 100ഉം രൂപ വീതമാണ് കാര്‍ഡിന്റെ വില. പട്ടിക വര്‍ഗ വിഭാഗത്തിന് സൌജന്യമാണ്. യഥാസമയം കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് പുതിയ പട്ടിക പ്രകാരം റേഷന്‍ നല്‍കും. കാര്‍ഡ് ലഭിച്ചാല്‍ വിഹിതം കൈപ്പറ്റിയത് രേഖപ്പെടുത്തും. റേഷന്‍കടകള്‍ വഴി രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വിതരണം. കാര്‍ഡില്‍ പേരുള്ള ആര്‍ക്കും തിരിച്ചറിയല്‍ രേഖയുമായി കാര്‍ഡ് കൈപ്പറ്റാം. നിലവിലെ കാര്‍ഡിലെ മൂന്നാം പേജില്‍ ക്യാന്‍സല്‍ഡ് സീല്‍ പതിപ്പിക്കുന്നതോടൊപ്പം പുതിയ കാര്‍ഡിലെ 22-ാം പേജില്‍ റേഷന്‍ കാര്‍ഡിന്റെ വില കൈപ്പറ്റിയിരിക്കുന്നു എന്ന സീലും പതിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. വിതരണത്തിന് ഓരോ റേഷന്‍ കടകളിലും ജീവനക്കാര്‍ക്ക് ചുമതല നല്‍കും. തിരിമറികളുണ്ടായാല്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാകും ഉത്തരവാദി.
അന്തിമ പട്ടിക പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുകയും എന്നാല്‍ അന്വേഷണത്തില്‍ അനര്‍ഹരാണെന്ന് കണ്ടെത്തുകയുംചെയ്തവരുടെ കാര്‍ഡുകളില്‍ പൊതുവിഭാഗം എന്ന് രേഖപ്പെടുത്തും. മുന്‍ഗണനാ പട്ടികയിലുള്‍പ്പെടാന്‍ അപേക്ഷ നല്‍കിയവര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ കാര്‍ഡുകളുടെ റീ റാങ്കിങ് സമയത്ത് പട്ടികയിലുള്‍പ്പെടുത്തും.
2014 മാര്‍ച്ചിലാണ് മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്താന്‍ നടപടി തുടങ്ങിയത്. റേഷന്‍ കടകള്‍ മുഖേന അപേക്ഷാ ഫോറം വിതരണംചെയ്ത് ഫോട്ടോയെടുക്കല്‍ ക്യാമ്പ് നടത്തിയാണ് അപേക്ഷ സ്വീകരിച്ചത്. പട്ടികയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാല്‍ തെറ്റ് തിരുത്താന്‍ ഓണ്‍ലൈന്‍ വഴി അവസരം നല്‍കിയെങ്കിലും ലക്ഷ്യം കണ്ടില്ല. വീണ്ടും റേഷന്‍ കടകള്‍ വഴി തെറ്റുതിരുത്താനുള്ള അപേക്ഷ വിതരണംചെയ്ത് വാങ്ങിയശേഷമാണ് സി-ഡിറ്റ്, അക്ഷയ, കുടുംബശ്രീ എന്നിവയെ ഉപയോഗപ്പെടുത്തി ഡാറ്റ എന്‍ട്രി നടത്തിയത്.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!