HomeNewsPublic Issueആളെകൊല്ലിയായി വളാഞ്ചേരിയിലെ വേഗത്തടകൾ

ആളെകൊല്ലിയായി വളാഞ്ചേരിയിലെ വേഗത്തടകൾ

kuttippuram-kottakkal-highway

ആളെകൊല്ലിയായി വളാഞ്ചേരിയിലെ വേഗത്തടകൾ

വളാഞ്ചേരി: ദേശീയപാതയിലെ വേഗത്തട വരുത്തുന്ന അപകടങ്ങൾ വർധിക്കുന്നു. പാണ്ടികശാലയിൽ

ഇന്നലെ യുവാവിനു ജീവഹാനിയുണ്ടായ അപകടത്തിലും വില്ലൻ വേഗത്തടയാണെന്ന് പരാതിയുണ്ടായിരുന്നു. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ വേഗത്തടയ്ക്കു സമീപം എത്തുമ്പോൾ ബ്രേക്കിടാൻ ശ്രമിക്കുമ്പോൾ പിറകിലുള്ള വാഹനങ്ങൾ ഇടിച്ചാണ് അപകടം ഏറെയും. പാണ്ടികശാലയിൽ മൂന്നിടത്ത് വേഗത്തടകളുണ്ട്.

ഇവയുള്ള വിവരമറിയിച്ചുള്ള മുന്നറിയിപ്പു ബോർഡുകൾ വ്യക്തവുമല്ല. പാണ്ടികശാല അങ്ങാടിയിലുള്ള വേഗത്തടയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ അരഡസൻ അപകടങ്ങളുണ്ടായിട്ടുണ്ട്. ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ച് ഭാര്യ മരിച്ച സംഭവം മാസങ്ങൾക്കു മുൻപുണ്ടായി. ചെറുതും വലുതുമായ അപകടങ്ങൾ ഇടയ്ക്കിടെയുണ്ടാകുന്ന മേഖലയാണിത്. വളാഞ്ചേരി വട്ടപ്പാറ ഭാഗത്തും സമാന രീതിയിലുള്ള വേഗത്തടകളുണ്ട്.

കാവുംപുറം തോടിനു സമീപമുള്ള വേഗത്തടയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങൾ ഒട്ടേറെയാണ്. രണ്ടു വർഷം മുൻപ് ബൈക്ക് യാത്രികരായ ദമ്പതിമാരും മകളും പിറകിൽ ചരക്കുലോറിയിടിച്ചു മരിച്ച സംഭവമുണ്ടായി. പണികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാവു സഞ്ചരിച്ച ബൈക്കിൽ ബസിടിച്ചു മരിച്ചതും ഇവിടെത്തന്നെ. വട്ടപ്പാറ മേൽഭാഗത്തുള്ള വേഗത്തടയുടെ അവസ്ഥയും ഇതുതന്നെ. ഒന്നര ഡസൻ അപകടങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ അവിടെയുണ്ടായത്.

വ്യക്തമായ സൂചനാ ബോർഡുകൾ ഇല്ലാത്തതാണ് അപകടങ്ങൾ ഏറാൻ കാരണമെന്ന് ജനങ്ങളും ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു. ദേശീയപാത വഴി ‘പറക്കുന്ന’വാഹനങ്ങൾക്കു തടയിടാനാണ് ഒരു പ്രത്യേക സംവിധാനമെന്ന വിധം പാണ്ടികശാലയിലും വട്ടപ്പാറയിലും കാവുംപുറത്തുമെല്ലാം വേഗത്തടകൾ നിർമിച്ചത്. അത് ഉപകാരത്തെക്കാളധികം ഉപദ്രവമാകുന്ന സ്ഥിതിയിലാണിപ്പോൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!