റവന്യൂ മന്ത്രി അനിൽ കുമാർ ഇടപെട്ടു; വട്ടപ്പാറ സർവീസ് റോഡ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു

വളാഞ്ചേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വട്ടപ്പാറയിൽ സർവീസ് റോഡ് നിർമാണത്തിന് റവന്യൂ ഭൂമി വിട്ടുനൽകുന്നതിലുണ്ടായിരുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരമാകുന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പ്രാദേശിക ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വഴിത്തിരിവായത്.
വട്ടപ്പാറയിൽ സർവീസ് റോഡ് യാഥാർഥ്യമാക്കാത്തത് ജനങ്ങൾക്ക് വലിയ രീതിയിലുള്ള യാത്രാക്ലേശം സൃഷ്ടിച്ചിരുന്നു. വിഷയം ഗൗരവമായി എടുത്ത എം എൽ എ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇതിനു പുറമെ, കഴിഞ്ഞ ആഴ്‌ചയിൽ വളാഞ്ചേരി നഗരസഭ മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുസ്‌ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം സെക്രട്ടറി സലാം വളാഞ്ചേരി, ഡി സി സി സെക്രട്ടറി പി സി എ നൂർ എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരത്ത് നേരിട്ടെത്തി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി ചർച്ച നടത്തുകയും ചെയ്‌തിരുന്നു. തുടർന്നാണ് റവന്യൂ മന്ത്രിയുടെ ഭാഗത്തുനിന്ന് അതിവേഗത്തിലുള്ള നിർദേശമുണ്ടായത്.
മന്ത്രിയുടെ പ്രത്യേക ഉത്തരവിനെ തുടർന്ന് ഡെപ്യൂട്ടി കലക്ടർ അഖിൽ വട്ടപ്പാറയിൽ ദേശീയപാതക്ക് വിട്ടുകൊടുക്കേണ്ട റവന്യൂ ഭൂമി നേരിട്ടെത്തി സന്ദർശിച്ചു. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട വിശദമായ റിപോർട്ട് വരുന്ന തിങ്കളാഴ്‌ച തന്നെ സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
വളാഞ്ചേരി നഗരസഭ മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ, നഗരസഭ അംഗം മുജീബ് വാലാസി സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
