HomeNewsCrimeTheftകുറ്റിപ്പുറത്ത് ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് കശാപ്പിന് എത്തിച്ച രണ്ടുപേർ പിടിയിൽ

കുറ്റിപ്പുറത്ത് ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് കശാപ്പിന് എത്തിച്ച രണ്ടുപേർ പിടിയിൽ

Cow-theft-valanchery

കുറ്റിപ്പുറത്ത് ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് കശാപ്പിന് എത്തിച്ച രണ്ടുപേർ പിടിയിൽ

കുറ്റിപ്പുറം: പശുവിനെ മോഷ്ടിച്ച് കശാപ്പിനായി വിൽപ്പനയ്ക്ക് എത്തിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഉൾപ്പെടെ രണ്ടുപേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുളക്കാട് കൈപ്പള്ളി സ്വദേശി ഷാഹുൽ ഹമീദ് (41), പേരശ്ശന്നൂർ ഐവക്കാട് പറമ്പിൽ എ.പി. മധു (44) എന്നിവരാണ് പിടിയിലായത്. കുളക്കാട് കണ്ണാംപറമ്പ് സ്വദേശി കൊട്ടിലുങ്ങൽ ഇബ്രാഹിമിന്റെ പശുവിനെയാണ് ഇവർ മോഷ്ടിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കണ്ണാംപറമ്പിൽ നിന്ന് മോഷ്ടിച്ച പശുവിനെ പ്രതികൾ റെയിൽവേ പാളത്തിലൂടെ നടത്തിച്ച് കുറ്റിപ്പുറം ചെങ്ങണക്കടവിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് വാഹനത്തിൽ കയറ്റി മൂടാലിലേക്ക് കൊണ്ടുപോയി. പശുവിനെ അഴിച്ചുമാറ്റാൻ എത്തിയപ്പോഴാണ് ഉടമയായ ഇബ്രാഹിം മോഷണവിവരം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിവരം പ്രചരിപ്പിച്ചു.
തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ചെങ്ങണക്കടവിലെ സിസിടിവി ദൃശ്യങ്ങളിൽ പശുവുമായി രണ്ടുപേർ പോകുന്നത് കണ്ടെത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. മൂടാലിൽ കശാപ്പിനായി പശുവിനെ വിൽപ്പനയ്ക്ക് എത്തിച്ചപ്പോൾ നാട്ടുകാരിൽ ഒരാൾ വാഹനം പിന്തുടർന്ന് ഷാഹുൽ ഹമീദിനെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടാം പ്രതി മധുവിനെ വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ ക്രൂരമായ മർദ്ദനമേറ്റ് പശുവിന്റെ ശരീരത്തിൽ പാടുകളുണ്ടെന്ന് ഉടമ പറഞ്ഞു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിയിലായ ഷാഹുൽ ഹമീദിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം എസ്.എച്ച്.ഒ വി.കെ. അനിൽകുമാർ, എസ്.ഐമാരായ പ്രസന്നകുമാർ, സുധീർ, എസ്.സി.പി.ഒമാരായ ശ്യാം, ഡെന്നീസ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!