കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ റാഗിംഗും മർദ്ദനവും: 4 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കുറ്റിപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗും മർദ്ദനവും. സംഭവത്തിൽ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു.
കോളേജിലെ സീനിയർ വിദ്യാർത്ഥികളായ തലശ്ശേരി സ്വദേശി മുഹമ്മദ് അഫ്ഫാൻ എം. (20, തലശ്ശേരി), ഹനീൻ യാസ്സർ വി. (20, പെരിന്തൽമണ്ണ), മുഹമ്മദ് ജസ്സിം (20, കുറ്റ്യാടി), മുഹമ്മദ് ഷെഹ്‌സിൻ അസ്ലം വി. (20, കണ്ണൂർ) എന്നിവർക്കെതിരെയാണ് കേസ്.
ശനിയാഴ്ച (24/10/2026) ഉച്ചയ്ക്ക് 02:30-ഓടെ തവനൂർ റോഡ് ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥിയായ നെധൽ അക്തറിനെയും (18) സുഹൃത്തിനെയും പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു.
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പ്രതികളായ സീനിയേഴ്സിനെ നാട്ടുകാർ വഴക്കുപറഞ്ഞ് വിട്ടിരുന്നു. ഇത് നെധൽ വീഡിയോ പകർത്തി എന്നാരോപിച്ചും, ആ വിരോധം വെച്ചും പ്രതികൾ പരാതിക്കാരനെ കൈകൊണ്ട് അടിച്ചും കുത്തിയും പരിക്കേൽപ്പിക്കുകയും റാഗിംഗിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് (ക്രൈം നമ്പർ: 0736/2026) ഭാരതീയ ന്യായ സംഹിതയിലെ (BNS) തടഞ്ഞുവെക്കൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം കേരള റാഗിംഗ് നിരോധന നിയമത്തിലെ (Section 4) വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റിപ്പുറം എസ്.ഐ സുധീർ എൻ. കേസിൽ അന്വേഷണം നടത്തിവരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
