തൃക്കണ്ടിയൂരിലെ പരമ്പര മോഷണം: ഇടുക്കി സ്വദേശികളായ രണ്ട് പ്രതികളെ തിരൂർ പോലീസ് പിടികൂടി

തിരൂർ: തൃക്കണ്ടിയൂരിലെ ഹോട്ടലുകൾ, കടകൾ, സ്പെഷ്യൽ സ്കൂൾ, ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തി മുങ്ങിയ അന്തർജില്ലാ മോഷണസംഘത്തിലെ രണ്ട് പ്രതികളെ തിരൂർ പോലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം ചേരിയിൽ മുണ്ടൻമുടി സ്വദേശി അശ്വിൻ (22), ഇടുക്കി കഞ്ഞിക്കുഴി വടശ്ശേരിയിൽ വീട്ടിൽ ഡോൺ സണ്ണി (26) എന്നിവരെയാണ് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി തിരൂർ പോലീസ് തെളിവെടുപ്പ് നടത്തിയത്. മറ്റൊരു കവർച്ചക്കേസിൽ കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് തിരൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 24-ന് രാത്രിയിലാണ് തൃക്കണ്ടിയൂരിലെ വിവിധ സ്ഥാപനങ്ങളിൽ പരമ്പര മോഷണം നടന്നത്. തൃക്കണ്ടിയൂരിലുള്ള ‘ഹോട്ടൽ ഫ്രണ്ട്സ്’ എന്ന സ്ഥാപനത്തിന്റെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും, മേശയ്ക്ക് മുകളിലുണ്ടായിരുന്ന വിവിധ വിദേശ രാജ്യങ്ങളുടെ കറൻസികളും, നാണയങ്ങളും ഉൾപ്പെടെ 20,000 രൂപയോളം വിലവരുന്ന വസ്തുക്കളാണ് പ്രതികൾ കവർന്നത്. ഇതിന് പുറമെ തൊട്ടടുത്തുള്ള ‘ബാലു സൺസ്’ ബാർബർ ഷോപ്പ്, ‘ശ്രീ ഗണേഷ്’ ഹോട്ടൽ, എ.ഡബ്ല്യു.എച്ച് (AWH) സ്പെഷ്യൽ സ്കൂൾ, അമ്പലക്കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും പ്രതികൾ മോഷണം നടത്തിയിരുന്നു.മോഷണ വിവരമറിഞ്ഞ് തിരൂർ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പ്രദേശത്തെ പതിനഞ്ചിലധികം സിസിടിവി (CCTV) ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ക്യാമറ ദൃശ്യങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ച് സമീപത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ കൊല്ലത്ത് മറ്റൊരു മോഷണക്കേസിൽ പിടിയിലായ വിവരം അറിയുന്നത്.തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ നസീർ തിരൂർക്കാട്, രാജശേഖരൻ, സി.പി.ഒമാരായ വിജയ നന്ദു, ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
