വളാഞ്ചേരി കോതേതോട് പാലം വികസനം: നഗരസഭയും പൊതുമരാമത്ത് വകുപ്പും സംയുക്ത സന്ദർശനം നടത്തി

വളാഞ്ചേരി: നഗരവികസനത്തിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന സിറ്റി ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ ഭാഗമായി കോതേതോട് പാലം അധികൃതർ സന്ദർശിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയിൽ ചേർന്ന യോഗ തീരുമാനപ്രകാരമാണ് ഈ സന്ദർശനം.
വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ നീരജ് കുമാർ, ഓവർസിയർ മുസാഫർ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. പാലത്തിൻ്റെ നവീകരണത്തിനായി ആവശ്യമായ എസ്റ്റിമേറ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സമർപ്പിക്കും.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ ഈ പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതുവരെ യാതൊരുവിധ നവീകരണ പ്രവർത്തനങ്ങളും നടക്കാത്തതിനാലാണ് സിറ്റി ഇംപ്രൂവ്മെൻ്റ് പദ്ധതിയിൽ മുൻഗണന നൽകി പാലം വികസനം ഉൾപ്പെടുത്തിയത്. വളാഞ്ചേരിയുടെ നഗര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
