പൊതുസ്ഥലങ്ങളിലെ ഭീമൻ ഫ്ലക്സുകളും കൊടിതോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ നിർദ്ദേശം വളാഞ്ചേരി പോലീസ്

വളാഞ്ചേരി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നാളെ ആരംഭിക്കാനിരിക്കെ, പൊതുവഴികളിലും റോഡുകളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വിവിധ രാജ്യങ്ങളുടെ ഭീമൻ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ വളാഞ്ചേരി പോലീസ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ആതവനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകി.യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന രീതിയിലാണ് പലയിടങ്ങളിലും ഇത്തരം കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് വലിയ രീതിയിലുള്ള റോഡപകടങ്ങൾക്ക് കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ആരാധകർക്കിടയിലും വിവിധ പ്രാദേശിക ക്ലബ്ബുകൾക്കിടയിലും വാശിയും വിദ്വേഷവും ഉടലെടുക്കാൻ ഇത്തരം മത്സരസ്വഭാവമുള്ള ബോർഡുകൾ കാരണമായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ (സ്പെഷ്യൽ ബ്രാഞ്ച്) ഫീൽഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. പൊതുസ്ഥലങ്ങളിലെ ഇത്തരം അനധികൃത നിർമ്മിതികൾ അടിയന്തരമായി നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനം മുൻകൈ എടുക്കണമെന്നും, ഫ്ലക്സുകൾ മാറ്റുന്ന സമയത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ പോലീസ് സുരക്ഷ സ്റ്റേഷൻ പരിധിയിൽ ഉറപ്പാക്കുമെന്നും എസ്.എച്ച്.ഒ അറിയിച്ചു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
