HomeNewsObituaryപാനയാശാൻ പെരുമുക്ക് ഗംഗാധരൻ അന്തരിച്ചു: മലബാറിന്റെ അപൂർവ കലാവൈഭവത്തിന് തീരാനഷ്ടം

പാനയാശാൻ പെരുമുക്ക് ഗംഗാധരൻ അന്തരിച്ചു: മലബാറിന്റെ അപൂർവ കലാവൈഭവത്തിന് തീരാനഷ്ടം

alankode-gangadharan

പാനയാശാൻ പെരുമുക്ക് ഗംഗാധരൻ അന്തരിച്ചു: മലബാറിന്റെ അപൂർവ കലാവൈഭവത്തിന് തീരാനഷ്ടം

പെരുമുക്ക്: മലബാർ മേഖലയിലെ അപൂർവം ചില ക്ഷേത്രങ്ങളിൽ മാത്രം അനുഷ്ഠിച്ചുവരുന്ന ‘പാന’ വഴിപാടിലെ പ്രമുഖ വ്യക്തിത്വവും പ്രശസ്ത പാനയാശാനുമായിരുന്ന പെരുമുക്ക് കാരക്കാട് സ്വദേശി ഗംഗാധരൻ ആശാൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ കാരക്കാട് ഭഗവതി ക്ഷേത്രം, ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രം തുടങ്ങി മലബാറിലെ വളരെ ചുരുങ്ങിയ ക്ഷേത്രങ്ങളിൽ മാത്രം നടത്തിവരുന്ന പാന വഴിപാടിലെ പ്രധാനിയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് പ്രമുഖ പത്രങ്ങളുടെ സൺഡേ സപ്ലിമെന്റുകളിൽ വരെ കാരക്കാട് പാനയിൽ തിരിയുഴിഞ്ഞ് ചാടുന്ന ഗംഗാധരൻ ആശാന്റെ ചിത്രങ്ങളും വാർത്തകളും വന്നിട്ടുള്ളത് ഏറെ ശ്രദ്ധേയമായിരുന്നു. കഠിനമായ വ്രതശുദ്ധിയോടെ, അയ്യായിരത്തോളം വരികളുള്ള ഷഡ്പദങ്ങൾ (ഏകദേശം 4444 വരികൾ) പൂർണ്ണമായും മനഃപാഠമാക്കിയവർക്ക് മാത്രമേ ഈ പാന കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കൂ. പ്രശസ്ത പാനയാശാനായിരുന്ന തന്റെ പിതാവിൽ നിന്നാണ് അദ്ദേഹം ഈ അപൂർവ കലാവൈഭവം സ്വായത്തമാക്കിയത്.പാനയ്ക്ക് പുറമെ വാദ്യകലയിലും അസാമാന്യ പ്രതിഭയായിരുന്നു ഗംഗാധരൻ ആശാൻ. ഡബിൾ തായമ്പകകളിൽ അസാമാന്യ വേഗതയിലും താളത്തിലും കൊട്ടിക്കയറിയിരുന്ന അദ്ദേഹം, ഏതാനും വർഷങ്ങൾ മുൻപ് വരെ ക്ഷേത്രങ്ങളിൽ സജീവമായി ചെണ്ട കൊട്ടിയിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനും പരേതനുമായ കുട്ടൻ നായരും തായമ്പകയിലും പാനയിലും ഒരുപോലെ മികവ് തെളിയിച്ച പ്രശസ്തനായ പാനയാശാനായിരുന്നു. പരമ്പരാഗത കലകൾ അന്യംനിന്നുപോകാതിരിക്കാൻ കുട്ടൻ നായരുടെയും ഗംഗാധരൻ ആശാന്റെയും മക്കൾ ഇപ്പോൾ സജീവമായി രംഗത്തുണ്ട്. ക്ഷേത്രങ്ങളിൽ തായമ്പക, പഞ്ചവാദ്യം, പാന എന്നീ കലകളിൽ സജീവ പങ്കാളികളായ ഇവർ, നിരവധി ശിഷ്യർക്ക് ചെണ്ടമേളത്തിൽ പരിശീലനവും നൽകി വരുന്നു. ഈ കുടുംബത്തിന്റെ വാദ്യകലയോടുള്ള സമർപ്പണവും പുതിയ തലമുറയിലേക്ക് കലയെ കൈമാറാനുള്ള ശ്രമങ്ങളും വരുംതലമുറയ്ക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. മലബാറിന്റെ തനത് ആചാരങ്ങൾക്കും വാദ്യകലയ്ക്കും ഗംഗാധരൻ ആശാന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടറും, പ്രശസ്ത പഞ്ചവാദ്യ കലാകാരനുമായ സന്തോഷ് ആലംകോട്ൻ്റെ പിതാവാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!