പെരിന്തല്‍മണ്ണ നഗരസഭയുടെ സ്വന്തം ജൈവഅരി ‘ജീവനം’ വില്പനയ്ക്ക്
പെരിന്തല്‍മണ്ണ: സ്വന്തമായി നടത്തിയ ജൈവകൃഷിയിലെ അരി വില്പനക്കൊരുക്കി പെരിന്തല്‍മണ്ണ നഗരസഭ. നഗരസഭയുടെ ജൈവ ശുചിത്വ സുന്ദരനഗരം പദ്ധതിയായ ജീവനത്തിന്റെ കീഴിലാണ് ജൈവകൃഷിയിറക്കിയത്.
ഇതിലൂടെ ലഭിച്ച നെല്ലിന്റെ ഒരു വിഹിതമാണ് അരിയാക്കിയത്. പത്തുകിലോഗ്രാം വീതമുള്ള പ്രത്യേക പായ്ക്കറ്റിലാക്കിയാണ് വില്പന. 650 രൂപയാണ് ഒരു പായ്ക്കറ്റിന് വില. ഇതോടൊപ്പം മട്ടഅവില്‍ 500 ഗ്രാമിന് 35 രൂപ നിരക്കിലും വില്പനയ്ക്ക് തയ്യാറായി.

15 വര്‍ഷമായി തരിശായിക്കിടന്ന കരിങ്കറ കിള പാടശേഖരത്തിലെ 65 ഏക്കര്‍ സ്ഥലത്താണ് ജീവനം പദ്ധതിയില്‍ കൃഷിയിറക്കിയത്. നാടന്‍നെല്ലിനത്തില്‍പ്പെട്ട ഉമ വിത്താണ് കൃഷി ചെയ്തത്. ഈവര്‍ഷത്തെ വിളവില്‍ ഒരു വിഹിതം നെല്ലായി മില്ലുകള്‍ക്ക് നല്‍കി. കഴിഞ്ഞവര്‍ഷവും കൃഷി ചെയ്തുണ്ടാക്കിയ ജൈവ അരിക്ക് ആവശ്യക്കാരേറെയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരുവിഹിതം ഇത്തവണയും അരിയാക്കി വില്‍ക്കുന്നത്. ജൈവഅരിയുടെയും അവിലിന്റെയും വിപണന ഉദ്ഘാടനം ജീവനം സൊല്യൂഷന്‍ പ്രസിഡന്റ് ഷാന്‍സി നന്ദകുമാറില്‍നിന്ന് ഏറ്റുവാങ്ങി നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു.
ഉപാധ്യക്ഷ നിഷി അനില്‍രാജ്, നഗരസഭാംഗം പത്തത്ത് ആരിഫ്, കൃഷി ഓഫീസര്‍ മാരിയത്ത് കിബ്ത്തിയ, ജീവനം മാനേജര്‍ കെ. ജയന്‍, കര്‍ഷകരായ ടി. കൃഷ്ണന്‍കുട്ടി, സി. സത്താര്‍, കെ. ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൈവഅരി പെരിന്തല്‍മണ്ണ ടൗണ്‍ഹാളിന്റെ പിറകില്‍ കക്കൂത്ത് റോഡിലെ ജീവനം സൊല്യൂഷന്‍ ഓഫീസില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്- 7902314384, 9562916763.