HomeNewsSportsFootballഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി; സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി; സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

saaf-2023-india

ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി; സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ബെംഗളൂരു ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ കുവൈത്തിനായി അഞ്ചാം കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.
നിശ്ചിത സമയത്ത് ഷബൈബ് അൽ ഖൽദി 14–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കുവൈത്താണ് ലീഡെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് ലാലിയൻസുവാല ചാങ്തെ 38–ാം മിനിറ്റിൽ ഗോൾ മടക്കി. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ മുൻപ് സാഫ് കപ്പ് ജേതാക്കളായത്.
Ads
ഷൂട്ടൗട്ടിൽ ഇന്ത്യയ്‌ക്കായി കിക്കെടുത്ത സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാങ്തെ, സുഭാശിഷ് ബോസ് എന്നിവർ ലക്ഷ്യം കണ്ടു. നാലാമത്തെ കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ഷോട്ട് പുറത്തുപോയി. കുവൈത്ത് നിരയിൽ ആദ്യ കിക്കെടുത്ത മുഹമ്മദ് ദഹത്തിന്റെ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചപ്പോൾ, അഞ്ചാമത്തെ കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി. ഫവാസ് അൽ ഒട്ടയ്ബി, അഹമ്മദ് അൽ ദെഫിറി, അബ്ദുൽ അസീസ് നാജി, ഷബൈബ് അൽ ഖാൽദി എന്നിവർ ലക്ഷ്യം കണ്ടു.
saaf-2023-india
ഭുവനേശ്വറിൽ കഴിഞ്ഞമാസം നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ലബനനെ തോൽപിച്ച് കിരീടം നേടിയ ഇന്ത്യൻ സംഘത്തിന് ഇരട്ടി മധുരമാണ് ഈ വിജയം. ഫിഫ റാങ്കിങ്ങിൽ 100–ാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് ഈ വിജയത്തോടെ റാങ്ക് മെച്ചപ്പെടുത്താനാകും. മാത്രമല്ല, വരാനിരിക്കുന്ന ഏഷ്യൻ കപ്പിന് ആത്മവിശ്വാസം വർധിപ്പിക്കാനും ഈ കിരീടവിജയം സഹായിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!