കുറ്റിപ്പുറത്ത് വധശ്രമക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: വധശ്രമക്കേസിൽ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. ഇരിമ്പിളിയം കോട്ടപ്പുറം അമ്പാൾ പറവക്കൽ സ്വദേശി ഷാഹുൽ ഹമീദിനെയാണ് കുറ്റിപ്പുറം പേരശ്ശനൂരിലെ ഒരു കിണറിൽ വീണ നിലയിൽ കണ്ടെത്തിയത്.
കിണറ്റിൽ വീണ വിവരം അറിഞ്ഞെത്തിയ തിരൂരിലെ അഗ്നിരക്ഷാസേന മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഷാഹുൽ ഹമീദിനെ പുറത്തെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ വളാഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു. രാത്രിസമയത്ത് ഇയാൾ കുറ്റിപ്പുറത്ത് എത്തിയതെന്തിനാണെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. ലഹരി ഇടപാടിനായിരുന്നോ, മോഷണശ്രമത്തിനായിരുന്നോ എത്തിയതെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്.

2026 ഏപ്രിൽ 8-ന് വളാഞ്ചേരി പോലീസ് പരിധിയിൽ ടാങ്കർ ലോറിയെ പിന്തുടർന്ന് ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച കേസിലാണ് നിരവധി കേസുകളിൽ പ്രതിയായ ഷാഹുൽ ഹമീദ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരനും വ്ലോഗറുമായ നിയാസ് കൊട്ടാരം അടക്കം മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷാഹുൽ ഹമീദിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ കേസിലെ മുഴുവൻ പ്രധാന പ്രതികളും പോലീസ് വലയിലായതായി സൂചനയുണ്ട്.
വളാഞ്ചേരി എസ്.എച്ച്.ഒ ആനന്ദബാബുവിന്റെയും എസ്.ഐ നിർമ്മലയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 115(2), 126(2), 351(2), 308(4), 324(5), 110, 3(5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
