വളാഞ്ചേരി: സുരേഷ്‌ഗോപി എം.പി. കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ബുധനാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രത്തിലെത്തിയ എം.പിയേയും കുടുംബത്തേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.സി. ബിജു, മാനേജര്‍ അപ്പുവാരിയര്‍, സൂപ്രണ്ട് എം.വി. മുരളീധരന്‍, ക്ഷേത്രം ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പുണെയില്‍നിന്നുള്ള മടക്കയാത്രയിലാണ് അദ്ദേഹം ഇവിടെയെത്തിയത്. ആലത്തിയൂര്‍ ഹനുമാന്‍കാവിലും അദ്ദേഹം ദര്‍ശനം നടത്തി. ഹനുമാന് കുഴച്ച അവില്‍, വെള്ള അവില്‍, കദളിക്കുല എന്നിവ സമര്‍പ്പിച്ചു. പിന്നീട് ഗുരുവായൂരിലേക്ക് പോയി.

കാടാമ്പുഴ ക്ഷേത്രത്തിന് പിന്‍ഭാഗത്തുള്ള ചിറ ജലസംഭരണിയാക്കിമാറ്റാന്‍ ഇരുപതുലക്ഷം അനുവദിക്കുമെന്ന് സുരേഷ്‌ഗോപി എം.പി.പറഞ്ഞു.  പ്രധാനമന്ത്രിയുടെ പ്രസാദം പദ്ധതിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.