വളാഞ്ചേരി താമരക്കുളം പരിസരം അനാശാസ്യ കേന്ദ്രമാകുന്നതായി പരാതി; നാട്ടുകാർ ആശങ്കയിൽ

വളാഞ്ചേരി: വളാഞ്ചേരി ഹൈസ്കൂളിന് സമീപമുള്ള താമരക്കുളവും പരിസര പ്രദേശങ്ങളും സാമൂഹിക വിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും താവളമാകുന്നതായി നാട്ടുകാരുടെ പരാതി. വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്ന സംഘങ്ങൾ ഈ പ്രദേശങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പതിവായിരിക്കുകയാണ്. നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഈ പരിസരങ്ങളിലെ ഓരോ ഇടങ്ങളും ഇപ്പോൾ ‘ലവ് മുക്കുകളായി’ മാറിയിരിക്കുകയാണ്.
പ്രത്യേകിച്ച് വൈകുന്നേരം മൂന്ന് മണിക്ക് ശേഷം പുറംനാടുകളിൽ നിന്ന് പോലും നിരവധി വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ് ഇവിടെ തമ്പടിക്കുന്നത്. താമരക്കുളവും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
നമ്മുടെ പെൺമക്കളും ആൺകുട്ടികളും ഇവിടെ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യമാണ് നാട്ടുകാർ ഇപ്പോൾ ഉയർത്തുന്നത്. സ്കൂൾ അധികാരികളും രക്ഷിതാക്കളും ഇനിയെങ്കിലും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. വരുംതലമുറയെ ലഹരിയുടെയും അനാശാസ്യങ്ങളുടെയും വഴിയിലേക്ക് തള്ളിവിടാതിരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായേ തീരൂ.
പോലീസിന്റെ ശക്തമായ പെട്രോളിംഗും ഇടപെടലുകളും, അതോടൊപ്പം തന്നെ നാട്ടുകാരുടെ ജനകീയ കൂട്ടായ്മകളും ഈ പ്രദേശത്ത് രൂപപ്പെടേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ മയക്കുമരുന്ന് മാഫിയകളുടെയും മറ്റ് സാമൂഹിക വിരുദ്ധരുടെയും പിടിയിലേക്ക് ഈ പ്രദേശം പൂർണ്ണമായും വഴിമാറുമെന്ന ഭീതിയിലാണ് നാട്ടുകാർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
