കോടതി വിധി; ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം പാരമ്പര്യ ട്രസ്റ്റി ഏറ്റെടുത്തു

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുമായി ബന്ധപ്പെട്ട് ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രഭരണം മലബാർ ദേവസ്വം ബോർഡ് നിയമിച്ച എക്സിക്യൂട്ടിവ് ഓഫീസർ എം. വേണുഗോപാലിൽ നിന്നും പാരമ്പര്യ ട്രസ്റ്റി എം.സി ശ്രീധരവർമ്മ രാജാ ഔദ്യോഗികമായി ഏറ്റെടുത്തു. ക്ഷേത്രം തന്ത്രി പന്തലകുടത്ത് മന നാരായണൻ നമ്പൂതിരി, മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, Adv.വിജയ കുമാർ (High Court) എന്നിവരുടേയും, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ള പ്രമുഖ വ്യക്തികളുടെയും ഭക്തജനങ്ങളുടെയും കുടുംബാംഗങ്ങളുടേയും ജീവനക്കാരുടേയും സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയായത്.
ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മലബാർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി (സ്പെഷ്യൽ ലീവ് പെറ്റീഷൻ) സുപ്രീം കോടതി തള്ളിയിരുന്നു.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ട്രസ്റ്റി സ്ഥാനവും അവകാശങ്ങളുമായി ബന്ധപ്പെട്ട് വള്ളുവനാട് രാജവംശം പ്രതിനിധി എം.സി. ശ്രീധര വർമ്മ രാജ നൽകിയ ഹർജിയിൽ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ട്രസ്റ്റിക്ക് കൈമറണമെന്ന് 2026 മെയ് മാസത്തിൽ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ദേവസ്വം ബോർഡ് കമ്മീഷണർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെ ഹൈക്കോടതി വിധി പൂർണ്ണമായും നിലനിൽക്കുകയാണ് ഉണ്ടായത്.
ബ്രഹ്മചാരിണി ജ്യോതിർമയാമൃത ചൈതന്യ (മാതാ അമൃതാനന്ദമയി മഠം, അങ്ങാടിപ്പുറം), കെ ദാമോദരൻ, മുരളീധരൻ (ഹിന്ദു ഐക്യവേദി), മലയരാജാവ്, തിരുമാന്ധാംകുന്ന് ക്ഷേത്ര നാമജപ കൂട്ടായ്മ തുടങ്ങിയവർ ഭരണം ഏറ്റെടുത്തതിന് ശേഷം ട്രസ്റ്റിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ പങ്കെടുത്ത പ്രമുഖരും പൊതുജനങ്ങളും ഈ ചരിത്രപരമായ തീരുമാനത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. ചടങ്ങിന് മുന്നോടിയായി ഭക്തരുടെ നാമജപ പ്രദക്ഷിണവും നടന്നിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
