സ്വകാര്യതയിലേക്ക് കയറുന്നവർ അറിയാൻ, ‘മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം പിഴയും’

അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കിടെ ദൃശ്യങ്ങൾ പകർത്താൻ ഓൺലൈൻ മാധ്യമങ്ങൾ കാണിച്ച അമിതാവേശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ സലീം കുമാറിന്റെ മകനും നടനുമായ ചന്തു രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോയും, നിർമ്മാതാവ് സുപ്രിയ മേനോന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെയുള്ള നിയമവശങ്ങൾ വ്യക്തമാക്കി കേരള പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ് മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
