യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; തിരൂരിൽ 2 പേർ പിടിയിൽ

തിരൂർ: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും, അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിയാപുരം ആൽബസാർ കോർമൻ കടപ്പുറം സ്വദേശി മൂസാന്റെ പുരക്കൽ സാദിഖ് (32), കെ.പുരം പട്ടരുപറമ്പ് സ്വദേശി പാലേരി ഫാസിൽ (32) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാസം 10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലത്തിയൂരിലെ ഒരു ക്ലബ്ബിലിരിക്കുകയായിരുന്ന യുവാവിനോട് പ്രതികൾ സുഹൃത്തിനെ കാണിച്ചുതരാൻ ആവശ്യപ്പെട്ടു. എന്നാൽ സുഹൃത്തിനെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ, പ്രതികൾ യുവാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണും അതിന്റെ ലോക്ക് നമ്പറും ബലമായി കൈക്കലാക്കി. പോലീസിൽ പരാതി നൽകിയാൽ വധിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.പിന്നീട് യുവാവിന്റെ മൊബൈലിലുണ്ടായിരുന്ന സ്വകാര്യ ഫോട്ടോകൾ പ്രതികൾ ഇൻസ്റ്റഗ്രാം വഴി ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. ഇതേത്തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സാദിഖിനെ തിരൂരിലെ ഒരു ലോഡ്ജിൽ നിന്നും, ഫാസിലിനെ കെ.പുരത്തെ സ്വന്തം വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ സാദിഖ് താനൂർ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ പി. മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, നസീർ തിരൂർക്കാട്, എ.എസ്.ഐ സനോജ്, എസ്.സി.പി.ഒമാരായ ഇന്ദ്രജിത്ത്, ഷെമിത്ത് ലാൽ, സി.പി.ഒമാരായ ടോണി, അനന്തു, ഷിൻസൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
