പെരിന്തൽമണ്ണയിൽ കൈവിലങ്ങുമായി ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ലഹരിമരുന്ന് കേസ് പ്രതി കൈവിലങ്ങോടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് ഓടി രക്ഷപ്പെട്ടത്.
19 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് ഇന്നലെ വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യാനായി കൊണ്ടുവരുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജയിലിന് പുറത്തുള്ള ഒരു ഹോട്ടലിൽ വെച്ച് പ്രതിക്ക് ഭക്ഷണം കഴിക്കാനായി പോലീസ് ഒരു കയ്യിലെ വിലങ്ങ് അഴിച്ചു നൽകിയിരുന്നു. ഈ സമയം പോലീസുകാരുടെ ശ്രദ്ധമാറിയ അവസരം മുതലെടുത്ത് അമീർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പിന്നാലെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കായി മലപ്പുറം ജില്ലാ പോലീസ് കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
