കുറ്റിപ്പുറത്ത് ക്ഷേത്ര വളപ്പിലെ ഗാനമേളക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഗാനമേളക്കിടെയുണ്ടായ കത്തികുത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. മാത്തൂർ ശിവക്ഷേത്രത്തിലെ ശിവരാത്രി പ്രമാണിച്ച് നടന്ന ഗാനമേളക്കിടെ രണ്ടുപേരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ നരിപ്പറമ്പ് സ്വദേശി അയ്യപ്പൻ കളത്തിൽ യഹിയ, അതളൂർ സ്വദേശി വലിയ വളപ്പിൽ മുബഷിർ, നരിപ്പറമ്പ് സ്വദേശി വളവത്ത് വളപ്പിൽ ശ്രീരാഗ് എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. പോലീസിന്റെ കൃത്യമായ അന്വേഷണവും സൈബർ സെല്ലിന്റെ സഹായവുമാണ് ഒ:ഇവിൽ കഴിഞ്ഞ പ്രതികളെ സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ വഴിയൊരുക്കിയത്. യഹിയയെ കോയമ്പത്തൂരിൽ നിന്നും മുബഷിർ, ശ്രീരാഗ് എന്നിവരെ നരിപ്പറമ്പിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 15ന് ശിവരാത്രി പ്രമാണിച്ച് മാത്തൂർ ശിവക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടെയാണ് കേസിനാസ്പദമായ സംഭവം.
പരിപാടിക്കിടെ രണ്ടുപേരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നാം പ്രതിയായ യഹിയ സംഭവം കഴിഞ്ഞ ഉടൻ തൃശൂരിലേക്ക് പോയ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ
നൗഫൽ കെ, എസ്.ഐ കെ.എസ്. സുധീർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ഫെബ്രുവരി 17ന് കോയമ്പത്തൂരിൽ തിരച്ചിൽ ശക്തമാക്കി. കോയമ്പത്തൂർ കേന്ദ്രീകരിച്ച് അമ്പതോളം ലോഡ്ജുകളിൽ നടത്തിയ പരിശോധനക്കൊടുവിൽ ഒന്നാം പ്രതിയുടെ സാന്നിധ്യം കണ്ടെത്താനായെങ്കിലും ആദ്യം പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് ലോഡ്ജ് രജിസ്റ്റർ പരിശോധിക്കുന്നതിനിടയിൽ നരിപ്പറമ്പ്,പൊന്നാനി സ്വദേശികളുടെ അഡ്രസ്സ് ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദരായ യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് യഹിയയെ പിടികൂടാനായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റു രണ്ട് പ്രതികളുടെ ഒളിവിടത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെയും പോലീസ് പിടികൂടി. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡാൻസാഫ് എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ ഹൈഡ്രിൻ കർവാലിയ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘത്തെ തിരൂർ ഡിവൈഎസ്പി എ.എം സിദ്ദീഖ് അഭിനന്ദിച്ചു. നിരവധി കേസുകളിലെ പ്രതികളെ പിടികൂടുന്നതിൽ എസ്.ഐ കെ.എസ്. സുധീറിന്റെ അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
