HomeNewsMeetingവളാഞ്ചേരിയിൽ നഗരവികസനത്തിന് 50 കോടി പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

വളാഞ്ചേരിയിൽ നഗരവികസനത്തിന് 50 കോടി പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

Pk-basheer-valanchery-sep-2026

വളാഞ്ചേരിയിൽ നഗരവികസനത്തിന് 50 കോടി പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

വളാഞ്ചേരി: പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി നഗര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആവശ്യപ്രകാരം വളാഞ്ചേരി നഗരസഭയിൽ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
വികസന പദ്ധതികൾക്കായി സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കോ മുൻകൂറായി ഭൂമി ലഭ്യമാകുന്ന പ്രവൃത്തികൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ പൊതുജനങ്ങളുടെയും തദ്ദേശ ഭരണകൂടങ്ങളുടെയും ജനപ്രതിനിധികളുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Pk-basheer-valanchery-sep-2026
പ്രധാന പാലങ്ങളുടെ നിർമ്മാണം
കൊടുമുടി തിരുവേഗപ്പുറ പാലം, കാവുംപുറം വല്ലടിച്ചിറ പാലം, കേതേതോട് പാലം, ഓണിയിൽ പാലം, കൊട്ടാരം പാലം എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റോഡ് വികസനവും വീതികൂട്ടലും
    • വളാഞ്ചേരി – പട്ടാമ്പി റോഡ് നാല് വരി പാതയായി വികസിപ്പിക്കും.
    • മൂച്ചിക്കൽ ഓണിയിൽപാലം മുതൽ കൊളമംഗലം വരെയുള്ള റിംഗ് റോഡിന്റെ ഡിസൈനിംഗ് പൂർത്തിയായിട്ടുണ്ട്, ഇത് ഉടൻ സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
    • ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച് വളാഞ്ചേരി ജംഗ്ഷൻ നവീകരിക്കും.
    • വളാഞ്ചേരി – അങ്ങാടിപ്പുറം റോഡിൽ കൊളമംഗലം മുതൽ വളാഞ്ചേരി വരെയും, കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ മുതൽ ഓണിയിൽ പാലം വരെയും റോഡുകൾ വീതികൂട്ടും.
    • മൂച്ചിക്കൽ – കാർത്തല ചുങ്കം റോഡ്, മീമ്പാറ – ഹൈസ്കൂൾ – വൈക്കത്തൂർ റോഡ്, മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ്, കഞ്ഞിപ്പുര – കാടാമ്പുഴ റോഡ്, കാവുംപുറം കക്കൻചിറ റോഡ്, മൂടാൽ കാവുംപുറം കാടാമ്പുഴ റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വീതി ലഭിക്കുന്ന മുറയ്ക്ക് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും.

ഫ്ലൈ ഓവർ സാധ്യതയും പുതിയ ട്രാഫിക് യൂണിറ്റും
ടൗണിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാൻ റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയെ നിയോഗിക്കും. സമിതി റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. കൂടാതെ, വളാഞ്ചേരിയിൽ പുതിയ ട്രാഫിക് യൂണിറ്റ് അനുവദിക്കുന്നതിനായി എം.എൽ.എ സമർപ്പിച്ച പ്രൊപ്പോസലിൽ വേഗത്തിൽ നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.
യോഗത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ വി. മധുസൂദനൻ, ബഷീർ രണ്ടത്താണി, നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, വൈസ് ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ, ടി.കെ. ആബിദലി, പി. രാജൻ മാസ്റ്റർ, മുഹമ്മദലി നീറ്റുകാട്ടിൽ, സി. ദാവൂദ് മാസ്റ്റർ, സി.കെ. നാസർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷ്‌റഫ് അമ്പലത്തിങ്ങൽ, ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർമാരായ ടി.പി. അബ്ദുൽ ഗഫൂർ, മുജീബ് വാലാസി, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ. മുഹമ്മദലി, കെ. ഷാജഹാൻ എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!