വെയിൽ കനത്തു: കുറ്റിപ്പുറം ബ്ലോക്ക് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുന്നു
വളാഞ്ചേരി ∙ വെയിലിനു കാഠിന്യമേറി; കുംഭചൂടിൽ കുറ്റീപുറം ബ്ലോക്കിലെ ജലക്ഷാമം രൂക്ഷതയിലേക്ക്.
വളാഞ്ചേരി നഗരസഭാപ്രദേശങ്ങളിലും എടയൂർ, ഇരിമ്പിളിയം, തിരുവേഗപ്പുറ, ആതവനാട് പഞ്ചായത്തുകളിലും ജനം ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിൽ. കിഴക്കൻമേഖലയിൽ നെൽക്കൃഷിയും വാഴക്കൃഷിയും വേണ്ടത്ര വെള്ളം കിട്ടാതെ പ്രതിസന്ധിയിലാണ്. ഇരിമ്പിളിയം, കാട്ടിപ്പരുത്തി, പുറമണ്ണൂർ, വെണ്ടല്ലൂർ, ചെമ്പ്ര ഭാഗങ്ങളിൽ മകരക്കൊയ്ത്തു വരൾച്ചമൂലം വൈകിയാണ് തുടങ്ങിയത്.
തൂത, നിള നദികളിൽ ജലനിരപ്പ് താണതോടെ കൈത്തോടുകളും മറ്റു ജലസ്രോതസ്സുകളും അടിനിരപ്പിലെത്തിയതും കൃഷിയെ ദോഷകരമായി ബാധിച്ചു. വളാഞ്ചേരി നഗരസഭയിലും ഇരിമ്പിളിയം പഞ്ചായത്തിലും, ഇരിമ്പിളിയം ത്വരിത ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി മുഖേന ജലവിതരണം നടക്കുന്നുവെങ്കിലും ഇത് എത്രകാലം നിലനിൽക്കുമെന്ന ആശങ്കയിലാണ് ജനം. തൂതപ്പുഴയിൽ മേച്ചേരിപ്പറമ്പിനടുത്ത് ഇടിയറക്കടവിലാണ് പദ്ധതിയുടെ കിണറും പമ്പ്ഹൗസുമുള്ളത്.
കിണറിലെ ജലനിരപ്പ് താഴ്ചയിലെത്തിത്തുടങ്ങി. കിണർവെള്ളം നിലനിർത്താൻ നാട്ടുകാർ തടയണ കെട്ടിയെങ്കിലും പുഴ ഇടമുറിഞ്ഞത് നീരൊഴുക്കിനെ ബാധിച്ചു. ഭാരതപ്പുഴയിലും തൂതപ്പുഴയിലുമുള്ള ജലസേചന പദ്ധതികളുടെ സ്ഥിതിയും ദയനീയമാണ്. വേണ്ടത്ര വെള്ളം എത്തിക്കാൻ പദ്ധതികൾക്കാവുന്നില്ല. ചെറുകിട ശുദ്ധജലവിതരണ പദ്ധതികളുടെ പ്രവർത്തനവും ഭാഗികമാണ്. പൊതുകിണറുകൾ നന്നാക്കാനും കുളങ്ങൾ ചെളിവാരി നവീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇനിയും തയാറാവാത്തതും ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here