HomeTravelപുതുവത്സരത്തോടനുബന്ധിച്ച് പാഞ്ചാലിമേടില്‍ ഗൈഡഡ് ട്രക്കിംഗും ഓഫ്‌റോഡ് ജീപ്പ് സവാരിയും

പുതുവത്സരത്തോടനുബന്ധിച്ച് പാഞ്ചാലിമേടില്‍ ഗൈഡഡ് ട്രക്കിംഗും ഓഫ്‌റോഡ് ജീപ്പ് സവാരിയും

panchalmedu

പുതുവത്സരത്തോടനുബന്ധിച്ച് പാഞ്ചാലിമേടില്‍ ഗൈഡഡ് ട്രക്കിംഗും ഓഫ്‌റോഡ് ജീപ്പ് സവാരിയും

വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയും നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിരേകിയും പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ച്ചയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. സഞ്ചാരികളെ വരവേല്ക്കാന്‍ മികച്ച പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പ്, ടോയ്‌ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ എന്നിവയെല്ലാം ക്രമീകരിച്ചിരിക്കുന്നു. പ്രകൃതി മനോഹരമായ മലനിരകളും കോടമഞ്ഞും അലങ്കരിക്കുന്ന പാഞ്ചാലിമേട്ടില്‍ നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്.

ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കിയുടെ പഴയകാല ഓര്‍മ പുതുക്കുന്ന ഏറുമാടം സഞ്ചാരികള്‍ക്ക് ഫോട്ടോ എടുക്കുവാനും കയറുവാനും ഏറെ പ്രിയപ്പെട്ടതാണ്. വിനോദ സഞ്ചാര കേന്ദ്രമെന്നതിനു പുറമെ മഹാഭാരതവുമായി ബന്ധപ്പെട്ട് പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ടണ്‍്. പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതപ്പെടുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമന്‍ ഗുഹയും ഈ ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് ഈ പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരു വരാന്‍ കാരണമെന്നും കരുതപ്പെടുന്നു. പാഞ്ചാലിമേടിന്റെ മറ്റൊരു പ്രത്യേകത തീര്‍ത്ഥാടന പ്രാധാന്യമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണുവാന്‍ കഴിയും. മകരവിളക്ക് ദിവസം മാത്രം ഭക്തജനങ്ങളടക്കം അയ്യായിരത്തിലധികം പേരാണ് മകരവിളക്ക് നേരിട്ട് ദര്‍ശിക്കുന്നതിനായി ഇവിടെയെത്തുന്നത്. കുന്നുകളാല്‍ ചുറ്റപ്പെട്ട ഇവിടെ ഒരു കുന്നില്‍ ശ്രീ ഭുവനേശ്വരീദേവിയുടെ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. മൂന്നര കോടി രൂപയോളം ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് ആദ്യ ഘട്ടമായി നടന്നത്.

സാഹസിക യാത്രയ്ക്ക് യോജിച്ച സ്ഥലമായതിനാല്‍ ട്രക്കിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി പാഞ്ചാലിമേടിന്റെ തന്നെ ഭാഗമായ ഭീമന്‍ഗുഹയിലേക്ക് ഗൈഡഡ് ട്രക്കിംഗ് സൗകര്യമേര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഡി.റ്റി.പി.സി. പ്രധാന പോയിന്റില്‍ നിന്നും അര കിലോമീറ്റര്‍ മണ്‍ വഴിയിലൂടെ വേണം ഭീമന്‍ ഗുഹയിലെത്താന്‍. ടൂറിസ്റ്റ് ഗൈഡും സഞ്ചാരികളെ ഇവിടേക്ക് അനുഗമിക്കും. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ക്രിസ്തുമസ് -പുതുവത്സരം മുന്‍നിര്‍ത്തി വരുന്ന ക്രിസ്തുമസിന് ഗൈഡഡ് ട്രക്കിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.റ്റി.പി. സി സെക്രട്ടറി ജയന്‍.പി.വിജയന്‍ പറഞ്ഞു. ഇതോടൊപ്പം പാഞ്ചാലിമേടും അനുബന്ധ പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിനായി ഓഫ് റോഡ് ജീപ്പ് സവാരിയും ഏര്‍പ്പെടുത്തും.

പാഞ്ചാലിമേട് രണ്‍ണ്ടാം ഘട്ട വികസന ഭാഗമായി പാഞ്ചാലിയുടെ ശില്പം, ബോട്ടിംഗ് ഉള്‍പ്പെടെ നടത്താവുന്ന ചെക്ക്ഡാം, സൗരോര്‍ജവിളക്കുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള പദ്ധതി രൂപീകരിച്ചു വരുന്നു. കോട്ടയം – കുമളി റോഡില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വളഞ്ഞാംകാനത്തു നിന്നും വലത്തോട്ടുള്ള റോഡില്‍ നാലു കിലോമീറ്റര്‍ ഉളളിലോട്ടു മാറി സ്ഥിതി ചെയ്യുന്നതിനാല്‍ ടൗണിന്റെ തിരക്കുകള്‍ ബാധിക്കാതെ സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാകും.

കഴിഞ്ഞ മെയ് മാസത്തില്‍ ടൂറിസം വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പാഞ്ചാലി മേട്ടിലെ പൂര്‍ത്തീകരിച്ച ആദ്യ ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ഈ കാലയളവില്‍ ഒരു ലക്ഷത്തില്‍പരം ആളുകളാണ് പാഞ്ചാലിമേട് സന്ദര്‍ശിച്ചത്. ഇതിലൂടെ 12 ലക്ഷത്തോളം രൂപയുടെ വരുമാനം ടൂറിസം വകുപ്പിന് ലഭിച്ചു. പത്തു രൂപയാണ് പാഞ്ചാലിമേട്ടിലെ പ്രവേശന പാസ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആസ്വാദ്യകരമായ വിനോദ സഞ്ചാരകേന്ദ്രമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.

മകരവിളക്ക് ദര്‍ശനത്തിന് പാഞ്ചാലിമേട്ടില്‍ എത്തുന്നവര്‍ക്കായി കുടിവെള്ളം, വെളിച്ചം, ടോയ്‌ലറ്റ് സംവിധാനം, പാര്‍ക്കിംഗ് സൗകര്യം, അനൗണ്‍സ്‌മെന്റ് സംവിധാനം തുടങ്ങിയവ സജ്ജീകരിക്കുമെന്ന് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു പറഞ്ഞു. പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടണ്‍ും റോഡിന്റെ വശങ്ങള്‍ തെളിച്ചുള്ള സ്ഥലത്തും പാര്‍ക്കിംഗ് ക്രമീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു. മകരവിളക്ക് ദിനമായ ജനുവരി 14 ന് പാഞ്ചാലിമേട്ടിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി.വിജയന്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!