വളാഞ്ചേരിയിൽ തെരുവുനായ വിളയാട്ടം: അഞ്ചുപേർക്ക് കടിയേറ്റു

വളാഞ്ചേരി: നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ഭീതി രൂക്ഷമാകുന്നു. വഴിപോക്കരും വീട്ടമ്മമാരും ഉൾപ്പെടെ അഞ്ചുപേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈക്കത്തൂർ സ്വദേശിയായ ഫാത്തിമ ബൈക്ക് യാത്രക്കിടെയാണ് ആക്രമിക്കപ്പെട്ടു. കയ്യിനും കാലിലും കടിയേറ്റു. പിക്കപ്പ് വാൻ നിർത്തി പുറത്തിറങ്ങിയപ്പോളാണ് കമ്മുട്ടിക്കുളം സ്വദേശി പി.ടി അൻവറിന് കടിയേറ്റത്. കുടുംബവീടിന് പുറത്ത് നിൽക്കുമ്പോഴാണ് മാളവിക അക്രമമുണ്ടായത്. കിഴപ്പനങ്ങാട് ബേബിക്ക് വീടിന്റെ അടുക്കളഭാഗത്ത് ജോലി ചെയ്യുന്നതിനിടെ കടിയേറ്റു. ബേബിയുടെ അയൽവാസി രാധക്കും കടിയേറ്റു. വീടിന്റെ പരിസരത്ത് നിൽക്കുന്നവർക്കും വാഹനയാത്രക്കാർക്കും നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് നായയുടെ ആക്രമണമുണ്ടായത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ബേബിയെ ഓടിയെത്തിയ നായ കയ്യിൽ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രദേശത്തെ മറ്റുള്ളവർക്കും കടിയേറ്റത്. പരിക്കേറ്റവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം അസഹനീയമായിരിക്കുകയാണ്. വളാഞ്ചേരി നഗരത്തിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയ്ക്കാണ് വഴിമാറുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
