HomeNewsLaw & Orderതദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം

തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം

high-court

തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം

കൊച്ചി :തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി വനിതാ – പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതി ഇടപെടുന്നത് ഇലക്ഷൻ പ്രക്രിയയെ ബാധിക്കുമെന്നാരോപിച്ച് ഇലക്ഷൻ കമ്മിഷനും സംസ്ഥാന സർക്കാരും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
എന്നാൽ, അദ്ധ്യക്ഷ പദവി സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും ,റൊട്ടേഷൻ ഉറപ്പാക്കണമെന്നുമുള്ള ഭരണഘടനാ വ്യവസ്ഥ പാലിച്ചില്ലെന്നു പരാതിയുള്ളവർക്ക് ഇലക്ഷനു ശേഷം ചോദ്യം ചെയ്യാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ,സംവരണത്തിൽ നിലവിലെ സ്ഥിതി തുടരാം.തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കി നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കണമെന്ന് നവംബർ 16 നാണ് സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയാണ് സംവരണമെന്നും വിലയിരുത്തിയിരുന്നു. തുടർന്നാണ് സംവരണം പുന: ക്രമീകരിക്കാൻ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ ഈ കേസിൽ ഇടപെട്ടതു ഉചിതമായില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പു നടപടികൾ തടസപ്പെടുത്താതെ സംവരണം പുന: ക്രമീകരിക്കാനാവില്ല. ഇതു ഭരണഘടനാ വ്യവസ്ഥകൾക്കും പൊന്നുസ്വാമി കേസിലെ സുപ്രീം കോടതി വിധിക്കും വിരുദ്ധമാണ്. അദ്ധ്യക്ഷ പദവിയുടെ സംവരണം പുന: ക്രമീകരിക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്.പഞ്ചായത്ത്, നഗരസഭാ ഭരണസമിതിയംഗങ്ങളെയും അദ്ധ്യക്ഷരെയും തിരഞ്ഞെടുക്കാനുള്ള അധികാരം ഇലക്ഷൻ കമ്മിഷനാണ്. അദ്ധ്യക്ഷ പദവിയുടെ സംവരണത്തിൽ പരാതി ഉന്നയിക്കാൻ സമയം നൽകേണ്ടതായിരുന്നു. ഭാവിയിൽ ഇതു പാലിക്കണം. സംവരണം 50 ശതമാനത്തിൽ കൂടിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. ഇക്കാര്യം വീണ്ടും ഉന്നയിക്കാൻ തടസമില്ലെന്നും വിഷയം പിന്നീടു പരിഗണിക്കുമ്പോൾ ഇൗ വിധിയിലെ പരാമർശങ്ങൾ ബാധകമാകരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!