വളാഞ്ചേരി നഗരസഭയിൽ പി.എം. സ്വനിധി ലോക് കല്യാൺ വായ്പ മേള സംഘടിപ്പിച്ചു; ഇപ്പോൾ അപേക്ഷിക്കാം, അറിഞ്ഞിറിക്കേണ്ടവ ഇവ

വളാഞ്ചേരി: പി.എം. സ്വനിധി പദ്ധതിയുടെ ഭാഗമായി തെരുവ് കച്ചവടക്കാർക്കും കുടുംബശ്രീ സൂക്ഷ്മ സംരംഭകർക്കും വേണ്ടി വളാഞ്ചേരി നഗരസഭയും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി ലോക് കല്യാൺ വായ്പ മേള സംഘടിപ്പിച്ചു. വളാഞ്ചേരി ടൗൺ ഹാളിൽ നടന്ന മേള നഗരസഭ വൈസ് ചെയർപേഴ്സൺ കെ. വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
*90,000 രൂപ വരെ വായ്പ*
15000, 25000, 50000 രൂപ എന്നിങ്ങനെ 3 ഘട്ടങ്ങളിലായി പരമാവധി 90,000/- രൂപ വരെയാണ് വായ്പ. നഗരസഭ പരിധിയിൽ കച്ചവടം ചെയ്യുന്ന തെരുവ് കച്ചവടക്കാർക്കും അസംഘടിത സംരംഭകർക്കും അപേക്ഷിക്കാം. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ വായ്പ അനുവദിക്കൂ. കൃത്യസമയത്ത് തിരിച്ചടക്കുന്നവർക്ക് 7% പലിശ സബ്സിഡിയും ക്യാഷ്ബാക്കും ലഭിക്കും.
പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ ഇൻഷുറൻസ്, 40 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം 3000/- രൂപ വരെ ലഭിക്കുന്ന പി.എം. ശ്രം യോഗി മൻധൻ പെൻഷൻ, 50,000 രൂപ വരെയുള്ള ക്രെഡിറ്റ് കാർഡ് എന്നിവയുൾപ്പെടെ 8 സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേരാനും അവസരമുണ്ട്.
*അപേക്ഷിക്കേണ്ട രേഖകൾ*
ആധാർ, ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ, ബാങ്ക് പാസ്ബുക്ക്, വോട്ടർ ID, റേഷൻ കാർഡ്, ഫോട്ടോ, ഉദ്യം/കുടുംബശ്രീ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വാർഡ് കൗൺസിലറുടെയോ സി.ഡി.എസ്. ചെയർപേഴ്സന്റെയോ ശുപാർശയോടെ നഗരസഭാ ഓഫീസിൽ അപേക്ഷ നൽകണം.
മേളയിൽ കേരള ഗ്രാമീണ ബാങ്ക്, കാനറാ ബാങ്ക്, SBI, IOB, പോസ്റ്റൽ ബാങ്ക്, സാമ്പത്തിക സാക്ഷരത കേന്ദ്രം, അക്ഷയ എന്നിവയുടെ കൗണ്ടറുകൾ ഉണ്ടായിരുന്നു.
കൗൺസിലർമാരായ കെ. പി. അബ്ദുൽ റസാഖ്, സക്കീന, ടി. പി. അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്റഫ് ടി.പി. സ്വാഗതവും സിറ്റി മിഷൻ മാനേജർ സുനിൽ പി.കെ. വിഷയാവതരണവും സി.ഡി.എസ്. ചെയർപേഴ്സൺ ഹൈറുന്നിസ ടി.കെ. നന്ദിയും പറഞ്ഞു.
തെരുവ് കച്ചവടക്കാരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരികയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഉദ്ഘാടകൻ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
