മുഖ്യമന്ത്രി പദം: ലീഗിന്റെ പിന്തുണ സതീശന്? എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ആളുകളുടെ അഭിപ്രായമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി മുസ്ലീംലീഗ്. എക്സിറ്റ് പോളുകളിൽ സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത്. ജനവികാരം പരിഗണിച്ചാവും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും എക്സിറ്റ് പോളുകൾ ആത്മവിശ്വാസം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസിലാക്കുന്നവരല്ലേ. എക്സിറ്റ് പോളുകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. യുഡിഎഫ് വിജയമാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു’- സാദിഖലി തങ്ങൾ പറഞ്ഞു.മുൻകാലങ്ങളിൽ മുസ്ലിം ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ അടക്കം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലീഗിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും പുറത്തുനിന്നുള്ള ആരും ലീഗിന്റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.ഇന്നലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എട്ട് സർവ്വേ ഫലങ്ങളിൽ ഒന്നുപോലും ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിക്കുന്നില്ല.ബി.ജെ.പി.യുടെ എൻ.ഡി.എ ഇത്തവണ സംപൂജ്യരാവില്ലെന്നും പ്രവചനം.ഏറ്റവും കുറഞ്ഞത് 70 സീറ്റും പരമാവധി 90 സീറ്റുമാണ് വിവിധ സർവേകളിലായി യു.ഡി.എഫിന് പറയുന്നത്. എൽ.ഡി.എഫിന് 49 മുതൽ 69വരെ സീറ്റുകൾ കിട്ടിയേക്കും എന്നും എക്സിറ്റ് പോളുകൾ പറയുന്നു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
