HomeNewsIncidentsകോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു

കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു

ponmala-split

കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു

കോട്ടയ്ക്കൽ ∙ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിൽ ഭൂമി വിള്ളൽ പ്രതിഭാസം. 70 മീറ്റർ നീളത്തിലാണ് ഭൂമി രണ്ടായി പിളർന്നത്. പറമ്പിൽ മേയുകയായിരുന്ന ആട്ടിൻകുട്ടി ഭൂമിക്കടിയിൽപോയി. സമീപത്തെ ആൾത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂർണമായും വിണ്ടുകീറിയതോടെ വീട്ടുകാർ ഭീതിയിലാണ്. നാലുവർഷം മുൻപാണ് പ്രദേശത്ത് ഭൂമിയിൽ വിള്ളൽ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം ‌വിളളൽ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോൾ വീടു പൊളിച്ചുനീക്കാനായിരുന്നു നിർദേശം. പിന്നീട് വീടുപൊളിച്ച് അവരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി.
earth-split
പകരം വീടുനിർമിക്കാൻ സർക്കാർ കനിഞ്ഞതുമില്ല. ആ പറമ്പിലാണ് ഇപ്പോൾ നീളത്തിൽ ഭൂമി വിണ്ടുകീറിക്കൊണ്ടിരിക്കുന്നത്. ആഴം എത്ര‌യുണ്ടെന്ന് വ്യക്തമല്ല. വിണ്ടുകീറിയ ഭൂമിയുടെ ഒരു വശം റോഡാണ്. പറമ്പിൽ മേയുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച പരുത്തിക്കുന്നൻ സമദിന്റെ ആട്ടിൻകുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും വിഫലമായി. ഇന്നലെവരെ ആട്ടിൻകുട്ടിയുടെ കരച്ചിൽ ഭൂമിക്കടിയിൽനിന്ന് കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതിനു സമീപത്തെ പൊട്ടംചോല റഹീമിന്റെ വീടിന്റെ ഇടതുവശം പൂർണമായി വിണ്ടുകീറി.
ponmala-split
വീട് ഒരുവശം ചെരിഞ്ഞാണു നിൽക്കുന്നത്. റഹീമിന്റെ ഭാര്യയും നാലുകുട്ടികളും വിണ്ടുകീറിയ വീട്ടിലാണ് താമസം. ഏതുസമയവും വീട് പൂർണമായും നിലംപൊത്താമെന്ന ‌അവസ്ഥയിലാണ്. വിള്ളൽ ശക്തമാകുന്നതിന്റെ സൂചനയായി ഭൂമിക്കടിയിൽനിന്ന് പലപ്പോഴും ശബ്ദം കേൾക്കാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. വിണ്ടുകീറിയ വീട്ടിൽ ഭീതിയോടെയാണ് അവർ കഴിയുന്നത്. സമീപത്ത് കുഴൽക്കിണർ ധാരാളമുള്ളതാണ് കാരണമെന്നാണ് അധികൃതർ നേരത്തേ കണ്ടെത്തിയത്. എന്നാൽ, ഇതുസംബന്ധിച്ചു വിശദമായ പഠനം നടന്നില്ല. ഭൂമി പിളർന്നുമാറുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!