HomeTechnologyകൂടുതൽ സേവനങ്ങളുമായി ‘അക്ഷയ ലൈവ്’ വരുന്നു

കൂടുതൽ സേവനങ്ങളുമായി ‘അക്ഷയ ലൈവ്’ വരുന്നു

കൂടുതൽ സേവനങ്ങളുമായി ‘അക്ഷയ ലൈവ്’ വരുന്നു

മലപ്പുറം: വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ തുറന്ന അക്ഷയയുടെ പുതിയ സംരംഭത്തിന് മലപ്പുറത്ത് തുടക്കമാകുന്നു. പതിവ് സാങ്കേതിക സേവനങ്ങൾക്കുപരിയായി അടിസ്ഥാന ആവശ്യങ്ങൾക്ക‌് ആശ്രയിക്കാവുന്ന അക്ഷയ ലൈവ് എന്ന വെബ്‌സൈറ്റാണ‌് മറ്റൊരു മലപ്പുറം മാതൃകയായി അക്ഷയ ജില്ലാ പദ്ധതി വിഭാഗം അവതരിപ്പിക്കുന്നത്. വിൽപ്പനക്കുള്ള സ്ഥലത്തിന്റെ വിവരം, ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാനുള്ള വിവരം, ഇലക്ട്രോണിക്‌സ്, ഫർണിച്ചർ, വാടക വീട്, സേവനങ്ങളുടെ വിവരം, വിവാഹ പരസ്യം, ജോലിസാധ്യത, മൊബൈൽസ്, ഓട്ടോ–-ടാക്‌സി, ടൂറിസം പാക്കേജ‌്, കൃഷി തുടങ്ങി വാങ്ങാനും വിൽക്കാനുമുള്ള വിവരങ്ങളും മറ്റ‌് പൊതു സേവനങ്ങളും അക്ഷയ ലൈവിൽ പോസ്റ്റ് ചെയ്യാം.

ഗുണഭോക്താവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഈ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ഏതൊരാൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ ഇതിൽ പരസ്യം ചേർക്കാം. അക്ഷയ ലൈവിന്റെ ഉദ്ഘാടനം ശനിയാഴ്ച ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കലക്ടർ ജാഫർ മാലിക് നിർവഹിക്കും. 2002 നവംബർ 18ന് രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമാണ് അക്ഷയ നാടിന‌് സമർപ്പിച്ചത്. കംപ്യൂട്ടർ സാക്ഷരത നൽകാൻ ആരംഭിച്ച അക്ഷയ വിജയകരമായതോടെ സർക്കാർ പദ്ധതിയെ സംസ്ഥാന വ്യാപകമാക്കുകയായിരുന്നു.

ജില്ലയിൽ താഴെത്തട്ടിലുള്ള എല്ലാവിധ പരസ്യങ്ങളും, കുടിൽ വ്യവസായംമുതൽ എല്ലാ വിവരങ്ങളും നൽകാൻ സാധിക്കുമെന്നതാണ് ‘അക്ഷയ ലൈവി’ന്റെ പ്രത്യേകതയെന്ന് അക്ഷയ ജില്ലാ പ്രോജക്ട‌് മാനേജർ മെവിൻ വർഗീസ‌് പറഞ്ഞു.
പദ്ധതി വിജയകരമായാൽ മലപ്പുറത്തിന്റെ സംഭാവനയായി ജില്ലയുടെ അമ്പതാം വാർഷികത്തിൽ മറ്റൊരു മുതൽക്കൂട്ടായി സംസ്ഥാനത്തുടനീളം മാതൃകയാക്കി വ്യാപിപ്പിക്കാനാണ‌് പദ്ധതി ലക്ഷ്യമിടുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!