HomeNewsGood Samaritanപള്ളിയിൽ പോയി പറഞ്ഞു; സത്യവാണിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് മഹല്ല് കമ്മറ്റി

പള്ളിയിൽ പോയി പറഞ്ഞു; സത്യവാണിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് മഹല്ല് കമ്മറ്റി

sathyavani-nursing

പള്ളിയിൽ പോയി പറഞ്ഞു; സത്യവാണിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് മഹല്ല് കമ്മറ്റി

മങ്കട: പള്ളിയിൽ പോയി പറയുക എന്നത് ഒരു വെറും വാക്കല്ല എന്നു തെളിയിച്ചിരിക്കുകയാണ് പുഴക്കാട്ടിരി മഹല്ല് കമ്മറ്റി. സത്യവാണിയുടെ ഉപരി പഠനച്ചെലവുകൾ ഏറ്റെടുത്ത് പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി മാതൃകയാകുന്നു. മഹല്ല് പരിധിയിലെ കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി.രമേഷിന്റെ മൂത്ത മകൾ സത്യവാണിയുടെ ബിഎസ്‌സി നഴ്‌സിങ് പഠനച്ചെലവുകളാണ് മസ്ജിദ് കമ്മിറ്റി ഏറ്റെടു‌ത്തത്. മംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളജിലാണ് ഒരു ലക്ഷം രൂപ വാർഷിക ഫീ അടിസ്ഥാനത്തിൽ സത്യവാണി പഠനത്തിന് ചേർന്നത്. പഠനമാരംഭിച്ച ആദ്യ വർഷത്തിൽത്തന്നെ പിതാവ് രമേഷ് രോഗംബാധിച്ച് മരിച്ചു.
sathyavani-nursing
രമേഷിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങളുടെ കടവും ബാങ്ക് ലോണുകളും കുടുംബം എടുത്തിരുന്നു. ഇതിനിടെ സത്യവാണി കോളജ് ഫീസിന്റെ ഗഡു അടയ്ക്കേണ്ട അവധി തെറ്റി. കോളജ് അധികൃതർ പുറത്താക്കൽ മുന്നറിയിപ്പു നൽകി. സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരൻ വിഘ്‌നേഷും സഹായംതേടി ഒട്ടേറെ ആളുകളെ സമീപിച്ചു. സാമ്പത്തിക ഞെരുക്കം പറഞ്ഞ് പലരും കൈമലർത്തി. ഒടുവിൽ സത്യവാണിയുടെ കയ്യുംപിടിച്ച് ശാന്ത പള്ളിക്കമ്മറ്റിയെ സമീപിച്ചു. ശാന്തയുടെ അഭ്യർഥന മാനിച്ച് പഠനച്ചെലവ് ഏറ്റെടുക്കാൻ മഹല്ല് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മഹല്ല് പ്രസിഡന്റ് എൻ.മുഹമ്മദ് മുസല്യാർ, ഖത്തീബ് അഷറഫ് ഫൈസി മുള്ള്യാകുർശി, സെക്രട്ടറി കല്ലൻകുന്നൻ മൊയ്തി, ട്രഷറർ കക്കാട്ടിൽ ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കഴിഞ്ഞദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകൾ കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!