17കാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കുറ്റിപ്പുറം പോലീസ് പിടിയിൽ

തവനൂർ: പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. പുറത്തൂർ മണൽ പറമ്പിൽ റഷീദി(53)നെയാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പത്മരാജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിപിൻ സേതു, വിജേഷ് എന്നിവർ പതിവ് പട്രോളിങ്ങിനിടെ തവനൂർ മറവഞ്ചേരി പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കാറിൽ വച്ച് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതി കാറിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. പോലീസുകാർ തന്നെ സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് മേൽനടപടി സ്വീകരിക്കുമെന്ന് എസ്.എച്.ഒ അറിയിച്ചു.
