HomeNewsIncidentsവീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം

വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം

വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. പൊന്നാനി സി.ഐ അബ്ദുള്‍മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്‍ത്താവില്‍നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്.

തണ്ടിലത്തിനടുത്ത് മാത്തൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്‍ സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആക്രമണത്തിനിരയായെന്ന് പറഞ്ഞത്. സുരേഷ് പുറത്തുപോയ ഉടനെ വീട്ടിലെത്തിയ മൂന്നംഗസംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് മര്‍ദിക്കുകയുമായിരുന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. സുരേഷിന് മറ്റൊരുസ്ത്രീയുമായുള്ള ബന്ധം ഒതുക്കിത്തീര്‍ക്കാന്‍ രണ്ട്‌ലക്ഷം രൂപ നല്‍കണമെന്നാണ് സംഘം ആവശ്യപ്പെട്ടതെന്നും യുവതി പോലീസിന് ആദ്യം മൊഴിനല്‍കിയിരുന്നു.

സുരേഷിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍നിന്നുതന്നെ സംഭവവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നുള്ള സൂചനകള്‍ പോലീസിന് ലഭിച്ചു. പിന്നീട്, ചോദ്യം ചെയ്തപ്പോള്‍ യുവതി എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.

ഭര്‍ത്താവ് എവിടെയെത്തിയെന്ന് വിളിച്ചുചോദിച്ചശേഷമാണ് ദേഹത്ത് മുളകുപൊടി വിതറിയത്. പിന്നീട് കൈകള്‍ സ്വയം കെട്ടിയശേഷം പെട്ടിക്കുള്ളില്‍ ഇറങ്ങി ബോധരഹിതയായപോലെ കിടക്കുകയുമായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള തരത്തില്‍ പറഞ്ഞുണ്ടാക്കിയ കഥകളും നുണയായിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടില്‍ യുവതിയും ലാപ്‌ടോപ്പുമായി സഹോദരന്മാരും മുമ്പ് എത്തിയെന്നുള്ളതും കളവായിരുന്നു. പ്രത്യേകതരത്തിലുള്ള വിഷാദരോഗത്തിന് അടിമയാണ് യുവതിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവിനും ബോധ്യമായതോടെ കഴിഞ്ഞദിവസം മുതല്‍ ചികിത്സയും തുടങ്ങിയിട്ടുണ്ട്. സി.ഐയെ കൂടാതെ എസ്.സി.പി.ഒ വിനോദ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ രാജേഷ് എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് യുവതിക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് സി.ഐ പി. അബ്ദുള്‍മുനീര്‍ പറഞ്ഞു.


നീങ്ങിയത് ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹത

യുവതി എല്ലാ സത്യവും പോലീസിന് മുന്നില്‍ തുറന്നുപറഞ്ഞതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹതയാണ് അവസാനിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഉത്തരംമുട്ടിയ യുവതി മെനഞ്ഞെടുത്ത കഥ പോലീസിനുമുന്നില്‍ വിവരിച്ചു. ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാനായിരുന്നു സ്വയം കഥയൊരുക്കി നാടകം കളിച്ചതെന്നും യുവതി പറഞ്ഞു.

സംഭവം മൂടിവെക്കാന്‍ ഭര്‍ത്താവ് സുരേഷ് ആദ്യം ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടാണ് പോലീസില്‍ വിവരമറിയിച്ചത്. സംഭവം വന്‍ വാര്‍ത്തയായതോടെ പോലീസ് അന്വേഷണവും ഊര്‍ജിതമാക്കി. ഇതിനിടെ സുരേഷ് സംശയത്തിന്റെ നിഴലിലായി. വാടകവീട്ടില്‍നിന്ന് താമസം മാറാന്‍ വീട്ടുടമ ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരുടെ സംശയങ്ങളെല്ലാം യുവതിയുടെ വെളിപ്പെടുത്തലോടുകൂടി കെട്ടടങ്ങി.


ആദ്യം മരിക്കാന്‍ തീരുമാനിച്ചു; പിന്നെ, നാടകത്തിലൊതുക്കി

ഭര്‍ത്താവ് തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് ജീവിതം അവസാനിപ്പിക്കാനാണ് ആദ്യം യുവതി തീരുമാനിച്ചത്. ഷാളില്‍ കെട്ടിത്തൂങ്ങിയാലോ എന്ന് ആലോചിച്ചു. പിന്നീട്, ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാലോ എന്ന ചിന്തയുമുണ്ടായി. പിന്നെയാണ് രണ്ടാഴ്ചമുമ്പ് തുടങ്ങിവെച്ച ‘നാടകം കളി’ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. ദേഹത്ത് മുളകുപൊടി വിതറുന്നതിന് മുമ്പ് ആദ്യം കുറച്ച് മുളകുപൊടി കലക്കിക്കുടിക്കുകയും ചെയ്തിരുന്നു.


നുണക്കഥ പൊളിച്ചത് അവിശ്വസനീയമായ വെളിപ്പെടുത്തല്‍

കെട്ടിച്ചമച്ച കഥയിലെ അവിശ്വസനീയമായ രംഗങ്ങളാണ് യുവതി കളിച്ച നാടകം പൊളിയാനിടയാക്കിയത്. ഭര്‍ത്താവ് പുറത്തുപോയി എത്തുന്ന 10 മിനിറ്റിനുള്ളില്‍ എല്ലാം സംഭവിച്ചുവെന്ന മൊഴിതന്നെയായിരുന്നു ആദ്യത്തെ പാളിച്ച. മൂവര്‍സംഘം മതില്‍ചാടിവന്നു എന്നാണ് പറഞ്ഞിരുന്നത്. മതിലിനടു ത്ത് അത്തരത്തില്‍ നിന്നാല്‍ അത് എല്ലാവരുടെയും ശ്രദ്ധയില്‍പെടുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സംഘത്തെ ആരും കണ്ടവരുണ്ടായിരുന്നില്ല. യുവതിയുടെ ആഭരണങ്ങളോ മറ്റോ നഷ്ടപ്പെടുകയോ മര്‍ദനത്തില്‍ ദേഹത്ത് പരിക്കേറ്റ പാടുകളോ ഉണ്ടാകാത്തതും കള്ളക്കഥ പൊളിയാന്‍ കാരണമായി.

Summary:Possessive wife did a prank that went fail to earn her husband’s love at Kuttippuram
No Comments

Leave A Comment