HomeNewsDevelopmentsദേശീയപാത വികസനം: വിലനിർണയത്തിനായി സർവേ കുറ്റിപ്പുറത്ത് തുടങ്ങി

ദേശീയപാത വികസനം: വിലനിർണയത്തിനായി സർവേ കുറ്റിപ്പുറത്ത് തുടങ്ങി

survey-kuttippuram

ദേശീയപാത വികസനം: വിലനിർണയത്തിനായി സർവേ കുറ്റിപ്പുറത്ത് തുടങ്ങി

കുറ്റിപ്പുറം: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിർണയിക്കുന്ന മൂന്നാംഘട്ട സർവേ ജില്ലയിൽ ആരംഭിച്ചു. തിരൂർ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിൽനിന്നാണ് ഇന്നലെ സർവേയ്‌ക്ക് തുടക്കമായത്. കുറ്റിപ്പുറം ഹൈവേ ജംക്‌ഷൻ മുതൽ ഒരു കിലോമീറ്റർ ദുരത്തെ കണക്കെടുപ്പാണ് ആദ്യദിനത്തിൽ പൂർത്തിയാക്കിയത്. ഒരോരുത്തരി‍ൽനിന്നും ഏറ്റെടുക്കേണ്ട ഭൂമിയുടെ സർക്കാർ വിപണി വിലയും കെട്ടിടങ്ങളുടെയും വീടുകളുടെയും കാലപ്പഴക്കം നോക്കാതെ 2018ലെ നിർമാണച്ചെലവുമാണ് കണക്കാക്കുന്നത്.
survey-map
അതത് പ്രദേശത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രേഖപ്പെടുത്തിയ പരമാവധി വിൽപനവിലയാണ് സർക്കാർ വിപണിവിലയായി കണക്കാക്കുന്നത്. ഇതിന്റെ 2.4 ഇരട്ടിയാണ് ഉടമയ്ക്ക് നഷ്ടപരിഹാരമായി ലഭിക്കുക. പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങൾക്കും വീടുകൾക്കും ദേശീയപാത മരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് 2018ലെ നിർമാണച്ചെലവിന്റെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നൽകുക.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾക്കും പുതിയ കെട്ടിടത്തിന്റെ നിർമാണച്ചെലവാണ് അനുവദിക്കുക. 20 ലക്ഷം രൂപ നിർമാണച്ചെലവ് കണക്കാക്കുന്ന വീടിന് 40 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇതിനു പുറമേ ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങൾക്ക് സോഷ്യൽ ഫോറസ്ട്രിയാണ് വില നിശ്ചയിക്കുന്നത്. ഓരോ മരത്തിനും കണക്കാക്കുന്ന വിലയുടെ ഇരട്ടി അധികമായി ഉടമയ്ക്ക് നൽകും. കാർഷിക വിളകളുടെ നഷ്ടപരിഹാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു നടക്കുന്നത്.
Nh-survey
പ്രകൃതിക്ഷോഭത്തിൽ നശിക്കുന്ന വിളകൾക്ക് നൽകുന്ന വിലയുടെ ഇരട്ടിയാണ് ദേശീയപാത അതോറിറ്റി നൽകുക. ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുണിന്റെയും ദേശീയപാത ലെയ്സൺ ഓഫിസർ പി.പി.എം.അഷറഫിന്റെയും നേതൃത്വത്തിലാണ് വിലനിർണയ സർവേ നടക്കുന്നത്. ജില്ലയിലെ തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളിലൂടെയാണ് നാലുവരിപ്പാത കടന്നുപോകുന്നത്.
പാതയ്ക്കായി 45 മീറ്റർ വീതിയിൽ സ്ഥലം അളന്ന് സർവേ കല്ലുകൾ സ്ഥാപിക്കുന്ന ആദ്യഘട്ട സർവേ നേരത്തേ പൂർത്തിയായിരുന്നു. ഭൂമിയുടെയും കെട്ടിടങ്ങളുടെയും കണക്കെടുക്കുന്ന രണ്ടാംഘട്ട സർവേ മറ്റു താലൂക്കുകളിൽ ഇപ്പോൾ നടന്നുവരികയാണ്. തിരൂർ താലൂക്കിലെ രണ്ടാംഘട്ട സർവേ കഴിഞ്ഞദിവസമാണ് പൂർത്തിയായത്.
നാലു താലൂക്കുകളിലും രണ്ടാംഘട്ട സർവേ പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മൂന്ന് ഡി വിജ്ഞാപനം പുറത്തിറങ്ങും. വിലനിർണയം പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ആരംഭിച്ചതിനു ശേഷമേ സ്ഥലം ഏറ്റെടുക്കുകയുള്ളൂ. ടെൻഡർ നടപടികൾ പൂർത്തിയാക്കി നവംബർ മാസത്തോടെ പാതയുടെ നിർമാണം ആരംഭിക്കാനാണ് അധികൃതരുടെ ശ്രമം.
ഇന്നു മുതൽ മൂന്നു യൂണിറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിലനിർണയ സർവേ ദ്രുതഗതിയിലാക്കും. ദിവസവും രണ്ടു കിലോമീറ്ററിലധികം ദൂരം സർവേ പൂർത്തീകരിക്കാനാണു ശ്രമം. ജൂൺ 25ന് അകം ജില്ലയിലെ വിലനിർണയ സർവേ പൂർത്തിയാക്കി നഷ്ടപരിഹാര വിതരണ നടപടികളിലേക്കു കടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!