HomeNewsArtsതിരുമാന്ധാംകുന്നിലമ്മയുടെ ശില്പം നിർമ്മിച്ച് ലോക്ക്ഡൌൺ കാലം ചിലവഴിച്ച് വിപിൻ

തിരുമാന്ധാംകുന്നിലമ്മയുടെ ശില്പം നിർമ്മിച്ച് ലോക്ക്ഡൌൺ കാലം ചിലവഴിച്ച് വിപിൻ

bhagavati-vipin

തിരുമാന്ധാംകുന്നിലമ്മയുടെ ശില്പം നിർമ്മിച്ച് ലോക്ക്ഡൌൺ കാലം ചിലവഴിച്ച് വിപിൻ

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം നിർമ്മിച്ചാലോ?. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ വെറുതെയിരുന്നപ്പോൾ ഏറാന്തോട് മേനോൻപടിയിലെ ഓർക്കോട്ടിൽ വിബിൻ വിജയന് ഒരാഗ്രഹം. രണ്ടുമാസം കൈമെയ് മറന്ന് ആഗ്രഹത്തിന്റെ പിന്നാലെ. പണി പൂർത്തിയായ വിഗ്രഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിസ്മയതരംഗം തീർക്കുകയാണ്. പീഠത്തിൽ ഇരിക്കുന്ന ഭാവത്തിൽ ഇടതുകാൽ മടക്കി വലതുകാൽ തൂക്കിയിട്ട് അഷ്ടബാഹുക്കളോട് കൂടിയ ഭഗവതിയുടെ രൂപം ഭക്തർ ഏറ്റെടുത്തു. പൂന്താനം രചിച്ച ഘനസംഘത്തിലെ ഓരോ വരിയും അന്വർത്ഥമാക്കുന്ന രീതിയിൽ നിർമ്മിച്ച ശിൽപ്പം കാണാൻ വിശ്വാസികളുടെ ഒഴുക്കാണിപ്പോൾ.
idol-tirumandhamkunnu-bhagavati
കഴിഞ്ഞ പ്രളയകാലത്ത് പരിക്കേറ്റ് വെറുതെയിരിക്കേണ്ടി വന്നപ്പോഴാണ് ശിൽപ്പനിർമ്മാണത്തിൽ ഒരു കൈ നോക്കാൻ വിബിൻ തീരുമാനിച്ചത്. ബന്ധുവിന്റെ വീട്ടിലും തന്റെ വീട്ടിലുമായി സിമന്റിൽ ഓരോ ശിൽപ്പങ്ങൾ തീർത്തു. പരിക്കുമാറിയപ്പോൾ വീണ്ടും ജോലിയിലേക്ക്. ലോക്ക് ഡൗണിൽ ജോലി മുടങ്ങിയതോടെയാണ് മാതാവ് വിമലയുടെ ഇഷ്ടമൂർത്തിയായ തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം നിർമ്മിക്കാനുള്ള ആഗ്രഹമുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഭഗവതിയുടെ ചിത്രത്തിൽ നിന്ന് രൂപവും അളവും മനസിലേക്കാവാഹിച്ച് പ്രയത്നമാരംഭിച്ചു. 300 കിലോയോളം ഭാരമുള്ള വിഗ്രഹം സിമന്റും അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് പൂർണ്ണതയിലെത്തിച്ചു. മുഖം തേജസുറ്റതാക്കാൻ നാലുതവണ മാറ്റിപ്പണിതു. മിനുക്കുപണികൾ കൂടി കഴിഞ്ഞതോടെ കുടുംബത്തിനും മക്കളായ വിപഞ്ചനയ്ക്കും വസുദേവിനും പ്രാർത്ഥിക്കാൻ വിഗ്രഹം റെഡി. വീടിന് മുന്നിലൂടെ പോകുന്നവരും വിഗ്രഹത്തെ വണങ്ങിയിട്ടേ പോവൂ.
idol-vipin-angadippuram
സഹോദരങ്ങളായ വിവേകും വിശാഖും ജ്യേഷ്ഠന്റെ കരവിരുത് സോഷ്യൽമീഡിയയിലൂടെ പുറത്തെത്തിച്ചതോടെ കാഴ്ചക്കാരുടെ തിരക്കേറി. പ്ലസ് ടുവിനും ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കും ശേഷം പത്തുവർഷമായി പിതാവിനൊപ്പം നിർമ്മാണത്തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ് വിബിൻ. ദേവസ്വവുമായി സംസാരിച്ച് തന്റെ സൃഷ്ടി തിരുമാന്ധാംകുന്നിലെത്തുന്ന ഭക്തർക്ക് ദർശനത്തിനായി സമർപ്പിക്കണമെന്നാണ് വിബിന്റെ ആഗ്രഹം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!