തവനൂരിൽ വൻ മയക്കുമരുന്ന് വേട്ട: 5 ലക്ഷത്തിന്റെ MDMA യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: തവനൂരിൽ വൻ മയക്കുമരുന്ന് വേട്ട. വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 100 ഗ്രാമോളം MDMA യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലവരും.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS, തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധിഖ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തിരൂർ ഡാൻസാഫ് (DANSAF) ടീമും കുറ്റിപ്പുറം പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവർ:
• മുഹമ്മദ് റിസ്വാൻ (25), കരുമത്ത് പറമ്പിൽ, തെക്കുമുറി, തവനൂർ.
• മുഹമ്മദ് ജാസിർ (42), തവനൂർ അങ്ങാടിക്ക് സമീപം.
ലഹരിസംഘം തവനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളോളമായി പ്രതികൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന്, കിലോമീറ്ററുകളോളം പിന്തുടർന്നാണ് പോലീസ് സംഘം ഇവരുടെ കാർ തടഞ്ഞുനിർത്തി പ്രതികളെ കീഴ്പ്പെടുത്തിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യം
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. മേഖലയിലെ ലഹരി വിൽപ്പനക്കാർ, ഇടനിലക്കാർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്നിവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
അന്വേഷണം ഊർജ്ജിതം
ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് നാട്ടിലെത്തിക്കാൻ സഹായിച്ചവരെയും ഇവർക്ക് സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധിക്ക് അറിയിച്ചു. നിലവിൽ ഈ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.
തിരൂർ ഡാൻസാഫ് ടീമിലെ എഎസ്ഐ രാജേഷ്, എസ്‌സിപിഒ ഉദയകുമാർ, സിപിഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്, കുറ്റിപ്പുറം എസ്ഐ, എഎസ്ഐ സജുകുമാർ, എസ്‌സിപിഒമാരായ ഡെന്നിസ്, നിഷാദ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.:
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
