HomeNewsCrimeRobbery24 കിലോ സ്വർണം കാട്ടി വിശ്വസിപ്പിച്ചു; 582 ഗ്രാം സ്വർണം കവർന്ന സംഘം കുറ്റിപ്പുറത്ത് പിടിയിൽ

24 കിലോ സ്വർണം കാട്ടി വിശ്വസിപ്പിച്ചു; 582 ഗ്രാം സ്വർണം കവർന്ന സംഘം കുറ്റിപ്പുറത്ത് പിടിയിൽ

Reino-gold-heist-kuttippuram-august-2026

24 കിലോ സ്വർണം കാട്ടി വിശ്വസിപ്പിച്ചു; 582 ഗ്രാം സ്വർണം കവർന്ന സംഘം കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരും കമ്പനിയുടെ പ്രമോട്ടർമാരുമായ സംഘം കമ്പനി ഉടമയിൽ നിന്ന് 582 ഗ്രാം സ്വർണം കവർന്ന സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. കുറ്റിപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സതീഷ് ബാബു, ശാലു, സനൽ തെരട്ടിൽ, സുജിത്ത്, ഗഫൂർ, സുനിൽ എന്നിവർ പിടിയിലായത്. 2025ൽ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പരാതിക്കാരനായ ദിൽശങ്കർ ആരംഭിച്ച ‘REINO GOLD Pvt. Ltd.’ എന്ന ഓൺലൈൻ സ്ഥാപനത്തിന്റെ പേരിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നതെന്നാണ് പോലീസ് പറയുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 900 രൂപ ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. കൂടാതെ പുതിയ നിക്ഷേപകരെ ചേർക്കുന്ന പ്രമോട്ടർമാർക്ക് ഒരു ലക്ഷം രൂപയ്ക്ക് ഒരു ഗ്രാം സ്വർണം വീതം കമ്മീഷനായും നൽകിയിരുന്നു.
തുടക്കത്തിൽ വാഗ്ദാനം ചെയ്ത ലാഭവിഹിതം കൃത്യമായി നൽകിയതോടെ നിരവധി പേർ വൻതുക നിക്ഷേപിച്ചു. പിന്നീട് പണം നൽകുന്നത് നിലച്ചതോടെ നിക്ഷേപകർ പ്രതിസന്ധിയിലായി. പണം നഷ്ടപ്പെട്ടവർ പ്രമോട്ടർമാരായ സതീഷ് ബാബുവിന്റെയും ശാലുവിന്റെയും വീടുകളിലെത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടർന്നാണ് പ്രമോട്ടർമാർ കമ്പനി ഉടമകളെ ബന്ധപ്പെട്ടത്. തങ്ങളുടെ കൈവശം 24 കിലോ സ്വർണമുണ്ടെന്നും അത് വിറ്റ് പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഉടമകൾ ഇവരെ വിശ്വസിപ്പിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ഒരു ഭാഗം ആഭരണങ്ങളാക്കി നൽകാമെന്നും അറിയിച്ചു. സ്വർണം കൈപ്പറ്റാനെന്ന വ്യാജേന ദിൽശങ്കറിനെയും സംഘത്തെയും കുറ്റിപ്പുറത്ത് വിളിച്ചുവരുത്തുകയായിരുന്നു. ഓഗസ്റ്റ് 24ന് രാത്രി 11.30ഓടെ കോയമ്പത്തൂരിൽ നിന്ന് TN 38 DC 8314 നമ്പർ സ്വിഫ്റ്റ് കാറിൽ സ്വർണവുമായി എത്തിയ സംഘത്തെ കഴുത്തല്ലൂർ റെയിൽവേ അണ്ടർപാസിന് സമീപം വെച്ച് പ്രതികൾ തടഞ്ഞുനിർത്തി സ്വർണം കവർന്നെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ കുറ്റിപ്പുറം പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ശാലുവിന്റെ വീട്ടിൽ നിന്ന് കവർന്ന സ്വർണ മോതിരങ്ങളും പരാതിക്കാരൻ സഞ്ചരിച്ച കാറിൽ നിന്ന് സ്വർണനാണയങ്ങളും പോലീസ് കണ്ടെടുത്തു. ആകെ 582 ഗ്രാം സ്വർണമാണ് കവർന്നതെന്നാണ് കേസ്.
തിരൂർ ഡിവൈഎസ്പി സിദ്ദീഖിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം എസ്.എച്ച്.ഒ രഞ്ജിത്ത് കെ.ആറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വി.കെ. അനിൽകുമാർ, എസ്.ഐ സുധീർ കെ.എസ്., എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
അറസ്റ്റിലായ പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!