മലിനജലം ഒഴുക്കിയ സംഭവം; കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

കുറ്റിപ്പുറം: സ്വകാര്യ സ്ഥാപനങ്ങൾ നഗരത്തിലെ അഴുക്കുചാലുകൾ വഴി ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്നുവെന്ന വാർത്തകളെ തുടർന്ന് കുറ്റിപ്പുറം ഹൈസ്കൂൾ കടവിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കുറ്റിപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് പാക്സൺ ജോസിന്റെ നേതൃത്വത്തിലാണ് ഭാരതപ്പുഴയുടെ തീരത്ത് പരിശോധന നടത്തിയത്. മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ അഴുക്കുചാലുകളുടെ സ്ലാബുകൾ തുറന്നു ശുചീകരിക്കുന്നതിനിടയ്ക്കാണ് വിവിധ സ്ഥാപനങ്ങളിൽ നിന്നും മലിനജലവും ശൗചാലയ മാലിന്യവും തള്ളുന്നതായി കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും അഴുക്കുചാൽ വഴി മലിനജലം ഭാരതപ്പുഴയിലേക്ക് തള്ളുന്നതായി നേരത്തെ ‘വളാഞ്ചേരി ഓൺലൈൻ’ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുറ്റിപ്പുറം ഹൈസ്കൂൾ കടവിലും പരിസര പ്രദേശങ്ങളിലും പരിശോധന ആരംഭിച്ചത്. നഗരത്തിലെ അഴുക്കുചാലുകളിലൂടെ ഒഴുകിവരുന്ന മലിനജലം ചെന്ന് കലരുന്നത് ശുദ്ധജലസ്രോതസ്സായ ഭാരതപ്പുഴയിലാണ്. ഹെൽത്ത് സൂപ്പർവൈസർ സ്വപ്ന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ ഹർഷ, ഒ. സുരേഷ് സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
