വട്ടപ്പാറ വയടക്റ്റ് പാലത്തിന് താഴെ മാലിന്യം തള്ളി കത്തിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ

വളാഞ്ചേരി: വട്ടപ്പാറ വയടക്റ്റ് പാലത്തിന് താഴെ പൊതുസ്ഥലത്ത് സാമൂഹ്യവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി കത്തിച്ചതായി പരാതി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
കത്തിച്ചവയിൽ കൂടുതലും ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണെന്ന് നാട്ടുകാർ ആരോപിച്ചു. മുൻപും ഈ പ്രദേശത്ത് രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുന്ന രീതിയിൽ ഇത്തരത്തിൽ വൻതോതിൽ മാലിന്യം കത്തിക്കുന്നത് ഇവിടെ ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു.
രൂക്ഷമായ പുക ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ജനവാസ മേഖലയ്ക്ക് സമീപം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
