HomeNewsHealthപക്ഷിപ്പനി; അറിയേണ്ടതെല്ലാം

പക്ഷിപ്പനി; അറിയേണ്ടതെല്ലാം

Bird-flu

പക്ഷിപ്പനി; അറിയേണ്ടതെല്ലാം

പനി, ചുമ തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ മുതൽ തീവ്രമായ ന്യൂമോണിയ, ചെങ്കണ്ണ്, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവയ്ക്ക് വരെ മനുഷ്യരിൽ പക്ഷിപ്പനി കാരണമായേക്കാം. നാല് ദിവസം മുതൽ 16 ദിവസം വരെയാണ് നിരീക്ഷണ കാലയളവ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാലും രോഗപ്രതിരോധത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകളോ മറ്റ് ചികിത്സാ മാർഗ്ഗങ്ങളോ കണ്ടെത്താത്തതിനാലും രോഗം സ്ഥിരീകരിച്ച മേഖലയിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയുമാണ് ഏക പ്രതിരോധ മാർഗ്ഗം. രോഗം ബാധിച്ചതും രോഗാണുവാഹികളുമായ പക്ഷികളെയും കൂട് ഉൾപ്പെടെയുള്ള അനുബന്ധ വസ്തുക്കളെയും നശിപ്പിക്കുകയും നശിപ്പിക്കാൻ പറ്റാത്തവയെ അണുവിമുക്തമാക്കുകയും വേണം. പ്രഭവ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗവിമുക്തമെന്ന് സ്ഥിരീകരണം വരുന്നത് വരെ (മൂന്ന് മാസം) പക്ഷികളെ വളർത്താതിരിക്കാനും കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണമായി ഉപയോഗിക്കുന്ന ഇറച്ചി, മുട്ട എന്നിവ നന്നായി പാകം ചെയ്യണം. ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുന്നവർ മുഖാവരണം, കൈയുറ എന്നിവ ധരിക്കണം. ശേഷം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. ലോക മൃഗാരോഗ്യസംഘടനയായ ഒ.ഐ.ഇയുടെ 2020 വിജ്ഞാപനത്തിൽ ഉൾപ്പെട്ട പക്ഷിപ്പനിയ്ക്ക് എച്ച്5 എൻ1 ആൻഡ് എച്ച്7എൻ 9 ആണ് രോഗകാരണം. പക്ഷി ഇനത്തിൽപ്പെട്ട കോഴി, താറാവ്, ടർക്കി കോഴി, പ്രാവ്, ഗിനിക്കോഴി, കാട, വളർത്തുപക്ഷികൾ, ദേശാടനകിളികൾ എന്നിവയെ ബാധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ.റാണി കെ ഉമ്മൻ അറിയിച്ചു.
Bird-flu
പക്ഷിപ്പനി എങ്ങനെ പകരും
-ദേശാടനപക്ഷികൾ, ദേശാടന പ്രാവുകൾ തുടങ്ങിയവയിൽ നിന്ന് വളർത്തുപക്ഷികളിലേക്ക്.
-രോഗം ബാധിച്ച വളർത്തുപക്ഷികളിൽ നിന്ന് ചുറ്റുപാടുള്ള വളർത്തുപക്ഷികളിലേക്ക്.
-അസുഖം ബാധിച്ച പക്ഷികളുടെ സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും രോഗാണുവിന്റെ കണിക വ്യാപനം വഴിയും കാറ്റിലൂടെയും രോഗം വ്യാപിക്കും.
-പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. രോഗം ബാധിച്ച പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും അണുക്കളെ വഹിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ കൈകാര്യം വഴിയുമാണിത്.
രോഗലക്ഷണങ്ങൾ
-പെട്ടെന്നുള്ള മരണവും ഉയർന്ന മരണനിരക്കും
-പക്ഷികളുടെ പൂവിലും കണ്ണുകളിലും കാലിലും നീരും നിറം മാറ്റവും
-വായിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ വരിക എന്നിവയാണ് രോഗലക്ഷണങ്ങൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!