HomeNewsProtestഇ-മണല്‍ സംവിധാനം: പ്രതിഷേധവുമായി മണൽ തൊഴിലാളികള്‍

ഇ-മണല്‍ സംവിധാനം: പ്രതിഷേധവുമായി മണൽ തൊഴിലാളികള്‍

ഇ-മണല്‍ സംവിധാനം: പ്രതിഷേധവുമായി മണൽ തൊഴിലാളികള്‍

ഇ-മണല്‍ സംവിധാനം മുഖേന ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്ന് മണലെടുപ്പ് തുടങ്ങിയെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പുഴകളില്‍ വാഹനമിറങ്ങുന്നത് തടയാനായി കടവുകളില്‍ തൂണുകള്‍ സ്ഥാപിച്ചതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം.
കടവുകളോട് ചേര്‍ന്ന് മണലിന്റെ ലഭ്യതയില്ലെന്നും പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ തോണിയില്‍ കടവിനടുത്തേയ്ക്ക് മണല്‍ എത്തിക്കാനും കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. പുഴയില്‍ മീറ്ററുകളോളം ഉള്ളിലേക്ക് എത്തിയാല്‍ മാത്രമാണ് ആവശ്യത്തിന് മണല്‍ ലഭിക്കുന്നത്. തൊഴിലാളികള്‍ ഇവിടെനിന്ന് തലച്ചുമടായി മണല്‍ കടവിലെത്തിക്കേണ്ടതുണ്ട്. കടവില്‍നിന്ന് പിന്നെയും അകലത്തിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. തലച്ചുമടായി ലോറിയില്‍ മണല്‍ നിറയ്ക്കുകയെന്നത് അസാധ്യമായിരിക്കുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
തവനൂര്‍ പഞ്ചായത്തിലെ തവനൂര്‍ കടവിലാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ നല്‍കിവരുന്ന കൂലി കുറവാണെന്നും ഈ കൂലിക്ക് ഇത്തരത്തില്‍ മണല്‍ കയറ്റാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. തൊഴിലാളികള്‍ പ്രതിഷേധവുwitമായി രംഗത്തെത്തിയതോടെ റവന്യു-പോലീസ് അധികൃതര്‍ സ്ഥലത്തെത്തി. കൂലി വര്‍ധിപ്പിച്ചാല്‍ മാത്രമേ മണലെടുക്കാന്‍ കഴിയൂവെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. പിന്നീട്, പൊന്നാനി തഹസില്‍ദാര്‍ കടവിലെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. കടവില്‍ വാഹനമിറക്കുന്നതിന് നിയമതടസ്സമുണ്ടെന്ന് വ്യക്തമാക്കിയ തഹസില്‍ദാര്‍ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും തൊഴിലാളികളെ അറിയിച്ചു. പ്രശ്‌നം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന തഹസില്‍ദാരുടെ ഉറപ്പിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധംമൂലം മണല്‍ കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്ക് ചൊവ്വാഴ്ച മണല്‍ നിറച്ചുനല്‍കാമെന്ന് തൊഴിലാളികള്‍ സമ്മതിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!