HomeNewsPoliticsമന്ത്രി ജലീലിന്റെ ബന്ധുനിയമനം: പ്രതിരോധിക്കാനാകാതെ പ്രാദേശിക സി.പി.എം.

മന്ത്രി ജലീലിന്റെ ബന്ധുനിയമനം: പ്രതിരോധിക്കാനാകാതെ പ്രാദേശിക സി.പി.എം.

K-T-Jaleel

മന്ത്രി ജലീലിന്റെ ബന്ധുനിയമനം: പ്രതിരോധിക്കാനാകാതെ പ്രാദേശിക സി.പി.എം.

മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദം ആളിപ്പടരുമ്പോൾ ആരോപണത്തെ പ്രതിരോധിക്കാനാകാതെ പ്രാദേശിക സി.പി.എം. നേതൃത്വം. വിഷയത്തിൽ പാർട്ടി സംസ്ഥാനകമ്മിറ്റി ഉടൻ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രാദേശികനേതൃത്വങ്ങൾ. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽമാനേജരായി ബന്ധു കെ.ടി. അദീബിനെ നിയമിച്ചതിൽ മന്ത്രിക്ക്‌ പിഴവ് സംഭവിച്ചതായാണ് പാർട്ടി അണികൾക്കിടയിലെ പൊതുവെയുള്ള വിലയിരുത്തൽ. അതുകൊണ്ടുതന്നെ വിവാദത്തിൽ പാർട്ടി പ്രാദേശിക ഘടകങ്ങളിൽനിന്ന് മന്ത്രി ജലീലിന് പിന്തുണ ലഭിക്കാനിടയില്ലെന്നാണ് സൂചന. കെ.ടി. ജലീലിന്റെ ശൈലികളോട് എതിർപ്പുള്ള വലിയൊരു വിഭാഗം സി.പി.എമ്മിനകത്തുണ്ട്. ജലീലിന്റെ ഭാഗത്തു പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇ.പി. ജയരാജന് കിട്ടാത്ത പരിഗണന ജലീലിന് നൽകേണ്ടതില്ലെന്നതാണ് ഇക്കൂട്ടരുടെ അഭിപ്രായം. എന്നാൽ, നിയമനവിവാദം കത്തിനിൽക്കുന്നുണ്ടെങ്കിലും പാർട്ടിക്കകത്ത് ജലീലിനോട് എതിരഭിപ്രായമുള്ളവർ ഇതുവരെ പരസ്യമായി രംഗത്തുവരികയോ നേതൃത്വത്തെ നിലപാടുകൾ അറിയിക്കുകയോ ചെയ്തിട്ടില്ല. വെള്ളിയാഴ്ച നടക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ജലീൽ വിഷയം ചർച്ചചെയ്യുമെന്നും അതിനുശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് അണികളും പ്രാദേശികനേതൃത്വവും കാത്തിരിക്കുന്നത്. ദിവസംചെല്ലുന്തോറും ജലീലിന് കുരുക്കു മുറുകുന്ന സാഹചര്യത്തിൽ ജലീലിനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടുകൾ സംസ്ഥാന നേതൃത്വം സ്വീകരിച്ചേക്കില്ലെന്നും സൂചനയുണ്ട്.
kt-jaleel
സംസ്ഥാനകമ്മിറ്റിയിൽ ജലീലിന് സ്വാധീനമുണ്ടെങ്കിലും മലപ്പുറം ജില്ലാകമ്മിറ്റിയിലുൾപ്പെടെ ജലീലിന് വേണ്ടത്ര പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല. എടപ്പാൾ ഏരിയാ സമ്മേളനത്തിലെ വിഭാഗീയപ്രവർത്തനങ്ങളും തുടർന്നുണ്ടായ അച്ചടക്കനടപടിയും പാർട്ടിക്കുള്ളിൽ ജലീലിന് അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. മന്ത്രിപദവിയിലെത്തിയ ജലീൽ പാർട്ടിക്ക്‌ അതീതമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം പാർട്ടി സംസ്ഥാനസമ്മേളനത്തിലും ഉയർന്നുകേട്ടിരുന്നു. മൂന്ന് ജില്ലകളിൽനിന്നെത്തിയ പ്രതിനിധികൾമാത്രമാണ് മന്ത്രിയ്ക്കെതിരേയും തദ്ദേശസ്വയംഭരണവകുപ്പിനെതിരേയും കാര്യമായ ആക്ഷേപങ്ങൾ ഉന്നയിക്കാതിരുന്നത്. താഴെത്തട്ടിലുള്ള പാർട്ടിയുടെ വികാരം കണക്കിലെടുത്തുകൂടിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജലീൽനിന്ന് എടുത്തുമാറ്റാൻ പാർട്ടിയും സർക്കാരും നിർബന്ധിതമായത്. അപ്രധാന വകുപ്പുകൾ നൽകിയാണെങ്കിലും മന്ത്രിസ്ഥാനത്ത് ജലീലിന് തുടരാനായത് പാർട്ടി നേതൃത്വത്തിനകത്ത് ജലീലിനുള്ള സ്വാധീനംകൊണ്ടാണെന്ന വിലയിരുത്തലും താഴെത്തട്ടിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെങ്കിൽ പാർട്ടി പ്രാദേശിക ഘടകങ്ങളിൽ എതിർപ്പുണ്ടാകാൻ സാധ്യതയേറെയാണ്. പ്രാദേശികവികാരം കണക്കിലെടുത്താണ് സി.പി.എം. മുന്നോട്ടുപോകുന്നതെങ്കിൽ ബന്ധുനിയമനവിവാദത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതമായേക്കുമെന്നും സൂചനയുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!