HomeNewsArticlesഅഭ്രപാളിയിലെ പെണ്ണെഴുത്തുകള്‍

അഭ്രപാളിയിലെ പെണ്ണെഴുത്തുകള്‍

revati

അഭ്രപാളിയിലെ പെണ്ണെഴുത്തുകള്‍

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


ഇന്ത്യന്‍ നടി എന്ന പരിചിത വിശേഷണത്തിനും അപ്പുറം നില്‍ക്കുന്നതാണ് രേവതിയുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍.വ്യക്തമായ ലക്ഷ്യബോധം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു വിവിധ മേഖലകളിലേക്കുള്ള അവരുടെ കടന്നുവരവ്.നായകനെ പിന്‍പറ്റി തുടരുന്ന സാമ്പ്രദായിക സ്വഭാവത്തിന് തന്നിലൂടെ ചില മാതൃകകള്‍ മുന്നോട്ടുവച്ചു.ഇവിടെ,രേവതി അഭിനയിച്ച് പുറത്തുവന്ന മലയാളം,തമിഴ് ഭാഷകളിലെ 94 ചിത്രങ്ങളില്‍ കഥാപാത്രപ്രധാന്യമുള്ളവയില്‍ സ്ത്രീസ്വത്വാവിഷ്കാര സ്വഭാവം എങ്ങിനെയെന്ന് പരിശോധിക്കുകയും അതോടൊപ്പം കഥാപാത്ര തെരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകളും വിശകലനം ചെയ്യുന്നു.
actress revati
‘എന്‍റെയും എന്‍റെ കുഞ്ഞുങ്ങളുടെയും അസ്തിത്വത്തിന്‍റെ ആധാരമാകാനായി,കാലിടുക്കുകളെ വിശുദ്ധമാക്കിയൊഴുകി പാദങ്ങളെ നനയ്ക്കുന്ന,ആകാശങ്ങളെയും പാതാളങ്ങളെയും ശുദ്ധീകരിച്ച് ഭൂമിയില്‍ പതിക്കുന്ന എന്‍റെ ചുവപ്പിന്‍റെ സിന്ധൂരമാണ് ഞാനെന്ന പെണ്ണിന്‍റെ ഏറ്റവും വലിയ അഹങ്കാരവും’ – സിതാര എസ്
actress revati
മലയാളത്തിലുണ്ടായിട്ടുള്ള നടിമാരില്‍ ഏറ്റവും അധികം ലക്ഷ്യബോധം പ്രകടിപ്പിച്ച നടിയായിട്ടാണ് രേവതിയെ കണക്കാക്കാര്. ആ ഒരു ലക്ഷ്യബോധം തുടക്കം മുതല്‍ ഉണ്ടാവുകയും അത് നിലനിര്‍ത്തുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.എനിക്ക് ചലഞ്ച് ചെയ്യണം.i like to be challenged എന്ന അവരുടെ ആപ്തവാക്യംതന്നെയാണ്. ഇന്നില്‍ വരെയുള്ള അവരുടെ ഉയര്‍ച്ചയുടെ കേന്ദ്രഘടകവും. ഒരു കാരണവുമില്ലാതെ കഥാപാത്രത്തെ സ്വീകരിക്കില്ല, കഥ കേട്ടതിനു ശേഷമേ അഭിനയം എന്നീ ഉറച്ച നിലപാടുകള്‍ അവര്‍ തുടക്കം മുതലേ നിലനിര്‍ത്തിപ്പോരുന്നു. കഥയെന്തായാലും നായികയ്ക്ക് എന്തെങ്ങിലും ചെയ്യാനുണ്ടാകണം എന്ന കര്‍ശന നിലപാടും തുടര്‍ന്നുപോന്നു. അഭിനയത്തിന്‍റെ കാര്യത്തിലും രേവതി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഈ പ്രതിബദ്ധതതന്നെയാണ് രേവതിയെ രേവതിയക്കുന്നതും. നൂറുശതമാനം തന്നെത്തന്നെ വിട്ടുകൊടുക്കാനാകുന്നില്ലെങ്കില്‍ അവര്‍ ഒരു സിനിമയുടെ ഭാഗമാകില്ല. സ്ത്രീ ശരീരത്തിന്‍റെ പ്രദര്‍ശന സാധ്യതകളെ സിനിമാവ്യവസായം കൊണ്ടാടുമ്പോള്‍ അത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായൊരു പ്രതിഷേധംകൂടിയായിമാറുന്നുണ്ട് രേവതിയുടെ കഥാപാത്രങ്ങളും വേഷവിധാനങ്ങളും. അര്‍ത്ഥമില്ലാത്ത വേഷങ്ങള്‍ അവരെ മലയാളത്തില്‍നിന്നും അകറ്റി. ഫാദേഴ്സ് ഡേ എന്ന മലയാളചിത്രത്തിലെ രേവതിയുടെ, പുലര്‍ച്ചെ മഴ നനഞ്ഞ്,കടലതീരത്തുവച്ചുള്ള അഭിനയം,അതും വിവിധ വേഷങ്ങള്‍ മാറ്റിധരിച്ചുകൊണ്ടുള്ള പല ഷോട്ടുകള്‍. സാധാരണ നിലയില്‍ ഒരു ആര്‍ട്ടിസ്റ്റും സമ്മതിക്കാറില്ല. ഇതെല്ലം ആ അര്‍പ്പണബോധത്തെയാണ്‌ കാണിക്കുന്നത്.
actress revati
സിനിമ എന്നത് ഒരു കലയും അതിലുപരി അത് കച്ചവടംകൂടിയാകയാല്‍ അല്പം വിട്ടുവീഴ്ചകളും പരാജയങ്ങളും സ്വാഭാവികമായും സംഭവിക്കുന്നതാണ്. രേവതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചകളല്ല പരാജയങ്ങളാണ് പല ചിത്രങ്ങളെ സംബന്ധിച്ചും സംഭവിച്ചിട്ടുള്ളത്. അതേസമയം സ്ത്രീ വെറും ശരീരം മാത്രമല്ല എന്നത് കഥാപാത്രങ്ങളിലൂടെ അവര്‍ അടിവരയിട്ട് കാണിച്ചുതരുന്നു. ആദ്യ ചിത്രത്തില്‍.അഭിനയിക്കുന്നതിന് മുമ്പേ, സംവിധായകന്‍ ഭാരതിരാജയോട് തൊട്ടുരുമ്മിയുള്ള അഭിനയങ്ങള്‍ തന്നില്‍നിന്നും പ്രതീക്ഷിക്കേണ്ട എന്ന വ്യക്തമായ നിലപാട് അവര്‍ അറിയിച്ചു.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് എന്നിവയൊക്കെ തട്ടകമാക്കി. സംവിധായിക, ഭരതനാട്യം നര്‍ത്തകി, സാമൂഹിക പ്രവര്‍ത്തക, വിവിധ ഫിലിം ഫെസ്റ്റുകളില്‍ അംഗം,തിയേറ്റര്‍ ഡ്രാമ ആര്‍ട്ടിസ്റ്റ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഇങ്ങനെ പോകുന്നു കയ്യടക്കിയ മേഖലകള്‍. രേവതിയെ ഒരു നടിയായി മാത്രം ഒതുക്കപ്പെടാന്‍ കഴിയില്ല. സ്ത്രീക്കും ചിലതെല്ലാം ചെയ്യാന്‍ കഴിയും എന്നവര്‍ കാണിച്ചുതന്നു. സൂപ്പര്‍സ്റ്റാറുകള്‍ ഏകപക്ഷീയമായി നിയന്ത്രിച്ച് കൊണ്ടുപോകുന്ന ഇതിവൃത്തത്തിലെ മേമ്പൊടിയോ അലങ്കാരമോ ആയി അരികുപറ്റിക്കഴിയുന്ന സ്ത്രീകഥാപാത്രങ്ങളാണിന്ന് സിനിമയിലെ നായികമാര്‍. അതുകൊണ്ടുതന്നെ സ്വതന്ത്രമായ മുന്‍കൈകള്‍ നഷ്ടപ്പെടുകയും സ്ത്രീകഥാപാത്രങ്ങള്‍ പൂര്‍ണമായും പ്രാന്തവല്‍ക്കരിക്കപെടുകയും ചെയ്യുന്നു. നായകനെ കേന്ദ്രീകരിച്ചു മാത്രം വികസിക്കുന്ന പ്ലോട്ടിന്‍റെ വികാസത്തിന് ഉപയോഗിക്കുന്ന ഒരു വസ്തുവായി സ്ത്രീകഥാപാത്രം അവന്‍റെ നിഴലിലേക്കൊതുങ്ങി. നായകന്‍റെ സ്വഭാവ ചിത്രീകരണത്തെ പുഷ്ട്ടിപ്പെടുത്തുന്നത് മാത്രമായി അവളുടെ ചുമതല. സെല്ലുലോയ്ഡിനെ വായനയ്ക്ക് വിധേയമാക്കുന്നതിലൂടെ മാത്രമേ സ്ത്രീക്കിനിയും മുന്നോട്ടുപോകാന്‍ സാധിക്കൂ. ഈ വസ്തുതകള്‍ രേവതി കൃത്യസമയത്ത് മനസിലാക്കിയതിനാലാണ് സംവിധാനത്തിലേക്ക് തിരിഞ്ഞ് തനിയ്ക്ക് പറയാനുള്ള വസ്തുതകള്‍ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചത്.
നായികയുടെ പ്രായം സിനിമ വ്യവസായത്തില്‍ ഒരു വലിയ തടസ്സമായതിനാല്‍ ചെയ്യാന്‍ കഴിയുന്നിടത്തോളം ശക്തമായ റോളുകള്‍ നായികാ കാലത്ത് ചെയ്ത നേരെ ക്യാമറയ്ക്ക് മുന്നില്‍നിന്നും പിന്നിലേയ്ക്ക് മാറ്റി തന്‍റെ പ്രവര്‍ത്തനമണ്ഡലം.
revathi
ആഘോഷങ്ങളില്‍ നിന്നും അകന്നുമാറി തന്‍റേതായ ലോകത്ത് തിരക്കാവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.”സിനിമയ്ക്ക് പുറത്താണ് ഞാനിപ്പോള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.എന്‍റെ ചിന്തകളും ഒപ്പം മനസ്സും വിശാലമായിരിക്കുന്നു. ധാരാളം സൗഹൃദങ്ങള്‍ എനിക്കുണ്ട്. അവരോടൊപ്പം ചേര്‍ന്ന് ഞാന്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നു. സുഹാസിനി, ശോഭ, രോഹിണി.. ഇവരെല്ലാം എനിക്കൊപ്പമുണ്ട്” എന്ന അവരുടെ വാക്കുകള്‍ കൂടുതല്‍ ബലം നല്‍കുന്നതാണ്.സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളും തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.2004ല്‍ പുറത്തുവന്ന അവരുടെ ഫിര്‍ മിലേംഗ എയ്ഡ്സിനെ ഗൌരവമായി ചര്‍ച്ചചെയ്യുന്ന ആദ്യ ഹിന്ദി ചിത്രംകൂടിയാണ്. അര്‍പ്പണബോധമുള്ള കരുത്തുള്ള വനിതയായാണ്‌ തമിഴ്-മലയാളം ചിത്രങ്ങളിലും അവര്‍ പ്രത്യക്ഷപ്പെടുന്നത്.

കഥാപാത്രങ്ങളുടെ സ്വഭാവം, വിരചിക്കുന്ന മേഘലകള്‍ ഇവ മാത്രമല്ല രേവതിയെന്ന വ്യക്തിയേയും കഥാപാത്രങ്ങളെയും വേരിട്ടുനിര്‍ത്തുന്നതും. വേഷങ്ങളില്‍ പോലും ആ വ്യത്യസ്തത കാണാം. നിറഭേദങ്ങളാലുള്ള പരമ്പരാഗത സാരികളുടെ വൈവിധ്യം, വ്യക്തിത്വത്തിന്‍റെ അടയാളമായി കണക്കാക്കാവുന്ന സിന്ധൂരപ്പൊട്ട് തുടങ്ങിയവ അവര്‍ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും കടന്നുവരുന്നു. ചില ചിത്രങ്ങളില്‍ ആ സിന്ദൂരം കഥഭാഗമായി മാറുന്നു. ഒപ്പം ചുകപ്പിന്‍റെ നാനാര്‍ത്ഥങ്ങളെ അത് സ്ഫുരിപ്പിക്കുന്നു. സ്വതന്ത്രയായ സ്ത്രീ, സ്നേഹം, ഭാര്യ-ഭര്‍തൃ ബന്ധം, വിശ്വാസം, പുരുഷ വഞ്ചന, അവിശ്വാസം, വിഷാദം, മൌനത്തിലൂടെയുള്ള പ്രതികരിക്കല്‍, വിരഹം, മോഹം-സ്നേഹം എന്നിവയുടെ ത്യജിക്കല്‍, ദുഖം അടക്കിപ്പിടിക്കല്‍, ഇഷ്ട പുരുഷനോടോപ്പമുള്ള സ്വതന്ത്രജീവിതം തുടങ്ങിയ വിവിധ മാനസിക തലങ്ങള്‍ രേവതിയുടെ കഥാപാത്രങ്ങളില്‍ നിറയുന്നു.
revathi
മലയാളത്തിലും തമിഴിലുമായി അവര്‍ അഭിനയിച്ച് പുറത്തുവന്ന 94 ചിത്രങ്ങളില്‍ പ്രാധാന്യം നിറഞ്ഞവയെ നിരീക്ഷണത്തിനെടുത്ത് അവയിലെ സ്ത്രീ സ്വത്വാവിഷ്കാരം എപ്രകാരമാണെന്ന് വിശകലനം ചെയ്യുകയാണിനി; ഒപ്പം അവരുടെ വീഴ്ചകളും.
രേവതിയുടെ കഥാപാത്രങ്ങളുടെ സ്വഭാവത്തെ മുന്‍നിര്‍ത്തി രണ്ടു കാലഘട്ടങ്ങളായി വിഭജിക്കാനാകും. വിവാഹജീവിതത്തിന് മുന്‍പുള്ള കാലത്തെ കഥാപാത്രങ്ങളും വിവാഹശേഷമുള്ള കഥാപാത്രങ്ങളും. മണ്‍വാസന എന്ന തമിഴ് ചിത്രമാണ്‌ രേവതിയുടെ ആദ്യചിത്രം. ഈ ചിത്രം കഥകേള്‍ക്കാതെ അഭിനയിച്ചു എന്നതിന് പിന്നിലെ പല ചിന്തകളും പൊരുത്തപ്പെടും. തമിഴിലെ പ്രശസ്ത സംവിധായകന്‍, നല്ലൊരു അടിത്തറ ലഭ്യമാകും തുടങ്ങിയ വസ്തുതകള്‍തന്നെ. സംവിധായകന്‍ ആശ എന്ന യഥാര്‍ത്ഥ നാമത്തെ രേവതിയെന്നാക്കിയതും വിജയസൂചകമായിമാറി പിന്നീട്. മണ്‍വസനയെന്ന ചിത്രത്തില്‍ തന്‍റെ സിന്ദൂരം അതിന്‍റെ ഔന്നിത്യത്തോടെ പ്രകാശിച്ചുനില്‍ക്കുന്നു. മരണമുള്‍പ്പെടെയുള്ള ജീവിതദുരന്ത നിമിഷങ്ങളില്‍ ഒരു ശരാശരി കൌമാരക്കാരിയില്‍നിന്നും ഉണ്ടാകുന്ന വികാര ഭാവങ്ങള്‍ മാത്രമേ ചിത്രത്തിലെ രേവതിയുടെ കഥാപാത്രമായ മുതുപ്പേച്ചി യില്‍നിന്നും പുറത്തു വരുന്നുള്ളൂ. വാണിജ്യചിത്രമാണെങ്കില്‍ക്കൂടി പുരുഷന് തുല്യമായ നിലയിലാണ് ഈ ചിത്രത്തില്‍ രേവതിക്കുള്ളത് എന്ന് നിരീക്ഷണത്തില്‍ കാണാം. സ്വാഭാവികമായ, കഥാപാത്രത്തിന് ചേര്‍ന്ന അഭിനയം നടത്തി രേവതി.ചിത്രത്തില്‍ രേവതിയുടെ കഥാപാത്രത്തിന്‍റെ കരുത്ത് ബഹ്യമായല്ല കാണുന്നത്, മറിച്ച് മനക്കാമ്പില്‍ നിലനിര്‍ത്തി അനുയോജ്യമായ/ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവ പ്രകടമാകുന്നു. പല ജീവിത ദുരന്തങ്ങളിലും ഗ്രാമീണ നിഷ്കളങ്കത കലര്‍ന്ന ദുഃഖമുഖം ഈ ചിത്രത്തില്‍ രേവതിയില്‍ കാണാം. ചുരുക്കത്തില്‍ കരുത്തുള്ള സ്ത്രീ എന്ന നിലയിലുള്ള സ്വത്വരൂപീകരണത്തിന്‍റെ ആദ്യ ചലനങ്ങള്‍ ഈ ചിത്രത്തിലെ കഥാപാത്രത്തില്‍ കാണുന്നുണ്ട്. കഥയെക്കാള്‍ കഥാപാത്ര പരിസരവും അതിലെ സ്വാഭാവിക ജീവിതവുമാണ് ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നത്.

രണ്ടാമത്തെ ചിത്രവും അവരുടെ ആദ്യത്തെ മലയാള ചിത്രവുമാണ് ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്‌.തികഞ്ഞ പക്വതയോടുകൂടി രേവതി അതില്‍ അഭിനയിച്ചു. ക്യമറയ്ക്കു മുന്‍പില്‍ സൂചിപ്പിച്ചാല്‍ മതി നിറഞാടേണ്ട കാര്യമില്ല എന്ന അനുഭവപരിചയം രേവതിയ്ക്ക് ഈസമയം കൈവന്നിരുന്നില്ല. മോഹന്‍ലാലുമൊത്തുള്ള നു കയും കടിക്കുകയും കീറുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ യഥാര്‍ത്ഥത്തില്‍തന്നെ അവര്‍ ചെയ്യുകയായിരുന്നുവെന്ന് തിരക്കഥാകൃത്ത് ജോന്പോള്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറയുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ രേവതിയുടെ, അഭിനയത്തോടുള്ള അര്‍പ്പണമനസ്സാണ് ഈ രണ്ടാമത്തെ ചിത്രത്തിലും കാണുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. “റിഹേഴ്സലിന് ചെല്ലുമ്പോള്‍ തറ തുടക്കുന്നിടം മുതല്‍, ഒരു നടന്‍ അല്ലെങ്ങില്‍ ഒരു നടി തുടങ്ങണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുണ്ടാക്കുന്ന വ്യത്യാസം വലുതാണ്, കമ്മിറ്റ്മെന്‍റ് വലുതാണ്” എന്ന് രേവതി തിയേറ്റര്‍ നടകഭിനയത്തെപ്പറ്റി ഒരു നിരീക്ഷണവും നടത്തുകയുണ്ടായി.

കൈക്കൊടുക്കും കൈ രേവതിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ്‌. ഭാര്യാഭര്‍തൃ ബന്ധത്തിലെ വിശ്വാസത്തിന്‍റെ ആഴം ഈ ചിത്രത്തില്‍ കാണാം. സാധാരണ കച്ചവടക്കൂട്ടുചിത്രമാണ്‌. വൈദേഹി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘വൈദേഹി കാത്തിരുന്താല്‍’ എന്ന ചിത്രത്തില്‍ സ്വന്തം സുഖദുഖങ്ങള്‍ ആരെയും അറിയിക്കാതെ പരമാവധി സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുന്ന രേവതിയെ കാണാം. വൈദേഹിയുടെ ജീവിതം ചോദ്യചിഹ്നമാക്കി നിര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്. ഇന്ദുമതിയെന്ന കഥാപാത്രത്തെയാണ് ‘ഉന്നൈനാന്‍ സന്ധിത്തേന്‍’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്. കെ.രംഗരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ യുവത്വത്തിന്‍റെ കുറുമ്പുകലര്‍ന്ന, ആരോടും കീഴ്പ്പെടാത്ത, പെട്ടന്ന്‍ ദേഷ്യം വരുന്ന, കയര്‍ക്കുന്ന പ്രകൃതക്കാരിയാണ് ഇതില്‍ രേവതിയുടെ കഥാപാത്രം. കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി എടുത്തുപറയേണ്ടത് വ്യക്തിത്വമുള്ള, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു കോളേജ് യുവതി എന്നതാണ്. വീട്ടിലെ സമ്പത്തിന്‍റെ പിന്‍ബലത്തിലോ സ്വന്തമായുള്ള ജോലിയിലൂടെ നേടുന്ന പരാശ്രയമില്ലാത്ത നിലയിലോ നിന്നുകൊണ്ടാണ് രേവതി അഭിനയിച്ച 90% കഥാപാത്രങ്ങളും കരുത്തുനേടുന്നത്. ശാരദ എന്ന 17 വയസ്സുള്ള പെണ്‍കുട്ടിയായാണ് കമല്‍ ഹസന്‍ നായകനായ ‘ഒരു കൈതിയിന്‍ ഡയറി’ എന്ന ചിത്രത്തില്‍ രേവതി. രേവതിയുടെ പരാജയ കഥാപാത്രങ്ങളുടെ നിരയില്‍ ഉള്‍പ്പെടുത്താവുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലേത്.സ്ത്രീ പ്രാധാന്യം ഒട്ടുമില്ലാത്ത ഒരു ചിത്രം. പരാജയ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു ചിത്രമാണ്‌ ‘കന്നിരാശി’. ദാമ്പത്യത്തെ പരിശുദ്ധിയോടെ കാണുന്ന ധനലക്ഷ്മി എന്ന ഗ്രാമീണ യുവതിയയാണ്‌ ചിത്രത്തില്‍ രേവതി.തുടര്‍ന്നുവന്ന ‘ഉദയഗീതം’ എന്ന ചിത്രം വാണിജ്യവിജയം നേടി. ജി.ത്യാഗരാജന്‍ സംവിധാനം ചെയ്ത ‘പകല്‍നിലാവ്’ എന്ന ചിത്രത്തില്‍ ജ്യോതിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പണം, പദവി, വര്‍ഗ്ഗം, സമ്പന്ന-കുലീന ആട്യതകള്‍ ജ്യോതിയില്‍ കടന്നുവരുന്നില്ല. മനുഷ്യന്‍റെ അടിസ്ഥാന വികാരങ്ങളായ സ്നേഹം, സങ്കടം തുടങ്ങിയവയില്‍ പങ്കാളിയാകുന്ന കഥാപാത്രം.

വി.അഴകപ്പന്‍ സംവിധാനം ചെയ്ത, ജാതിഗ്രാമങ്ങളുടെ കഥപറഞ്ഞ ‘അകയ താമരൈകള്‍’ എന്ന ചിത്രത്തില്‍ ചെമ്പകം എന്ന തനി നാട്ടിന്‍പുറത്തുകാരിയായാണ് രേവതി. എല്ലാവിധ പണികളിലും ഏര്‍പ്പെടുന്ന തന്‍റേടിയായ കഥാപാത്രം.’നീയൊക്കെ ഒരു പെണ്ണാണോ?’ എന്ന നായകന്‍റെ ചോദ്യത്തില്‍ നിന്നുതന്നെ നിയതമായ പുരുഷ സങ്കല്‍പത്തിലെ പെണ്ണ് എന്നതില്‍ നിന്നുള്ള വിടുതി കൈക്കൊണ്ട കഥാപാത്രമാണ് ചിത്രത്തില്‍ രേവതിയുടേത് എന്ന് ഊഹിക്കാമല്ലോ. രുഗ്മിണി എന്ന നാട്ടിന്‍പുറത്തുകാരിയായി വേഷമിട്ട ‘കുങ്കുമ ചിമിഴ്’ എന്ന ചിത്രത്തില്‍ സത്യസന്ധത കാത്തുസൂക്ഷിക്കുന്ന, ത്യാഗ മനോഭാവമുള്ള, മോഹദുഖങ്ങള്‍ അടക്കിവയ്ക്കുന്ന കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്‍. ‘രേവതി’ എന്ന കഥാപാത്രത്തെയാണ് ‘ആണ്‍പാവം’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.എടുത്തുപറയത്തക്കതായി ഒന്നും ചിത്രത്തിലെ കഥാപാത്രത്തിനില്ല. നടി സീത ഉള്‍പ്പടെ രണ്ടു നായികമാരാണ് ഈ ചിത്രത്തില്‍ ആര്‍.ഭൂപതി സംവിധാനം ചെയ്ത ‘ഡിസംബര്‍ പൂക്കളില്‍ കുറച്ച് ഭാഗത്ത്‌ മാത്രമാണ് രേവതിയുടെ കഥാപാത്രമുള്ളൂ. പൂര്‍ണിമ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍.പുരുഷനോടൊപ്പം തന്‍റേടത്തോടെ പ്രവര്‍ത്തിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ രേവതിയില്‍ കാണാം. പക പ്രണയത്തിന്വഴിമാറിയ കഥാ പശ്ചാത്തലമാണ് ഗോകുല കൃഷ്ണ സംവിധാനം ചെയ്ത ‘മരതകവീണ’ എന്ന ചിത്രത്തില്‍. കോകില എന്ന ഗ്രാമത്തിലെ നൃത്താധ്യപികയാണ് ചിത്രത്തില്‍ രേവതി. പ്രണയം, അതിന്‍റെ വിഗ്നം, ഹോമിക്കല്‍ ഇങ്ങനെ പോകുന്നു ചിത്രത്തിന്‍റെ പരിസരങ്ങള്‍.

രേവതിയുടെ തമിഴ് ചിത്രങ്ങളില്‍ മനശാസ്ത്രപരമായ നിരീക്ഷണങ്ങള്‍ ഏറെയുള്ളതും തന്‍റെ തന്നെ യഥാര്‍ത്ഥ ജീവിതം നിഴലിച്ചു നില്‍ക്കുന്നതുമായ ഏറെ പ്രാധാന്യമുള്ള ചിത്രമാണ്‌ മണിരത്നം സംവിധാനം ചെയ്ത ‘മൌനരാഗം’.അറേഞ്ച് ട് മാരേജിനെ തുടര്‍ന്ന് സംഭവിക്കുന്ന പ്രേമവും മാനസിക അകലങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.ദിവ്യ എന്ന കഥാപാത്രത്തെ രേവതിയും ചന്ദ്രകുമാര്‍ കഥാപാത്രത്തെ മോഹന്‍രാജും മികച്ചതാക്കി.രേവതിയുടെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നായകനായതും മോഹന്‍ രാജാണ്.ചിത്രത്തിന്‍റെ ടൈറ്റില്‍ ഭാഗങ്ങളില്‍ സംവിധായകന്‍ രേവതിയുടെ ബാല്യ കൌമാര ചിത്രങ്ങളാണ്‌ ചേര്‍ത്തിട്ടുള്ളത്.വിട്ടുവീഴ്ച്ചകളില്ലാത്ത സ്വാതന്ത്ര്യം മോഹിക്കുന്ന പെണ്‍കുട്ടിയെ ചിത്രത്തില്‍ കാണാം.കോളേജ് സഹപാഠികളോടൊപ്പം ജീവിതം ആഘോഷിച്ചു നടക്കുന്ന മോഡെന്‍ പെണ്‍കുട്ടി.എന്തുകൊണ്ട് ചെറുക്കനെ ഇഷ്ടമായില്ല എന്ന് പെണ്ണുകാണല്‍ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ ചോദിക്കുമ്പോള്‍ ഉറച്ച ഉത്തരം കാണാം:’പിടിക്കല ..അതിനാലെ പിടിക്കല’പിതാവിനോട് സ്വതന്ത്രയായി തന്‍റെ വിസമ്മതം അറിയിക്കുന്നു.പുരുഷന്‍റെ ഇഷ്ടമനുസരിച്ച് വില കൊടുത്ത് വാങ്ങുന്നതാണ് വിവാഹത്തിലൂടെ ഭാര്യയെയെന്നും,എന്നാല്‍ തിരിച്ച് സ്ത്രീകള്‍ക്കും ഈ പറഞ്ഞ തെരഞ്ഞെടുപ്പുകളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട് എന്ന് ചിത്രം കാണിച്ചുതരുന്നു.സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവാത്മക പ്രതികരണം സിനിമയില്‍ കാണുന്നു.’എന്നൈ പൊറുത്തവരൈക്കും മഞ്ഞച്ചായം പുരട്ടിയ ഒരു ചരട് മാത്രമാണത്.എന്ന് ദിവ്യ ഭര്‍ത്താവിനോട് പറയുന്ന ഒരു രംഗം ചിത്രത്തില്‍ കാണാം.തന്‍റെ യഥാര്‍ത്ഥ ജീവിതത്തിലെ കുട്ടിക്കാല സ്വഭാവങ്ങളും കൌമാര കാലവും വിവാഹ സന്ദര്‍ഭങ്ങളും മൌനരഗത്തിലെ ദിവ്യയുടേതിനു സമാനമായിരുന്നെന്ന്‍ ഒരഭിമുഖത്തില്‍ രേവതി പറയുകയുണ്ടായി.ചിത്രത്തിലെ സന്ദര്‍ഭത്തിനിണങ്ങിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആര്‍.രാമണ്ണ സംവിധാനം ചെയ്ത ലങ്കേശ്വരന്‍ എന്ന ചിത്രം കമ്പരാമായണകഥാഭാഗമാണ് പറയുന്നത്.സീതയെ തട്ടിക്കൊണ്ടുപോകുന്നതും രാമരാവണ യുദ്ധഭാഗങ്ങളുമാണ് ചിത്രത്തിന്‍റെ കഥാപരിസരം.സീതയുടെ കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്‍.1984ലെ മൂന്ന് തമിഴ് ചിത്രങ്ങളിലും സീത എന്നാണ് രേവതിയുടെ കഥാപാത്രത്തിന്‍റെ പേര്.തുടര്‍ന്ന് ഈ ചിത്രവും .ചിത്രത്തില്‍ സാക്ഷാല്‍ സീതയുടെ വേഷം മികച്ചതാക്കി.സീത കൂടാതെ മറ്റു പേരുകളും പല ചിത്രങ്ങളിലും ആവര്‍ത്തിച്ചുവരുന്നുണ്ട്.സീതയുടെ പതിഭക്തി നിറഞ്ഞ തന്മയീ ഭാവ മുഹൂര്‍ത്തങ്ങളെ രേവതി സ്വാഭാവികമായ അഭിനയത്താല്‍ മികച്ചതാക്കി മാറ്റി.രേവതിയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും സീതയുടെ സ്വഭാവ സവിശേഷതകള്‍ മൂര്‍ത്തമായിത്തന്നെ അന്തര്‍ധാരയിലൂന്നി നിലകൊള്ളുന്നതായി കാണുന്നുണ്ട്.അത്തരമൊരു സ്ഥായീഭാവം പ്രകടമായതുകൊണ്ടാകണം ഒരുപക്ഷെ സംവിധായകന്‍റെ ഈ ചിത്രത്തിലേക്കുള്ള ക്ഷണവും.കെ.സുരേഷ് സംവിധാനം ചെയ്ത ഉത്തമപുരുഷന്‍ എന്ന ചിത്രം മധ്യവര്‍ഗ്ഗ കുടുംബകഥയാണ് പറയുന്നത്.ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രേവതിയ്ക്ക് ഉത്തമ ഭാര്യ എന്ന സ്ഥാനത്ത് നിന്നുകൊണ്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങളല്ലാതെ മറ്റൊന്നും കാഴ്ചവയ്ക്കാനായില്ല. മഞ്ജു എന്ന കഥാപാത്രത്തെയാണ് ഇദയതാമര എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്. കടപ്പാടിനും സ്നേഹത്തിനും മധ്യത്തില്‍ നിശ്ചലയായി വഴികളടയുന്ന ഒരുവളുടെ മനോദുഖങ്ങള്‍ ഈ ചിത്രത്തില്‍ രേവതിയില്‍ കാണുന്നു. ചിത്രം അശുഭമായാണ്‌ അവസനുക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ മനോ വിഷമ സമസ്യകളിലുമാണ് ചിത്രം കൊണ്ടെത്തിക്കുന്നത്. തന്‍റെതായൊരു വ്യക്തിത്വമുള്ള കഥാപാത്രമായാണ് ഈ ചിത്രത്തില്‍ രേവതി.പുരണ സ്ത്രീ കഥാപാത്രങ്ങളുടെ സത്യ-ധര്‍മ്മപാതയാണ് ചിത്രത്തില്‍ രേവതി പിന്തുടരുന്നത്. താന്‍ പൂരിപ്പിക്കേണ്ട,ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട അവശ്യ കടമകള്‍ നിറവേറ്റലിനാണ് പ്രണയത്തേക്കാള്‍ രേവതിയുടെ കഥാപാത്രം പ്രഥമ പരിഗണന നല്‍കുന്നത്. കഥാതിരക്കഥാകൃത്തുകളുടെ സ്ഥാപിത നിലപടുകളിലൂടെയാണ് ചിത്രത്തിന്‍റെ കഥാഗതി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രമായാണ്, മലയാള സംവിധായകന്‍ ഫാസില്‍ അണിയിച്ചൊരുക്കിയ അരങ്ങേറ്റവേള എന്ന ചിത്രത്തിലെ രേവതിയുടെ ആശ എന്ന കഥാപാത്രം.

രേവതിയെ ഏറെ പ്രചോദിപ്പിച്ചതും ചിന്തിപ്പിച്ചതുമായൊരു ചിത്രമായിരുന്നു മണിരത്നം സംവിധാനം ചെയ്ത അഞ്ജലി. ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു പെണ്‍കുട്ടിയെ കേന്ദ്രമാക്കിയുള്ളതാണ് ചിത്രം. ഹൌസിംഗ് കോളനിയില്‍ താമസിക്കുന്ന ചിത്ര ശേഖര്‍ എന്ന ഒരു അണുകുടുംബ വീട്ടമ്മയായാണ്‌ ചിത്രത്തില്‍ രേവതി. സ്ത്രീത്വത്തിന്‍റെ പരമോന്നത ഭാവം മാതൃത്വത്തിന്‍റെത് തന്നെയാണ് എന്ന് ചിത്രത്തിലെ കഥാപാത്രം വ്യക്തമാക്കുന്നു. രഘുവരനാണ് രേവതിയുടെ ഭര്‍ത്താവായ ശേഖറായി വേഷമിട്ടത്. പില്‍ക്കാലത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളിലും സ്ഥാപനങ്ങളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചിന്തിപ്പിച്ചത് ഈ ചിത്രമാണെന്ന് അവര്‍ കൂടെക്കൂടെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രം രേവതിയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായതുകൊണ്ടും ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം എന്ന നിലയിലൊക്കെയാകണം രഘുവരനുമൊത്തുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഇഴുകിച്ചേര്‍ന്നുകൊണ്ട് സ്വാഭാവികതയോടെ അഭിനയിച്ചത്. കുട്ടികളുടെ ലോകത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അതില്‍ ഭാഗബാക്കാവുന്ന മുതിര്‍ന്നവരും. ദാമ്പത്യത്തിലെ വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള സന്ദര്‍ഭങ്ങളും ധാരാളം കടന്നുവരുന്നു ചിത്രത്തില്‍.

ആര്‍.വി ഉദയകുമാര്‍ സംവിധാനം ചെയ്ത കിഴക്കുവാസല്‍ എന്ന ചിത്രത്തില്‍ തായമ്മ എന്ന കഥാപാത്രമായാണ് രേവതി. നല്ല മനുഷ്യരില്‍ ചൊരിയുന്ന അപരിമേയമായ സ്നേഹം, വിശ്വാസം-ധര്‍മ ചിന്തകള്‍ തുടങ്ങിയ ഗുണങ്ങള്‍ രേവതിയുടെ ഈ കഥാപാത്രത്തില്‍ കാണാം. ഗ്രാമത്തില്‍ നാട്ടുപ്രമാണിയുടെ ദാസി എന്ന നിലയില്‍നിന്ന്‍ നായകന്‍ സിന്ദൂരം തൊടുവിക്കുമ്പോഴുള്ള, ഒരു ഗാനത്തിന്‍റെ ആരംഭത്തില്‍ കൂട്ടില്‍നിന്നും മോചിതയകുന്ന രേവതിയുടെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നു. കുങ്കുമം അവള്‍ക്ക് ഈ ചിത്രത്തില്‍ സ്വാതന്ത്ര്യവും അഭയവുമാണ്.

മനശാസ്ത്ര നിരീക്ഷണങ്ങളും നിലപാടുകളും ഏറെ കടന്നുവരുന്ന, മൌനരാഗം എന്ന ചിത്രത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ്‌ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘മറുപടിയും’. ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധത്താല്‍ ഉലച്ചില്‍ തട്ടുന്ന ദാമ്പത്യത്തെ പഴയപടി കെട്ടിപ്പടുക്കാന്‍ നടത്തുന്ന രേവതിയുടെ ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. തുളസി എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്. പുരുഷന് നേരെ എന്തുന്ന ശക്തമായ ആയുധമായി മാറുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും തുളസിയുടെ വാക്കുകള്‍. മറ്റൊരുവളുമായിക്കഴിഞ്ഞ് മടുപ്പുവരുമ്പോള്‍ ഭാര്യയുടെ അടുത്തേയ്ക്ക് വന്ന്‍ വീണ്ടും ജീവിതം തുടങ്ങാനാവശ്യപ്പെടുമ്പോള്‍ “ഒരു സ്ത്രീയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ തിരിച്ചുവരുമ്പോള്‍ പുരുഷന്‍ എന്ത് മറുപടി പറയും? “എന്ന,ശരങ്ങളെക്കാള്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങളാണ് രേവതിയുടെ കഥാപാത്രം പുരുഷനോട് ചോദിക്കുന്നത്. സ്വന്തം കാലില്‍ ജീവിക്കാന്‍ തന്‍റേതായ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന തുളസിയെയാണ് ചിത്രത്തിന്‍റെ ഒടുവില്‍ കാണാനാവുക.
വാക്കുകള്‍ തുടരെ തുടരെ ഫലിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമ ജനത രേവതിയെ ദേവിയാക്കി അവരോധിക്കുന്ന ചിത്രമാണ്‌ എം.എസ് മധു സംവിധാനം ചെയ്ത ദൈവവാക്ക് എന്ന ചിത്രം. തന്‍റെ ഈ അമാനുഷിക ശക്തിയെ ബന്ധുക്കള്‍ മുതലെടുപ്പ് നടത്തുന്നതിനെതിരെ ദുഖത്തോടെ രേവതി ക്ഷോഭിക്കുന്നു. ജാതി-സാമ്പത്തിക അന്തരങ്ങള്‍ക്കെല്ലാം അതീതമായി ഇഷ്ട പുരുഷനോടൊപ്പം ജീവിതം ആരംഭിക്കുന്ന ഹംസവേണി എന്ന കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്‍. ചിത്രത്തില്‍. ചിത്രത്തില്‍, പുരുഷാധികാരങ്ങള്‍ ഭരിക്കുന്ന കുടുംബത്തിലാണ് രേവതിയുടെ ജീവിതം. അതും വളര്‍ത്തുമകളായി. അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി അവള്‍ ജീവിതം തള്ളിനീക്കുന്നു. നെറ്റിയില്‍ ചാര്‍ത്തുന്ന സിന്ദൂരം ഭാര്യാഭര്‍തൃ ബന്ധത്തിലെ അദമ്യമായ വിശ്വാസത്തെ ഉറപ്പിക്കുന്നതാണെന്ന് ഔന്നത്യത്തോടെ ചില രംഗങ്ങളില്‍ നിറയുന്നുണ്ട്. ചുവപ്പിന്‍റെ ഒരു കുത്തൊഴുക്കുതന്നെ ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തില്‍ കാണാം. സപ്പോര്‍ട്ടിംഗ് ആക്ട്രസ്സിനുള്ള ദേശീയപുരസ്കാരം ലഭിച്ച ചിത്രമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത ‘തേവര്‍മകന്‍’.രേവതിയ്ക്ക് പുറമേ ഗൌതമിയയിരുന്നു മറ്റൊരു നായിക. ടൈറ്റില്‍ രൂപകല്പനയില്‍നിന്നുതന്നെ ചിത്രത്തിന്‍റെ പുരുഷ കേന്ദ്രിത ചിത്രം കിട്ടും. പഞ്ചവര്‍ണ്ണം എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്. സ്ത്രീത്വത്തെപ്പറ്റിപോലും കാര്യമായ ചിന്ത കടന്നുവരാത്ത നിരക്ഷയും ദരിദ്രയുമായ ഒരുവള്‍. വിദ്യാഭാസം ലഭിക്കുക വഴി സ്വതന്ത്ര ചിന്തകള്‍ മനുഷ്യന് കൈവരും എന്നതിന്‍റെ ദൃഷ്ടാന്തമാണ് ചിത്രത്തിലെ ഗൌതമിയുടെയും കമല്‍ ഹസന്റെയും കഥാപാത്രങ്ങള്‍. നായകന്‍റെ ധാര്‍മിക പാതയിലെ ഒരു മുഹൂര്‍ത്തത്തില്‍ കടന്നുവരുന്ന മറ്റൊരു, ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന കഥാപാത്രമാണ് രേവതിയുടെത്. ചിത്രത്തിന് രണ്ടു കഥാപരിസരങ്ങളാണുള്ളത്. ഒന്ന് തേവര്‍ കുടുംബത്തിന്‍റെയും മറ്റൊന്ന് ആശ്രയ വിഭാഗങ്ങളായ അന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെതും. തുടര്‍ന്നുപോന്ന തേവര്‍കുടുംബ പാരമ്പര്യത്തെ അപ്രതീക്ഷിതമായി പഞ്ചവര്‍ണ്ണത്തെ ശക്തി(കമല്‍ ഹസ്സന്‍) വിവാഹം ചെയ്യുന്നതോടെ മാറിമറയുന്നു.രണ്ടു കഥാപരിസരങ്ങളുടെയും കൂടിച്ചേര്‍ന്നുള്ള ഭാഗങ്ങളാണ് തുടര്‍ന്ന്,ചിത്രത്തില്‍ കാണുന്നത്.പ്രേക്ഷകരില്‍ വേദന ജനിപ്പിച്ച് രംഗം വിടുന്ന കഥാപാത്രമാണ് ഗൌതമി അഭിനയിച്ച ഭാനുമതിയുടെത്.വിദ്യാഭ്യാസം സിദ്ധിക്കാത്ത രേവതിയുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യത്വപരമായ സാമീപ്യത്താല്‍ അതിന്‍റെ ഔന്നത്യത്തിലെത്തുന്നതായാണ് മിക്ക ചിത്രങ്ങളിലും കാണുന്നത്.ചിത്രത്തില്‍ ഭാനുമതിയുടെ കടന്നുവരവിന് തുടര്‍ന്നുണ്ടാകുന്ന ഭാഗങ്ങളില്‍ ത്യാഗതല്‍പരമായ നിരവധി സംഭാഷണങ്ങള്‍ രേവതിയില്‍ ജനിക്കുന്നത് കാണാം.മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ച പ്രിയങ്ക എന്ന ചിത്രം സത്യസന്ധതയെ മുന്‍നിര്‍ത്തിയുള്ള കഥാപരിസരത്തെയാണ് അവതരിപ്പിക്കുന്നത്.ജീവിതത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന സ്വഭാവമാണ് രേവതി അവതരിപ്പിച്ച പ്രിയങ്ക എന്ന കഥാപാത്രത്തിന്‍റെത്.തന്‍റെയും കുടുംബത്തിന്‍റെയും അസ്തിത്വത്തെ ഉള്ളറിഞ്ഞുകൊണ്ടുള്ള ജീവിതം/ജീവിത കാഴ്ചപ്പാടുകള്‍ പ്രിയങ്കയില്‍ കാണാം.തന്‍റേടിയായവളെ,ജീവിതത്തിന് വ്യക്തമായ കാഴ്ചപ്പാടുള്ള കഥാപാത്രത്തെയാണ് ചിത്രത്തിന്‍റെ അര്‍ദ്ധഭാഗങ്ങളില്‍ കടന്നുവരുന്ന കോടതി വിചാരണകളും ഭര്‍തൃ കുടുംബത്തിന്‍റെയും മാധ്യമങ്ങളുടെയും വേട്ടയാടലും തന്‍റെ കരുത്തിനെ തളര്‍ത്തുന്നതിലെത്തിക്കുന്നു.കാഴ്ച സത്യത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന വിവിധ സാമൂഹിക ഘടകങ്ങളെ ചിത്രം ചോദ്യം ചെയ്യുന്നു.ധാര്‍മികതയിലും സത്യസന്ധതയിലും ഊന്നിയുള്ള ജീവിതമാണ്‌ രേവതിയുടെ കഥാപാത്രത്തിത്തിന്‍റെത്.

ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു നാസര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1995ല്‍ പുറത്തിറങ്ങിയ ‘അവതാരം’. ജയിലറയില്‍,നായകന്‍ തന്‍റെ പൂര്‍വകാലം ഓര്‍ത്തെടുക്കുന്ന രംഗത്തിലൂടെയാണ്‌ ചിത്രത്തിന്‍റെ ആരംഭം. പൊന്നമ്മയെന്ന കാഴ്ചയില്ലാത്ത കഥാപാത്രമായാണ് രേവതി, ഈ ചിത്രത്തില്‍. കഥാപാത്ര സവിശേഷതകൊണ്ടുകൂടി ശരീര ചലനങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. തമിഴ്-നാടോടി കലാ ജീവിത പരിസരങ്ങള്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെ രേവതി മികവുറ്റതാക്കി. നാസര്‍ അവതരിപ്പിച്ച കുപ്പുസ്വാമി എന്ന കഥാപാത്രവും മികച്ചുനില്‍ക്കുന്നു.

ജാതിസമ്പ്രദായത്തിനെതിരെ ശക്തമായി പോരാടുന്ന ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് സുന്ദര്‍രാജ് സംവിധാനം ചെയ്ത ‘ഗാന്ധി പിറന്ന മണ്ണ്’ എന്ന ചിത്രത്തില്‍ രേവതി അവതരിപ്പിച്ചത്. ജാതിഗ്രാമങ്ങളുടെ വിഭജനവും വിവേചനങ്ങളും ഇന്നും രൂക്ഷമായി തുടരുന്ന തമിഴ്നടന്‍ ഉള്‍ഗ്രാമങ്ങളുടെ ചിത്രം ചിത്രത്തില്‍ കാണാം. പക്ഷെ, ചിത്രത്തില്‍ നായക പ്രവൃത്തി മണ്ഡലത്തിന്‍റെ വിന്യാസം വാണിജ്യ ലക്ഷ്യങ്ങളിലൂന്നിയാണ്. ‘തമിഴച്ചി’ എന്ന ചിത്രത്തില്‍ ഒരു ജേണലിസ്റ്റിന്‍റെ വേഷമാണ് രേവതിയുടേത്.ചിത്രത്തില്‍ കൂടുതല്‍ റോള്‍ രണ്ജിതയ്ക്കാണെങ്കിലും ഉള്ള കുറച്ച് സമയത്തെ വേഷം കരുത്തുള്ളതാണ്. ശാന്തമായും തന്‍റേടത്തോടെയും പക്വതയാര്‍ന്നതുമായ ഒരു പത്രപ്രവര്‍ത്തകയെ രേവതിയുടെ കഥാപാത്രത്തില്‍ കാണാം. ശരവണ പാണ്ട്യന്‍ സംവിധാനം ചെയ്ത തലമുറ എന്ന ചിത്രത്തില്‍ രേവതിയുടെ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. മാതൃത്വം കൊതിക്കുന്ന,രാജ്കിരണിന്‍റെ ഭാര്യയായാണ് ചിത്രത്തില്‍. സ്നേഹം, കുടുംബം, പരസ്പര വിശ്വാസം. ധര്‍മ്മം തുടങ്ങിയവയ്ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രേവതി.

അന്നക്കൊടി എന്ന ഗ്രാമീണ മധ്യവയസ്കയെ മുകവുറ്റതാക്കി അഭിനയിച്ച ചിത്രമാണ്‌ ഭാരതിരാജയുടെ ‘താജ്മഹല്‍’ എന്ന ചിത്രം. നായികാ നായക പ്രണയമാണ് സംവിധായകന്‍ കേന്ദ്രമാക്കിയതെങ്കിലും ചിത്രം കണ്ട ശേഷം ഏറെ ചിന്തിപ്പിക്കുക നായകന്‍റെ അമ്മയായി വേഷമിട്ട രേവതിയെയായിരിക്കും എന്നതില്‍ സംശയമില്ല. തെന്മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലെ, ശരണ്യ പൊന്‍വണ്ണനെ ദേശീയ അവാര്‍ഡിന് ആര്‍ഹയാക്കിയ കഥാപാത്രത്തിന് ഏറെ സമാനത ഈ ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തിനുണ്ട്.തനി കച്ചവട ലാക്കോടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തില്‍ രേവതി തന്‍റെ ഭാഗം മികച്ചതാക്കി. രേവതി മത്രമാണ് ഈ ചിത്രത്തിലെ യാഥാര്‍ത്ഥ്യം. ഭാര്യ എന്നതിന്‍റെ ഉത്തരവാദിത്വങ്ങളും ദുരിതങ്ങളും നിറഞ്ഞ അവരോചക ജീവിതം നയിക്കുന്ന കഥാപാത്രത്തെ രേവതി അവതരിപ്പിക്കുന്നു. സമാധാന ജീവിതാന്തരീക്ഷം നിവര്‍ത്തിച്ചുപോരുന്ന അന്നക്കൊടിക്ക് മുന്‍പില്‍ പ്രതിബന്ധങ്ങള്‍ നിറയ്ക്കുന്നത് ഭര്‍ത്താവ്, മകന്‍ എന്നിവരാലാണ്. അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തേണ്ടത്‌ അവളുടെ മാത്രം ആവശ്യമായി വരുന്നു. യുവതി, ഭാര്യ, അമ്മ തുടങ്ങിയ ജീവിതത്തിലെ ഓരോ ഘട്ടവും നീറുന്ന അവസന്ന്യാവസ്ഥകളായി മാറുന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമായി മുന്നില്‍ രേവതിയുടെ കഥാപാത്രം നില്‍ക്കുന്നു. ഭര്‍ത്താവിന്‍റെ എതിര്‍ നടപ്പുകള്‍ക്കും മകനാല്‍ വന്നുചേരുന്ന ദുരിതങ്ങള്‍ക്കും പരിഹാരമായി രേവതിയ്ക്ക് ഒടുവില്‍ തന്‍റെ ജീവന്‍ വിലയായി നല്‍കേണ്ടിവരുന്നു.

തജ്മഹല്‍ എന്ന ചിത്രത്തിന് ശേഷം വന്ന റെഡ്, തമിഴന്‍, തൂണ്ടില്‍, കണ്ടനാള്‍ മുതൽ, അമ്മ കണക്ക് തുടങ്ങിയ തമിഴ് ചിത്രങ്ങളിലെല്ലാം രേവതിയുടെ കഥാപാത്രത്തെ മാത്രം എടുത്ത് നിരീക്ഷണം നടത്തുമ്പോള്‍ അവയെല്ലാം പ്രധാന്യമുള്ളവതന്നെ. പക്ഷെ, അത് മുന്പ് സൂചിപ്പിച്ച, കഥ മോശമായാലും സ്ത്രീക്കെന്തെങ്കിലും ചിത്രത്തില്‍ ചെയ്യാനുണ്ടാകണം എന്ന തലത്തിലാണ് നില്‍ക്കുന്നത്.
രേവതി :മലയാള ചിത്രങ്ങളില്‍
മലയാള ചിത്രങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യവും നിരൂപക ശ്രദ്ധയും ലഭിച്ച ചിത്രം ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ‘മങ്കമ്മ’യാണ്. സ്ത്രീയുടെ ശക്തമായ ചെറുത്തുനില്‍പ്പ്‌ ചിത്രത്തില്‍ കാണാം.ഷീല-ശാരദമ്മാര്‍ക്ക് ശേഷം മലയാള ചലച്ചിത്രങ്ങളില്‍ വളരെ അപൂര്‍വ്വം മാത്രമാണ് ചലച്ചിത്രം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. ഷാജി എന്‍,കരുണിന്‍റെ സ്വം, ടി.വി ചന്ദ്രന്‍റെ മങ്കമ്മ എന്നീ ചില അപവാദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മലയാള സിനിമയില്‍ മലയാള സിനിമയില്‍ ഇന്നും ഈ അവസ്ഥ തുടരുകയാണെന്ന് നിരൂപകനും സംവിധായകനുമായ കെ.ഗോപിനാഥന്‍ നിരീക്ഷിക്കുന്നു.സ്ത്രീ കരുത്ത് പ്രകടമായ ധാരാളം സംഭാഷണങ്ങള്‍ മങ്കമ്മയിലുണ്ട്:
കറുപ്പന്‍ അവളുടെ നെഞ്ചില്‍ തല ചായ്ച്ച് വിതുമ്പുന്നു.
മങ്കമ്മ:(കറുപ്പന്‍റെ മുഖം പിടിച്ചുയര്‍ത്തി ദൃഡതയോടെ ):കരഞ്ഞോണ്ടിരുന്നാ പറ്റൂല.നമുക്ക് ജീവിക്കണം.
അപ്പന് കരുത്തും താങ്ങുമാകുന്ന മകളുടെ വാക്കുകളാണിവ.മറ്റു സന്ദര്‍ഭങ്ങള്‍:ഗായകന്‍ ഒരു മൂളിപ്പാട്ടോടെ അവളുടെ അരികിലെത്തുന്നു.ചുരുണ്ടുകിടന്ന മങ്കമ്മയുടെ പിന്‍ഭാഗത്ത് കൈവയ്ക്കുന്നു.മങ്കമ്മ കണ്ണുകള്‍ തുറന്നു.അവളുടെ വളരെ അരികത്ത് പല്ലുകാട്ടി ചിരിച്ച് ഗായകന്‍.മങ്കമ്മ അതേ കിടപ്പില്‍ കാലുയര്‍ത്തി അയാളുടെ മുഖത്ത് തൊഴിക്കുന്നു.(സീന്‍ 1)
ഡ്രൈവര്‍: മങ്കമ്മ കുറച്ച് വെള്ളം തരുവോ?
മങ്കമ്മ വിറക് താഴെയിട്ട് എഴുന്നേറ്റ് ഒരു പാത്രത്തില്‍ വെള്ളം അയാള്‍ക്ക് കൊടുക്കുന്നു.അയാള്‍ വെള്ളം വാങ്ങാതെ ചിരിയോടെ
ഡ്രൈവര്‍:മങ്കമ്മ ഒന്ന് ഒഴിച്ച് തരുമോ?
മങ്കമ്മയുടെ ശബ്ദം താഴ്ത്തി:വീട്ടില്‍പോയി ഭാര്യയോട് പറ (സീന്‍ 48)
അയാളുടെ നോട്ടം മങ്കമ്മയുടെ നെഞ്ചത്ത്. മങ്കമ്മ ഷര്‍ട്ടുണക്കുന്നതിനിടയില്‍ അയാളുടെ നോട്ടം ശ്രദ്ധിക്കുന്നു.
അയാള്‍ നോട്ടം പിന്‍‌വലിക്കുന്നു. മങ്കമ്മ ഷര്‍ട്ടുണക്കി അയാളുടെ അരികിലെത്തി ഷര്‍ട്ട് നീട്ടി.
മങ്കമ്മ:പെണ്ണുകാണാനാണ് പോണ്.അവിടെപോയി പെണ്ണിന്‍റെ നെഞ്ചത്ത് നോക്കി നിന്നുകളയരുത്.
ജീവിതത്തിന്‍റെ തീക്ഷ്ണ ദുരിതം,കഷ്ടപ്പാടുകള്‍ തുടങ്ങിയവയെല്ലാം അനുഭവിച്ച പക്വമതിയായവളെ രേവതിയുടെ കഥാപാത്രത്തില്‍ കാണാം.

മലയാളത്തില്‍ അഭിനയിച്ച 31 ചിത്രങ്ങളില്‍നിന്നും, ഫാദേഴ്സ്‌ ഡേ, മോളി ആന്‍റി റോക്ക്സ്, ദേവാസുരം, പെണ്‍പട്ടണം, കൃഷ്ണപക്ഷ കിളികള്‍, പാട്ടിന്‍റെ പാലാഴി, അദ്വൈതം, മായാമയൂരം, അഗ്നിദേവന്‍, ഒറ്റയടിപ്പാതകള്‍, പുരാവൃത്തം തുടങ്ങിയ ചിത്രങ്ങളിലാണ് എടുത്തുപറയത്തക്ക സ്ത്രീ പ്രാധാന്യ കഥാപാത്രങ്ങള്‍ കാണുന്നത്. ഇന്ത്യന്‍ റുപ്പി, ഗ്രാമഫോണ്‍, കറന്‍സി, അനന്തഭദ്രം, മിഴിരണ്ടിലും തുടങ്ങിയ ചിത്രങ്ങളിലെല്ലാം കഥാപാത്രങ്ങളെ മാത്രം എടുത്തു നിര്‍ത്തി പരിശോധിക്കുമ്പോഴേ പ്രാധാന്യത്തോടെ കാണുന്നുള്ളൂ. കഥാപാത്ര തെരഞ്ഞെടുപ്പില്‍ വലിയ പാളിച്ചകള്‍ സംഭവിച്ച മൂന്നാംമുറ, പാഥേയം എന്നീ ചിത്രങ്ങളും ഈ സവിശേഷ ഗണത്തില്‍ പെടുന്നവതന്നെ.ഈ ഗണത്തിലെ പല ചിത്രങ്ങളും രേവതി ഇല്ലാതെയും ചിതം മുന്നോട്ടുപോകും എന്ന നിലയില്‍ വരെ എത്തിയത് കാണാം.

അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ‘ഫാദേഴ്സ് ഡേയ്‌’. അമ്മ എന്ന സത്യത്തില്‍ നിന്നുകൊണ്ട് അച്ഛന്‍ എന്ന വിശ്വാസത്തിലേക്കുള്ള ഒരന്വേഷണമാണ് ഈ ചിത്രം.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് രേവതി.ഡോ.സീതാലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.മനുഷ്യന്‍റെ അധമ വാസനകളെയും അമാനസികാവസ്ഥയേയും സൈക്കോപാത്ത് അപ്രോച്ചിലൂടെ വിശകലനം ചെയ്യുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍.”ഈ കഥയെഴുതുമ്പോള്‍തന്നെ മനസ്സില്‍ കണ്ടത് രേവതിയെയാണ്.ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ അവര്‍ക്കിഷ്ടമായെങ്കിലും തിരക്കഥ വായിക്കണമെന്ന് പറഞ്ഞു.തിരക്കഥ വായിച്ച് ബോധ്യമായപ്പോള്‍ ഓ.കെ പറയുകയായിരുന്നു.രേവതിയെന്ന നടിയുടെ സഹകരണമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്.അവരുടെ കഥാപാത്രത്തിനായി ചിലഭാഗങ്ങള്‍ പൊളിച്ചെഴുതിച്ചേര്‍ത്തു.” എന്ന,സംവിധായകന്‍റെ വാക്കുകള്‍ രേവതിയെന്ന നടിയുടെ കഴിവിന്‍റെയും അര്‍പ്പണ ബോധത്തിന്‍റെയും പ്രതിധ്വനികള്‍കൂടിയാണ്.”എനിക്ക് വേണ്ടി മാത്രമല്ല,എല്ലാ സ്ത്രീകള്‍ക്കും വേണ്ടിക്കൂടിയാണ് ഞാനീ ചിത്രത്തിലെ വേഷം ചെയ്യുന്നതെന്നും രേവതി ഒരഭിമുഖത്തില്‍ പറയുകയുണ്ടായി.

മറ്റൊരു,കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രഞ്ജിത്ത് ശങ്കറിന്‍റെ ‘മോളി ആന്റി റോക്ക്സ്’. സ്വന്തം ഇഷ്ടപ്രകാരം എന്നാല്‍ സാദാചാര മര്യാദകള്‍ ലംഘിച്ചുകൊണ്ടല്ലാതെ ആര്‍ക്കും ബാധ്യതയാകാതെ ഇഷ്ടമുള്ള വസ്ത്രം ധരിക്കുക,ഇഷ്ട ഭക്ഷണം കഴിക്കുക,പുസ്തകം വായിക്കുക ..അങ്ങനെ ആര്‍ക്കും ബാധ്യതയകാതെയുള്ള ജീവിതം നയിക്കുന്ന സ്ത്രീ ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.അത്തരം പ്രശ്നങ്ങളാണ് മോളി ആന്റി റോക്സ് പറയുന്നത്.രേവതിയെ കിട്ടിയിരുന്നില്ലെങ്കില്‍ ഈ ചിത്രം എടുക്കില്ലായിരുന്നു എന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും കഥാപാത്ര പ്രാധാന്യം വ്യക്തമാകും.സ്ത്രീയുടെ ‘സ്വതന്ത്രജീവിതം’എന്നതില്‍നിന്നും കഥാപാത്രം എന്ന സ്വപ്നം പ്രായോഗികമാക്കി ജീവിക്കുന്ന കഥാപാത്രമാണ് മോളി.സ്വന്തം ഇഷ്ടങ്ങള്‍,അഭിപ്രായങ്ങള്‍,തീരുമാനങ്ങള്‍,വാക്കിന്‍റെ ഉറപ്പ് തുടങ്ങിയവയെല്ലാം കഥാപാത്രത്തില്‍ കാണാം.ഒരു സീനില്‍ മോളി മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്മരണകള്‍’വായിക്കുന്നുണ്ട്.അതില്‍നിന്നും മാധവിക്കുട്ടിയുടെ ജീവിത വീക്ഷണങ്ങള്‍ മോളിയുടെ ജീവിത ഗതിയ്ക്ക് സഹായകമയിട്ടുണ്ടാകാം എന്ന് കരുതവുന്നതാണ്.ക്ഷമയും ശാന്തതയും നിറഞ്ഞ പക്വമതിയായ കഥാപാത്രമാണ് രേവതിയുടെത്.അമ്പലത്തിലെ ഒരു തറയിലിരുന്നതിനെ അധികൃതര്‍ ലഘുവായി ശാസിച്ചപ്പോള്‍ “അതെന്താ ഇവിടെ ഇരുന്നാല്‍?”എന്ന് ഭര്‍ത്താവിനോട് ചോദിക്കുന്ന സന്ദര്‍ഭവും കാണാം.പിന്നീടൊരു സന്ദര്‍ഭത്തില്‍ ‘നിനക്കീ ലോകത്ത് എന്തിനെയാണ് പേടിയുള്ളത്?’ എന്ന ഭര്‍ത്താവിന്‍റെ ചോദ്യവും രേവതിയുടെ സ്വഭാവത്തിന്‍റെയും കഥാപാത്ര സ്വഭാവത്തിന്‍റെയും ആകെത്തുകയാണ്.പുരുഷനോടൊപ്പം,ഒരുപക്ഷെ,പുരുഷനേക്കാള്‍ ഒരുപടി മേലെ നില്‍ക്കുന്ന ധൈര്യവും ചങ്കുറപ്പും ഈ കഥാപാത്രത്തില്‍ കാണുന്നു.

പ്രേക്ഷകര്‍ എക്കാലത്തും ഓര്‍മ്മിക്കുന്ന,കരുത്തുറ്റ ഒരു കഥാപാത്രമാണ് ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ ‘മാമ്പറ്റ ഭാനുമതി’എന്ന കഥാപാത്രം.ധാരാളം മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ ഈ ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തില്‍ കാണാം.അതില്‍ പ്രധാനപ്പെട്ട ഒന്നാണ്,തന്‍റെ നൃത്തത്തെ അലങ്കോലപ്പെടുത്തിയ നായകനോട് പറയുന്ന”എന്‍റെ ഉള്ളിലുമുണ്ട് ചെറിയ ജയങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മനസ്സ്.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയെ മതിയാകൂ” എന്ന ഡയലോഗ്.രേവതിയോട് ചിലങ്ക അണിയണം എന്ന നായകന്‍റെ താഴ്മയായ വാക്കുകളുടെ മറുപടി ഇങ്ങനെ:”അത് നിങ്ങളുടെ മരണശേഷമേ ഉണ്ടാകൂ..എന്നും എവിടെയും തോല്‍ക്കാന്‍ എനിക്കിത്തിരി പ്രയാസമുണ്ട്”.തുടര്‍ന്നുള്ള സംഭാഷണത്തില്‍ നായകന്‍ പറയുന്നു:’അതൊരു ഉറച്ച മനസ്സില്‍നിന്നുമുള്ള വാക്കുകളാ’.നൃത്തശേഷം നായകന് സംഭവിക്കുന്ന നഷ്ടങ്ങള്‍ ഭാനുമതിയുടെ ശാപത്തിന്‍റെ ഫലമാണെന്ന് സിനിമയുടെ ഉത്തരാര്‍ദ്ധ ഭാഗത്ത് നായകനായ മങ്കലശ്ശേരി നീലകണ്ഠന്‍ പറയുന്നുണ്ട്.ചിത്രത്തില്‍ പക പ്രണയത്തിന് വഴിമാറുന്നത് രേവതിയുടെ കഥാപാത്രത്തില്‍ കാണാം.സ്ഥിരം ഐവി. ശശി ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യവും പരിചരണവും ഈ ചിത്രത്തിലും തുടരുന്നു.അഭിനയത്തേക്കാള്‍ ഒരുപടി മികച്ചവയായിരിക്കും ഐ.വി. ശശി ചിത്രങ്ങളിലെ സ്ത്രീ സംഭാഷണങ്ങള്‍.ഈ പറഞ്ഞത് ദേവാസുരത്തിലും കാണുന്നു.

ശ്രദ്ധേയമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ്‌ വി.എം വിനു സംവിധാനം ചെയ്ത പെണ്‍പട്ടണം. കരുത്തുറ്റ സംഭാഷണങ്ങളും ചിത്രത്തില്‍ കാണാം. ഗിരിജ എന്ന ശുചീകരണ തൊഴിലാളിയെയാണ് രേവതി അവതരിപ്പിച്ചത്. “ഈ കണ്ണീരല്ല വേണ്ടത്, പെണ്ണായി ജീവിക്കണം” എന്ന് രേവതി ഒരുവളുടെ ഭര്‍ത്താവിനാല്‍ കണ്ണീരു കുടിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ഉപദേശിക്കുന്നു.”ആണ്‍തുണയില്ലാത്ത പെണ്ണിന് രാത്രി മടാളാണ് കൂട്ട്”എന്ന് പറയുന്ന അതേ ഗിരിജയില്‍ “സ്നേഹിക്കുവാന്‍ ഒരാളുണ്ടാവുക എന്നത് എന്നും സന്തോഷമാണ് “എന്ന ചിന്തയും നിറയുന്നത് കാണാം. ചില സന്ദര്‍ഭങ്ങളില്‍ പുരുഷനൊപ്പവും പുരുഷനേക്കാള്‍ ശക്തമായി മുഖത്തോട് മുഖം നിന്ന് കൈ ചൂണ്ടി സംസാരിക്കുന്ന ഗിരിജയെ കാണാം. സ്വഭാവനടി എന്ന തലത്തിലും ബാഹ്യാര്‍ത്ഥത്തില്‍ രേവതിയെ ഈ ചിത്രത്തില്‍ കാണാനാകും.

ഭര്‍ത്താവ് നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കൃഷ്ണപക്ഷക്കിളികള്‍ എന്ന ചിത്രത്തിനെ കഥ. നല്ല ലക്ഷ്യങ്ങളുള്ള റോളുകളാണെങ്കില്‍ അവ സ്വീകാര്യമാണ് എന്ന് തെളിയിക്കുന്നു ഈ ചിത്രത്തിലും രേവതി. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ മേരി എന്ന കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്‍. എണ്ണപ്പെട്ട മോഹങ്ങളുമായി ജീവിക്കുന്ന/ജീവിക്കേണ്ടിവരുന്ന ഒരു കഥാപാത്രം. അന്യരെ ഉപദ്രവിക്കാതെ സ്വന്തമായി വിയര്‍പ്പൊഴുക്കി ക്രിസ്ത്യന്‍ വചനങ്ങളിലൂടെ ജീവിക്കുന്ന ഒരു കഥാപാത്രം. സമ്പന്ന-ദരിദ്ര കുടുംബ ജീവിതങ്ങളെ താരതമ്യപ്പെടുത്തലിനുകൂടി ചിത്രം വിധേയമാകുന്നു. കഥാപാത്രത്തിനിണങ്ങിയ വസ്ത്രവും ശരീരാലങ്കാരങ്ങളും മറ്റും തികച്ചും ചേര്‍ച്ചയോടെ രേവതിയുടെ കഥാപാത്രത്തില്‍ കാണാം.

രാജീവ്‌ അഞ്ജല്‍ സംവിധാനം ചെയ്ത ‘പാട്ടിന്‍റെ പാലാഴി ‘ സ്ത്രീ സംബന്ധിയായ നിരവധി ചോദ്യമുനകള്‍ പുരുഷനുനേരെ എറിയുന്നു.ലണ്ടനില്‍ താമസിക്കുന്ന ഡോ.റസിയ എന്ന മനശാസ്ത്രജ്ഞയായാണ് ചിത്രത്തില്‍ രേവതി.ജീവിതം തകര്‍ന്ന വീണയെ(മീര ജാസ്മിന്‍) ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നത് റസിയയാണ്. വിദ്യഭ്യാസവും സ്വന്തമായൊരു തൊഴിലും സ്ത്രീയ്ക്ക് കരുത്ത് നല്‍കും എന്ന് ചിത്രം മുന്നറിയിപ്പ് നല്‍കുന്നു. ചിത്രത്തിലെ ചില സംഭാഷണങ്ങളും കരുത്തുറ്റതാണ്:
വീണ:എന്‍റെ വിധിയ ചേച്ചി.
റസിയ:വിധിയോ? ആര് പറഞ്ഞു?നിന്നുകൊടുത്തിട്ടല്ലേ തല്ലിക്കൊഴിക്കാന്‍.മുഖത്ത് വാതില്‍ കൊട്ടിയടച്ച് ഇറങ്ങിപ്പോരണമായിരുന്നു.എന്തേ ചെയ്തില്ല?
(വിവാഹത്തിലൂടെ തന്‍റെ ആഗ്രഹം നിറവേറ്റിയില്ല എന്ന സങ്കടം വീണ റസിയയോട് പറയുന്ന സന്ദര്‍ഭത്തിലെ സംഭാഷണങ്ങളാണിത്)
“ആണുങ്ങളോടെനിക്ക് ബഹുമാനമാ.ഭര്‍ത്താവും അച്ഛനും മാത്രമല്ല,പെണ്ണിന്‍റെ ദൈവമാകാനും അവന് കഴിയും.വിവാഹ ജീവിതത്തിന്‍റെ സൌന്ദര്യം ഇഷ്ടത്തിലും സ്നേഹത്തിലും മാത്രമല്ല,ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ചെയ്യുന്ന ത്യഗത്തിലാ”എന്ന് വീണയുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ശേഷം അവളുടെ ഭര്‍ത്താവിനോട് റസിയ പറയുന്ന സംഭാഷണങ്ങളാണിത്.

തന്‍റേതായൊരിടവും വ്യക്തിത്വവും നിലനിര്‍ത്തുന്ന കഥാപാത്രത്തെയാണ് വേണു നാഗവള്ളി സംവിധാനം ചെയ്ത ‘അഗ്നിദേവന്‍’ എന്ന ചിത്രത്തില്‍ രേവതി അവതരിപ്പിച്ച സുദര്‍ശന എന്ന കഥാപാത്രത്തില്‍ കാണുന്നത്. സ്ത്രീ വിമോചനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള ചിന്തകള്‍ മനസ്സില്‍ ഉരുവം കൊള്ളുന്നതും കാണാം. പത്രപ്രവര്‍ത്തകയായാണ്‌ ചിത്രത്തില്‍ രേവതി. വിവാഹത്തിന് മുന്‍പ് പിതാവിന്‍റെ അനുഗ്രഹം വാങ്ങിക്കാന്‍ നായകന്‍ മോഹന്‍ലാലിനൊപ്പം പോയതിന് രേവതിയ്ക്ക് നേരെ ദേവന്‍ കയര്‍ത്ത് സംസാരിക്കുമ്പോള്‍ തിരിച്ച് ശക്തമായി പ്രതികരിക്കുന്നു. ഇത് ചിത്രത്തിലെ രേവതിയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.പാരമ്പര്യത്തിന് കീഴില്‍ ഒതുങ്ങി കഴിയുന്ന സുദര്‍ശന എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ കാണുന്നത്.ആദ്യ പകുതിയിലെല്ലാം പ്രതികരണശേഷി വറ്റിയ സുദര്‍ശനയെയാണ് പ്രേക്ഷകര്‍ക്ക് കാണാനാകുക.പൊതുവില്‍ രേവതിയുടെ ശബ്ദം ഉയരാത്തത് കഥാപാത്രത്തിന് കുടുംബത്തിലുള്ള സ്ഥാനത്തെക്കൂടി അടിസ്ഥാനമാക്കിയാണ്. നായക-പ്രതിനായകരും അതിനോടൊപ്പം മുന്നേറുന്ന ഉപകഥാപാത്രങ്ങളും എന്ന ഘടനയാണ് ചിത്രത്തിന്. സ്വാഭാവികമായി കഥാപ്രമേയം അത്തരുണത്തിലാകയാല്‍ രേവതിയുടെ കഥാപാത്രത്തിന് ചെയ്യാന്‍ കഴിയുന്നതിനും പരിമിതികള്‍ ഏറെ.

രണ്ടാം ഭാഗത്താണ് വ്യക്തിത്വമുള്ള കഥാപാത്രമായി സുദര്‍ശന പ്രക്ത്യക്ഷപ്പെടുന്നത്. പലരുടെയും ആജ്ഞാനുവര്‍ത്തിയാകുന്ന കഥാപാത്രത്തെയും സുലോചനയില്‍ കാണാം.ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തിന് ഭാവപ്പകര്‍ച്ചകള്‍ കാണുന്നു. ആദ്യഭാഗത്ത് തന്‍റേതായൊരിഷ്ടം, അഭിപ്രായം, ഇവ കാണുന്നില്ല/തുടര്‍ന്ന് കല്യാണ നിശ്ചയസമയത്ത് പ്രതികരിക്കുന്നവളായി/അമ്മയുടെ മരണശേഷം പക്വതയാര്‍ന്ന്‍ സ്വന്തം വഴി തെരഞ്ഞെടുക്കുന്നു, കാര്യങ്ങള്‍ തീരുമാനിക്കാനുള്ള മാനസിക ധ്രിടത കൈവരുന്നു). ചിത്രത്തിന്‍റെ രണ്ടാം പകുതിവരെയുള്ള ഭാഗങ്ങളില്‍ വാക്ക്/പ്രവൃത്തി ഇവ തമ്മില്‍ വിരുദ്ധമായാണ് സുദര്‍ശന എന്ന കഥാപാത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഏകീകൃത രൂപം കൈവരുന്നുമില്ല. രേവതിയുടെ പൊതുവേയുള്ള കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ഈ കഥാപാത്രത്തെ നിരീക്ഷിക്കുമ്പോള്‍ പാരമ്പര്യ നൂലാമാലകളാല്‍ വീര്‍പ്പുമുട്ടുന്ന ഒരുവളെയാണ് കാണുന്നത്.
സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഒറ്റയടിപ്പാതകളില്‍ നിറഞ്ഞ സ്നേഹവും വറ്റിപ്പോകുന്ന സ്നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രതിപാധ്യം.മാനസികാപഗ്രഥനത്തിന് നിരവധി നീക്കിയിരിപ്പുകള്‍ നല്‍കുന്ന മലയാള സിനിമകളില്‍ ഒന്നാണിത്.
ഭാവപ്പകര്‍ച്ചകളും വേഷപ്പകര്‍ച്ചകളും കടന്നുവരുന്നൊരു കഥാപാത്രമാണ് മായാമയൂരം എന്ന ചിത്രത്തില്‍ രേവതി അവതരിപ്പിച്ച നന്ദ എന്ന കഥാപാത്രം. ബാംഗ്ലൂരില്‍ സ്വതന്ത്രയായി ജീവിക്കുന്ന കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറേയും കാമുകന്‍റെ മരണശേഷം പട്ടാമ്പി താളൂര്‍ തറവാട്ടില്‍ ശിഷ്ട്ടകാലം ഹോമിക്കുന്ന ദുഖിതയായ പെണ്‍കുട്ടിയെയും ചിത്രത്തിലെ നന്ദയില്‍ കാണാം.കാമുകന്‍റെ മരണം,തുടര്‍ന്നുള്ള സീനുകള്‍ എന്നിവയില്‍ തികഞ്ഞ പക്വത രേവതിയില്‍ കാണാം.നഗരത്തില്‍നിന്നും ഗ്രാമത്തിലേക്കുള്ള ചേക്കേറല്‍ അവരെ പാരമ്പര്യ-യാഥാസ്ഥിതിക ഭാഗമായി സംഭവിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നു.നന്ദയ്ക്ക് ജീവിതത്തില്‍ രണ്ടു ലോകങ്ങള്‍ മുന്നില്‍ നിറയുന്നു: സ്വതന്ത്ര ജീവിതവും യാഥാസ്ഥിതിക-പുരുഷാധിപത്യ കുടുംബജീവിതവും.
പുരുഷന്‍ നിര്‍വചിക്കുകയും അതിരിടുകയും ചെയ്യുന്ന സമൂഹത്തിന്‍റെ നിര്‍ബന്ധങ്ങളും കാര്‍ക്കശ്യങ്ങളും അനുസരിച്ച് ജീവിക്കേണ്ടി വരുന്ന സ്ത്രീ, പ്രസവിക്കാനും,കുട്ടികളെ പരിപാലിക്കാനും വീട് നോക്കിനടത്താനുമുള്ള യന്ത്രമാണെന്ന കുടുംബിനിയെപ്പറ്റിയുള്ള സ്റ്റീരിയോ ടൈപ്പ് രീതിശാസ്ത്രത്തിന്‍റെ ശക്തമായൊരു പൊളിച്ചെഴുത്താണ് രേവതി അഭിനയിച്ചതും സംവിധാനം ചെയ്തതുമായ ഇക്കഴിഞ്ഞ ഏതാനും ചിത്രങ്ങളില്‍ കാണുന്നത്.രേവതിയുടെ ആദ്യകാല തമിഴ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയിലെ കഥാപാത്രങ്ങളിലെയെല്ലാം പൊതുവായി ‘സീത’ എന്ന പെണ്‍മാതൃകയേയും കാണാനാകുന്നു.അതേസമയം അവയെല്ലാം കരുത്തും പ്രാധാന്യവുമുള്ള കഥാപാത്രങ്ങളുമാണ്.അതോടൊപ്പം ഏതാനും പരാജയ ചിത്രങ്ങളും കഥാപാത്രങ്ങളും.മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ച രണ്ടു ചിത്രങ്ങളിലും ശക്തമായ കഥാപാത്രമാണ് ലഭിച്ചത്.അവര്‍ സംവിധാനം ചെയ്ത Red Buiding Where the Sunsets ഹിന്ദി ചിത്രമായ മുംബൈ കട്ടിംഗ്,മലയാള ചിത്രമായ മകള്‍(കേരള കഫെയിലെ ഒരു ഭാഗം) തുടങ്ങിയ സംവിധാന സംരംഭങ്ങളിലെല്ലാം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.HIV ബാധിതരെക്കുറിച്ചുള്ള ഒരു മലയാള ചിത്രവും പുതിയ പ്രോജക്റ്റായുണ്ട് എന്നും വ്യക്തമാക്കുന്നു അവര്‍.ഷീല,രോഹിണി,തുടങ്ങിയ മലയാള നടിമാരെല്ലാം ഭാഗ്യം പരീക്ഷിച്ച് പരാജയപ്പെട്ട സംവിധാന രംഗത്താണ്,അത് പുരുഷന്‍റെ മാത്രം തട്ടകമല്ല എന്ന് തെളിയിച്ച് ശക്തമായി അവര്‍ മുന്നേറുന്നത്.അതേസമയം വേണ്ടത്ര പരിഗണന മലയാള ചലച്ചിത്രലോകം നല്‍കിയിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കേണ്ട വസ്തുതതന്നെ.
ആശ്രയിച്ചവ:
1.മൂന്ന് സ്ത്രീപക്ഷ തിരക്കഥകള്‍ -ടി.വി ചന്ദ്രന്‍ (ഫാബിയാന്‍ ബുക്സ് ,2004)
2.സിനിമയും സംസ്കാരവും -കെ.ഗോപിനാഥന്‍ (current books,2005)
3.അവള്‍ സിനിമയെ നോക്കുന്നു -വിനോദ് പായം (ചിന്ത ബുക്സ്)
4.കാണി ഫിലിം സൊസൈറ്റി വാര്‍ഷികപതിപ്പ് -2010
5.ജനപഥം ഫിലിം അവാര്‍ഡ്‌ പതിപ്പ്,ആഗസ്റ്റ്‌,1989
6.മാധ്യമം ആഴ്ചപ്പതിപ്പ്,ജൂണ്‍,24,2013
7.മലയാളം വരിക ,മാര്‍ച്ച്‌,9,2012
8.പച്ചക്കുതിര മാഗസിന്‍,2015 ഫെബ്രുവരി
9.revathy.menon.tripod.com
10.bollyviewer.oldisgold.blogspot.com
11.reddif.com
12.ചിത്രഭൂമി വാരിക- നവംബര്‍10,2017
നവംബര്‍ 17,2011
മാര്‍ച്ച്‌ 1,2012
മാര്‍ച്ച്‌ 6,2012
13.ഗൃഹലക്ഷ്മി മാഗസിന്‍,2012 ഏപ്രില്‍ (രേവതിയുമായുള്ള അഭിമുഖം)
14.രേവതി/വീണ ജോര്‍ജ്ജ് (മുഖാമുഖം,ഇന്ത്യാവിഷന്‍

No Comments

Leave A Comment