മലപ്പുറം: കുറ്റിപ്പുറത്ത് സൈനിക ആയുധശേഖരം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കുക, പ്രതികളെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ. എസ്.പി. ഓഫീസ് മാര്‍ച്ച് നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനംചെയ്തു. ആയുധശേഖരം കണ്ടെത്തിയിട്ടും ദേശീയ ഏജന്‍സികള്‍ അന്വഷിക്കാത്തതിനുപിന്നില്‍ സംഘപരിവാര്‍ ഇടപെടലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, എ.കെ. മജീദ്, സാദിഖ് നടുത്തൊടി, ബാബുമണി കരുവാരക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു. അന്വേഷണം ത്വരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിന് നിവേദനവും നല്‍കി.