HomeNewsJobവി.ഇ.ഒ പരീക്ഷ എഴുതിയത് 2,04,444 പേർ; കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി

വി.ഇ.ഒ പരീക്ഷ എഴുതിയത് 2,04,444 പേർ; കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി

വി.ഇ.ഒ പരീക്ഷ എഴുതിയത് 2,04,444 പേർ; കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി

തിരുവനന്തപുരം: പരീക്ഷാകേന്ദ്രങ്ങളിൽ കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) പരീക്ഷ പി.എസ്.സി നടത്തി. ആദ്യഘട്ടമായി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കർശന സുരക്ഷയിൽ പരീക്ഷ നടത്തിയത്. വാച്ചും പേഴ്സും കുപ്പിവെള്ളവും ക്ലാസ് മുറികളിൽ അനുവദിച്ചില്ല. ഇവയെല്ലാം പ്രത്യേക മുറിയിൽ സൂക്ഷിച്ചു. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രമാണ് ഉദ്യോഗാർത്ഥികളെ മുറികളിൽ പ്രവേശിപ്പിച്ചത്. ഇൻവിജിലേറ്റർക്കു പുറമേ പി.എസ്.സി നിയോഗിച്ച ഉദ്യോഗസ്ഥനും സ്ഥാപനത്തിന്റെ പ്രിൻസിപ്പലും പ്രഥമാദ്ധ്യാപകനും ഉദ്യോഗാർത്ഥികളുടെ തിരിച്ചറിയൽ കാർഡു പരിശോധിച്ചു. എല്ലാ കേന്ദ്രങ്ങളിലും പൊലീസ് കാവലുണ്ടായിരുന്നു. ഉദ്യോഗാർത്ഥികൾക്കൊപ്പം വന്നവർക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇത് കൈക്കുഞ്ഞുങ്ങളുമായി വന്നവരെയും പ്രായമായവരെയും ബുദ്ധിമുട്ടിച്ചു. ഇവർക്ക് പരീക്ഷ തീരുന്നതുവരെ റോഡരികിലും നടപ്പാതയിലും കാത്തുനിൽക്കേണ്ടിവന്നു.
kerala-psc
ഇന്നലെ പരീക്ഷ എഴുതിയത് 2,04,444 പേർ
രണ്ട് ജില്ലകളിലെ 850 സെന്ററുകളിലായി 2,04,444 പേരാണ് ഇന്നലെ പരീക്ഷയെഴുതിയത്. പല ഘട്ടങ്ങളിലായി നടത്തുന്ന വി.ഇ.ഒ പരീക്ഷയ്ക്ക് 14 ജില്ലകളിലായി 12,54,961 അപേക്ഷകരാണുള്ളത്. പരീക്ഷാ തട്ടിപ്പ് വിവാദത്തിനു മുമ്പ് ഒറ്റ ഘട്ടമായാണ് പി.എസ്.സി വി.ഇ.ഒ പരീക്ഷ നടത്തിയിരുന്നത്. രണ്ടരലക്ഷം ഉദ്യോഗാർത്ഥികൾക്കുള്ള സൗകര്യം മാത്രമാണ് ഇപ്പോൾ ഒരു ദിവസം പി.എസ്.സി ഒരുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തിരുവനന്തപുരത്തും കോഴിക്കോട്ടും പരീക്ഷ നടത്തിയത്.
തിരുവനന്തപുരത്ത് 1,24,162 പേരും കോഴിക്കോട്ട് 80,282 പേരുമാണ് പരീക്ഷ എഴുതിയത്. 1,56,610 പേർ തലസ്ഥാനത്ത് അപേക്ഷിച്ചിരുന്നെങ്കിലും പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകാത്തതിനാൽ ബാക്കിയുള്ളവരുടെ അപേക്ഷകൾ പി.എസ്.സി റദ്ദാക്കി. കോഴിക്കോട് 28,883 പേരെയും ഒഴിവാക്കി.
രണ്ടാംഘട്ട പരീക്ഷ 26 ന്
രണ്ടാം ഘട്ട പരീക്ഷ ഒക്ടോബർ 26ന് കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടക്കും. 1,92,409 പേർ പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകിയിട്ടുള്ളത്. (കൊല്ലം-83,904, ഇടുക്കി-43,865, കണ്ണൂർ-64,640) ശേഷിക്കുന്ന ഒമ്പത് ജില്ലകളിൽ നവംബറിലാണ് പരീക്ഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!